തമിഴ് സിനിമയിലെ സ്ത്രീ ഹാസ്യ താരങ്ങളുടെ പേരെടുത്താൽ അതിൽ മുൻപന്തിയിലാണ് കോവൈ സരളയുടെ പേര്. മലയാളിയാണെങ്കിലും തമിഴ് സിനിമകളാലാണ് താരം കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. സതി ലീലാവതി എന്ന ചിത്രത്തിൽ കമലഹാസന്റെ നായികയായി എത്തിയത് കോവൈ സരളയായിരുന്നു. 750 ലധികം ചിത്രങ്ങളിലാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്.
ഇപ്പോഴിതാ തന്റെ അമ്പത്തിയെട്ടാം വയസ്സിലും വിവാഹിതയാവാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു സിനിമാകഥ പോലെയാണ് കോവൈ സരളയുടെ ജീവിതമെന്ന് പറയാം. തൃശ്ശൂർ ജില്ലക്കാരിയാണ് സരളയെങ്കിലും വളരെ ചെറുപ്പത്തിൽ തന്നെ കോയമ്പത്തൂരിലേക്ക് താമസം മാറി. സരള ഉൾപ്പെടെ അഞ്ച് പെൺകുട്ടികളാണ് കുടുംബത്തിലുള്ളത്.
മൂത്തത് സരളയാണ്. താഴെയുള്ള നാല് സഹോദരിമാരുടെയും ഉത്തരവാദിത്വം കോവൈ സരളയ്ക്കായിരുന്നു. അവരുടെ വിവാഹം വരെയുള്ള കാര്യങ്ങൾ ഭംഗിയായി നടത്തിയ ശേഷം ഇപ്പോഴും അവരെ സഹായിച്ചു കൊണ്ടിരിയ്ക്കുകയാണ് കോവൈ സരള.
സഹോദരിമാരെ മാത്രമല്ല, പഠിക്കാനും ജീവിയ്ക്കാനും കഷ്ടപ്പെടുന്ന കുട്ടികളടക്കം പലർക്കും കോവൈ സരള ഇന്ന് ആശ്വാസമാണ്. ഈ ജീവിതം ഇനി ഇങ്ങനെ പോകട്ടെ എന്നാണ് കോവൈ സരളയുടെ തീരുമാനം. ഇനി ഈ ജീവിതത്തിൽ വിവാഹം ഉണ്ടാവില്ല എന്ന് നടി വ്യക്തമാക്കി കഴിഞ്ഞു. മറ്റുള്ളവർക്ക് വേണ്ടി ജീവിയ്ക്കുന്നതിൽ സന്തോഷമുണ്ടെന്ന് താൻ തിരിച്ചറിഞ്ഞു എന്നാണ് കോവൈ സരള പറയുന്നത്.
വയസ്സ് ഇത്ര ആയെങ്കിലും ഇന്നും സിനിമകളിൽ സജീവമാണ് താരം. ഇടക്ക് ചില മലയാള സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. തെലുങ്കിലും കന്നടയിലും തന്റെ അഭിനയ മികവ് കാഴ്ച വയ്ക്കാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്. കൈ നിറയെചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.