തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യക്ക് പിന്നാലെ ഒരിടവേളക്ക് ശേഷം വീണ്ടും സ്ത്രീധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ് സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ. നിരവധി പേരാണ് പ്രതികരിച്ച് രംഗത്തെത്തുന്നത്.
ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി കൃഷ്ണപ്രഭ. വിസ്മയ, ഷഹ്ന എന്നിങ്ങെനെ പേരുകള്‍ മാറി മാറി വരുന്നതല്ലാതെ സമൂഹത്തിന് ഒരു തരത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നില്ലെന്നും അടുത്ത മാസം 2024 ആവുകയാണെന്നും കൃഷ്ണപ്രഭ പറയുന്നു.
ഈ കാലമായിട്ടും ഇപ്പോഴും പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥിതി ഉണ്ടാവുകയാണ്.. അക്കാര്യം ഏറെ വേദനാജനകമാണെന്നും സ്ത്രീധനം വേണമെന്ന് പറഞ്ഞ് വരുന്ന ചെറുക്കനോടും വീട്ടുകാരോടും പോയി പണിയെടുത്ത് ജീവിക്കൂ എന്ന് പെണ്‍കുട്ടികള്‍ പറയണമെന്നും കൃഷ്ണ പ്രഭ പറയുന്നു.
എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള മരണവാര്‍ത്തകള്‍ ഇടക്കിടെ വരുന്നതെന്ന് താന്‍ ചിന്തിച്ചിട്ടുണ്ട്. അതിന് കാരണക്കാര്‍ നമ്മള് തന്നെയാണെന്നും പെണ്മക്കളുടെ വിവാഹത്തിന് സ്ത്രീധനം കൊടുക്കാന്‍ തയ്യാറാവുന്ന മാതാപിതാക്കളും അത് വാങ്ങാന്‍ റെഡിയായി നില്ക്കുന്ന വരനും കുടുംബവും ഉള്ളിടത്തോളം കാലം പേരുകള്‍ മാറി മാറി വരുമെന്നും കൃഷ്ണപ്രഭ പറയുന്നു.
വിവാഹശേഷം വരനും കുടുംബവും സ്ത്രീധനത്തിന്റെ പേരില്‍ പ്രശ്നങ്ങളുണ്ടാക്കിയാല്‍ ആ ബന്ധം വേര്‍പിരിഞ്ഞ് അന്തസ്സായി ജോലി ചെയ്ത് ജീവിക്കണം. എന്തിനാണ് ഇവറ്റകള്‍ക്ക് വേണ്ടി സ്വന്തം ജീവിതം കളയുന്നതെന്നും കൃഷ്ണപ്രഭ പറയുന്നു.