മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടൻ ആണ് കൃഷ്ണ കുമാർ. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവർത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.
സോഷ്യൽ മീഡിയകളിലൂടെയാണ് ഈ താര കുടുംബം ഏറ്റവും കൂടൂതൽ വൈറലായിരിക്കുന്നത്. നടനും ഭാര്യയും നാല് പെൺമക്കളും ഇൻസ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നിൽക്കുക ആണ്. ഇടക്കാലത്ത് കൃഷ്ണ കുമാറിന്റെ മക്കൾക്ക് എതിരെ അധിക്ഷേപങ്ങളും ഉയർന്നിരുന്നു. കൃഷ്ണ കുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ പോലും മക്കൾ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു
കൃഷ്ണകുമാറും അഹാനയും ഈ കുടുംബത്തിലെ മറ്റുള്ളവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും യൂട്യൂബിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ്.
ഇപ്പോഴിതാ അഹമ്മദാബാദിലെത്തി പ്രമുഖ വ്യവസായി ഗൗതം അദാനിയേയും ഭാര്യ പ്രീതി അദാനിയേയും കണ്ടതിന്റെ വിശേഷങ്ങളാണ് കൃഷ്ണകുമാറും ഭാര്യ സിന്ധുവും സോഷ്യൽമീഡിയയിൽ പങ്കിട്ടിരിക്കുന്നത്.
അദാനിയെയും ഭാര്യയെയും കാണാനും ഉച്ചഭക്ഷണം കഴിക്കാനും അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കാണുന്നുവെന്ന് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു. ഒപ്പം അവർക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചു.
അതേസമയം, തിരുവനന്തപുരത്തെ രാഷ്ട്രീയക്കാരനെന്ന നിലയിൽ വിഴിഞ്ഞത്ത് വരുന്ന പദ്ധതികളെ കുറിച്ചും അദാനി സമ്മാനിക്കുന്ന വികസനത്തെ കുറിച്ചുമൊക്കെയാണ് കൃഷ്ണകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ചത്. മക്കളുടെ പുതിയ സന്നദ്ധ സംഘടനയായ അഹാദിഷിക ഫൗണ്ടേഷനെ കുറിച്ച് സംസാരിച്ചെന്നും കൃഷ്ണ കുമാർ പറയുന്നുണ്ട്.
അഹമ്മദാബാദ് തങ്ങൾക്ക് സന്തോഷകരമായ ഓർമ്മകൾ സമ്മാനിച്ചതായാണ് സിന്ധു പറയുന്നത്. പ്രീതി അദാനിയ്ക്ക് സമ്മാനങ്ങൾ നൽകുന്ന ചിത്രങ്ങളും പ്രീതി സിന്ധുവിന് സമ്മാനം നൽകുന്നതുമെല്ലാം ഫോട്ടോയിലുണ്ട്.
കേരള സാരിയാണ് സിന്ധു പ്രീതിക്ക് സമ്മാനിച്ചിരിക്കുന്നത്. അതേസമയം, കൂടിക്കാഴ്ച ബിസിനസ് സംബന്ധമായതാണോ അല്ലെങ്കിൽ വ്യക്തിഗതമാണോ എന്ന് വ്യക്തമല്ല.