ഞെട്ടിച്ച് ഫഹദ്, ഇത് ലോക സിനിമയ്ക്കുള്ള ഉത്തരം; രാവിലും മനോഹരം കുമ്പളങ്ങിയുടെ പകലുകള്‍ ‘കുമ്പളങ്ങി നൈറ്റ്സ്’ കിടിലം

47

ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന കുമ്പളങ്ങി നൈറ്റ്‌സിന് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത് മികച്ച പ്രേക്ഷക പ്രതികരണം.

ലോക സിനിമയ്ക്ക് മലയാള സിനിമ നല്‍കുന്ന ഉത്തരമാണ് ഈ ചിത്രമെന്നും ഫഹദും മറ്റ് താരങ്ങളും തകര്‍ത്തഭിനയിച്ചെന്നും പ്രേക്ഷകര്‍ പങ്കുവെക്കുന്നു. ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും നസ്രിയ നസീമും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ദിലീഷിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന മധു സി നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Advertisements

കുമ്പളങ്ങിയുടെ രാവുകളേക്കാള്‍ മനോഹരം പകലുകളാണ്. കഥകളേറെ പറയാനുള്ള കുമ്പളങ്ങിയുടെ പകലുകളിലേക്ക് കൂടി കൈപിടിച്ചു നടക്കാം മധു സി നാരയണനെന്ന നവാഗത സംവിധായകനൊപ്പം. ആഷിക് അബുവിന്റെ സിനിമാ സ്‌കൂളില്‍ ഏറെക്കാലത്തെ സംവിധാന സഹായത്തിനു ശേഷം കുമ്പളങ്ങിയുടെ അമരക്കാരനാവുകയാണ് മധു സി നാരായണന്‍.

ആദ്യ വരവില്‍ ആ കര്‍ത്തവ്യത്തെ ഭംഗിയായി നിറവേറ്റുന്നുണ്ട് അദ്ദേഹം. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ പ്രതീക്ഷയര്‍പ്പിച്ചെത്തുന്ന പ്രേക്ഷകര്‍ക്ക് തിരക്കഥാകൃത്തിനെയും സംവിധായകനെയും മനസില്‍ പ്രതിഷ്ഠിച്ച് കുമ്പളങ്ങിയില്‍ നിന്ന് ഇറങ്ങി നടക്കാം.

കുമ്പളങ്ങിയുടെ രാവുകള്‍

കുമ്പളങ്ങിയിലെ രാവുകള്‍ക്കും പകലുകള്‍ക്കും പറയാനുള്ളത് പുതിയ കഥകളാണ്. അവരുടെ സൗഹൃദത്തിനും പ്രണയത്തിനും വിരഹത്തിനും കുടുംബ സ്‌നേഹത്തിനുമെല്ലാം പറഞ്ഞു തരാനുള്ളത് പുതിയ മാനങ്ങളെയാണ്. കുമ്പളങ്ങിയിലെ ഒരു തുരുത്തിലെ സൗകര്യങ്ങളൊന്നുമില്ലാത്ത വീട്ടില്‍ കുടുംബത്തിന്റെ മതില്‍ കെട്ടുകളേതുമില്ലാതെ ജീവിക്കുന്ന നാല് സഹോദരന്‍മാരാണ് കുമ്പളങ്ങിയിലെ കേന്ദ്രകഥാപാത്രങ്ങള്‍.

മൂത്തവന്‍ സജി (സൗബിന്‍ ഷാഹിര്‍), പിന്നെ ബോണി (ശ്രീനാഥ് ഭാസി), മൂന്നാമന്‍ ബോബി (ഷെയ്ന്‍ നിഗം), ഇളയവന്‍ ഫ്രാങ്കി (മാത്യൂ തോമസ്). അമ്മയും അച്ഛനുമില്ലാത്ത ഈ കുടുംബത്തില്‍ വല്യേട്ടനോ ഗൃഹനാഥനോ ഇല്ല. അച്ചടക്കമില്ലാത്ത ഇവര്‍ക്കിടയില്‍ കുറച്ചെങ്കിലും ഉത്തരവാദിത്വമുള്ളത് ഇളയവനാണ്.

