മലയാളം സിനിമാ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് അനൂപ് മേനോന്‍. വിനയന്റെ കാട്ടുചെമ്പകം എന്ന സിനിമയിലൂടെ ആണ് അനൂപ് മേനോന്‍ സിനിമയില്‍ എത്തുന്നത്. നടന്‍ എന്നതില്‍ ഉപരി തിരക്കഥാകൃത്ത്, സംവിധായകന്‍, ഗാനരചയിതാവ് എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലകളില്‍ ഇതിനോടകം തന്നെ അനൂപ് മേനോന്‍ പ്രതിഭ തെളിയിച്ചു കഴിഞ്ഞു.
നിരവധി ഹിറ്റ് സീരിയലുകളില്‍ പ്രധാന കഥാപാത്രമായി എത്തിയ അനൂപ് മേനോന്‍ അക്കാലത്ത് മിനിസ്‌ക്രീ നിലെ തിളങ്ങുന്ന താരമായിരുന്നു. പിന്നീട് സിനിമയില്‍ സജീവമായ അനൂപ് മേനോന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ അഭിനേതാവായി മാറുകയായിരുന്നു. അനൂപ് മേനോന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പദ്മ. സുരഭി ലക്ഷ്മിയും അനൂപ് മേനോനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. തീയറ്റര്‍ റിലീസായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
അനൂപ് മേനോന്റെ സ്വകാര്യജീവിതത്തെ കുറിച്ച് അധികപേര്‍ക്കും അറിയില്ല. അടുത്ത സുഹൃത്തായ ക്ഷേമ അലക്സാണ്ടറിനെയാണ് അനൂപ് മേനോന്‍ വിവാഹം ചെയ്തത്. ഒരു സുഹൃത്തിനെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നു മാത്രമേ അനൂപ് മോനോന്‍ ആദ്യം പറഞ്ഞിരുന്നുള്ളൂ. പിന്നീടാണ് ക്ഷേമയെ കുറിച്ചുള്ള വിവരങ്ങള്‍ ആരാധകരെ തേടിയെത്തിയത്.
ഇപ്പോഴിതാ ഭാര്യ ക്ഷേമയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് അനൂപ് മേനോന്‍. ക്ഷേമയ്ക്കൊപ്പമുള്ള സെല്‍ഫി ചിത്രം പങ്കുവെച്ചാണ് അനൂപ് മേനോന്‍ ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഇത്ര നാളും തന്റെ മണ്ടത്തരങ്ങളും ഭ്രാന്തും സഹിച്ചതിനും ആമിയെപ്പോലൊരു മകളെ സമ്മാനിച്ചതിനും ഭാര്യയോട് ഒരുപാട് നന്ദിയുണ്ടെന്ന് ഫേസ്ബുക്കിലൂടെ അനൂപ് മേനോന്‍ കുറിക്കുന്നു. 2014 ഡിസംബര്‍ 27-നാണ് അനൂപ് മേനോനും ക്ഷേമ അലക്സാണ്ടറും വിവാഹിതരായത്. ഇരുവരും എട്ടാം വിവാഹവാര്‍ഷികമാണ് ആഘോഷിച്ചത്.
അനൂപ് മേനോന്റെ കുറിപ്പ്:
ഊഷ്മളമായ വാര്‍ഷിക ആശംസകള്‍ക്ക് എല്ലാവര്‍ക്കും നന്ദി.. എന്റെ മഹത്തായ മണ്ടത്തരങ്ങളും ക്ഷമാപണമില്ലാത്ത ഭ്രാന്തും സഹിച്ചതിന്, ആമിയെപ്പോലുള്ള ഒരു മകളെ എനിക്ക് സമ്മാനിച്ചതിന്, എന്റെ മാതാപിതാക്കള്‍ക്ക് നീയെന്ന വ്യക്തിയായതിന്, എന്റെ ഏറ്റവും സാഹസിക സഹയാത്രികനായിരുന്നതിന് നന്ദി പ്രിയേ. നീയെന്ന സുന്ദരമായ മനസ്സാകാന്‍ വേണ്ടി ഞങ്ങള്‍ പുറപ്പെടുന്ന എണ്ണമറ്റ യാത്രകള്‍.. ഏറ്റവും പ്രധാനമായി എന്നെ ഞാന്‍ ആകാന്‍ അനുവദിച്ചതിന്….. സ്‌നേഹം.
ഈ വര്‍ഷം അനൂപ് മേനോന്റെ മൂന്നു ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നു. പത്മ, വരാല്‍, കിംഗ് ഫിഷ് തുടങ്ങിയ ചിത്രങ്ങളാണത്. ഇതില്‍ പത്മ, കിംഗ് ഫിഷ് സിനിമകളുടെ സംവിധായകനും അനൂപ് മേനോന്‍ തന്നെയായിരുന്നു. സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ സൂക്ഷിക്കുന്ന അനൂപ് മേനോന്‍ പ്രമുഖ നടി ശ്വേത മോനോന്റെ കസിനാണെന്നത് പോലും ഏറെ വൈകിയാണ് സിനിമാപ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്.
കോഴിക്കോട് ജനിച്ചുവളര്‍ന്ന അനൂപ് മേനോന്‍ പഠിച്ചത് തിരുവന്തപുരത്ത് ആയിരുന്നു. നിയമ ബിരുദധാരിയായ താരത്തിന് കേരള യൂണിവേഴ്‌സിറ്റിയിലെ ഫസ്റ്റ് റാങ്ക് ഹോള്‍ഡര്‍ എന്ന നേട്ടവും സ്വന്തമാക്കാനായി. പിന്നീട്, കൈരളി ടിവിയിലും സൂര്യ ടിവിയിലും അവതാരകനായും താരമെത്തി. പിന്നീട് സീരിയലിലേക്കും അതിനു ശേഷം, സിനിമയിലേക്കും എത്തുിയ അനൂപ് മേനോന്‍ ഇപ്പോള്‍ നിര്‍മ്മാണത്തിലേക്കും കടന്നിരിക്കുകയാണ്.
2002 ല്‍ കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, പല വേഷങ്ങളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചു. നടനായും സഹനടനായും സ്വഭാവ നടനായും ഒക്കെ മലയാള സിനിമയില്‍ തിളങ്ങി. അനൂപ് നായകനായി എത്തിയ 21 ഗ്രാമ്‌സ് എന്ന സിനിമ ജനപ്രീതി നേടിയിരുന്നു.