സഹോദരന്‍മാര്‍ക്കൊപ്പം സന്തോഷമായി ജീവിക്കാന്‍ അവന് മാത്രമാണ് ആഗ്രഹം. തീര്‍ത്തും വ്യത്യസ്തരായ നാല് പേരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന വ്യത്യസ്ത മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിന്റെ ആദ്യ പകുതി. ബോബിയുടെ പ്രണയിനി ബേബിയിലൂടെ (അന്ന ബെന്‍ ) അവളുടെ കുടുംബത്തിലേക്ക് കൂടി നീളുന്ന കഥയില്‍ സുപ്രധാന കഥാപാത്രമായി ഷമ്മി (ഫഹദ് ഫാസില്‍) എത്തുന്നു. ദുരൂഹതയും ഭയവും മാത്രം നല്‍കുന്ന ഷമ്മിയിലൂടെ കുമ്പളങ്ങിയിലെ നിര്‍ണായക രാത്രിയെത്തും. ശേഷം കണ്ടു തന്നെ അറിയണം.

കൂടുമ്പോള്‍ ഇമ്പമുള്ളതെന്തും കുടുംബമാണെന്നും അതിന് നാലു ചുവരിന്റെയോ ബന്ധങ്ങളുടെയോ കെട്ടുപാടുകള്‍ ആവശ്യമില്ലെന്നുമാണ് കുമ്ബളങ്ങി നൈറ്റ്‌സ് പറയുന്നത്. കഥാപാത്രങ്ങളെ ഓരോന്നിനെയും കൃത്യമായി നെയ്തെടുത്ത് പരിചയപ്പെടുത്താന്‍ പതിവുപോലെ ശ്യാം പുഷ്‌കരന്റെ തിരക്കഥയ്ക്ക് സാധിച്ചു.

ചിരിയും ചിന്തകളും ഊടുംപാവുമാകുന്ന തിരക്കഥയ്ക്കുമേല്‍ കരുത്തോടെ സിനിമയെ വാര്‍ത്തെടുക്കുന്നതില്‍ മധു സി.നാരായണനും വിജയിച്ചു. സ്‌നേഹം കൊണ്ട് മതില്‍ക്കെട്ടുകള്‍ തകര്‍ക്കുന്ന കുടുംബത്തിന് അഭിമുഖമായി ആണധികാരത്തിനുമേല്‍ കെട്ടിപ്പൊക്കിയ കുടുംബ സങ്കല്പങ്ങളെ അപ്പാടെ നിലംപരിശാക്കാനും കുമ്പളങ്ങിക്ക് കഴിയുന്നു.

സുഷിന്‍ ശ്യാമിന്റെ സംഗീതവും ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും കുമ്ബളങ്ങിയുടെ രാവും പകലും ഒരുപോലെ മനോഹരമാക്കുന്നു.

കഥാപാത്രസൃഷ്ടിയില്‍ ആദ്യന്തം സസ്‌പെന്‍സ് കാത്തു സൂക്ഷിക്കുന്ന ഷമ്മിയെ അസാധാരണമായ കൈയടക്കത്തോടെ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നു. ഫഹദെന്ന നടന്റെ റേഞ്ച് ഒരിക്കല്‍ കൂടി കൃത്യമായി കാട്ടിത്തരാന്‍ കുമ്ബളങ്ങിക്ക് കഴിയുന്നു.

ഷെയ്ന്‍ നിഗവും ശ്രീനാഥ് ഭാസിയും സൗബിന്‍ ഷാഹിറുമെല്ലാം തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ടും മികച്ച പ്രകടനം കൊണ്ടും ചിത്രത്തെ മനോഹരമാക്കുന്നു. പുതുമുഖങ്ങളായ അന്ന ബെന്നിനും മാത്യുവിനും മലയാളത്തില്‍ സ്വന്തം ഇടം ഉറപ്പിക്കാം.

Advertisement