ഒടിവിദ്യയില്‍ മലയാളക്കരയെ വീഴ്ത്തി കൊണ്ടോരാം…കൊണ്ടോരാം, രണ്ടു മില്യണ്‍ കാഴ്ച്ചക്കാരുമായി ഒടിയനിലെ ഗാനം ട്രെന്‍ഡിങ്ങില്‍ മുന്നില്‍

26

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലും പരസ്യ സംവിധായകന്‍ വികെ ശ്രീകുമാര്‍ മേനോനും ഒന്നിക്കുന്ന ചിത്രം ഒടിയനിലെ കൊണ്ടോരാം എന്ന് തുടങ്ങുന്ന ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത് വമ്പന്‍ സ്വീകാര്യത. ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി നാലു നാള്‍ പിന്നിടുമ്പോള്‍ 20 ലക്ഷത്തിലധികം കാഴ്ച്ചക്കാരാണ് ഈ ഗാനത്തിന്. 18-ാം തിയതി പുറത്തിറങ്ങിയ ഗാനം ഇപ്പോഴും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത് തന്നെയാണ്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എം ജയ ചന്ദ്രനാണ്. ആലപിച്ചിരിക്കുന്നത് സുധീപ് ചന്ദ്രനും ശ്രേയ ഘോഷാലുമാണ്.

Advertisements

പാട്ടിന് ലഭിച്ച വലിയ സ്വീകാര്യതയില്‍ നന്ദി അറിയിച്ച് ശ്രേയ ഘോഷാല്‍ എത്തി. ഈ ഗാനം സോഷ്യല്‍ മീഡിയയിലൂടെ ആലപിച്ചു കൊണ്ടാണ് ശ്രേയ ഘോഷാല്‍ പ്രേക്ഷകര്‍ക്ക് നന്ദിയുമായി രംഗത്ത് വന്നത്. ഇത്ര മനോഹരമായ ഒരു ഗാനം തനിക്ക് നല്‍കിയ എം ജയചന്ദ്രന് നന്ദി പറഞ്ഞ ശ്രേയ ഈ പാട്ടിന്റെ ദൃശ്യങ്ങള്‍ കാണാനും അതുപോലെ ഒടിയന്‍ എന്ന ചിത്രം കാണാനും കാത്തിരിക്കുകയാണ് എന്നും പറഞ്ഞു. ആദ്യമായാണ് മലയാള സിനിമയിലെ ഒരു പാട്ടിന്റെ ലിറിക് വീഡിയോ ഇത്രയധികം കാഴ്ചക്കാരെ യൂട്യൂബില്‍ നിന്ന് നേടുന്നത്.

30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രം ചരിത്രത്തിലെ എക്കാലത്തെയും വലിയ റിലീസിംഗിനാണ് ഒരുങ്ങുന്നത്. ചിത്രം ഇറങ്ങാന്‍ ഒരു മാസം കൂടി ശേഷിക്കെ ഒരു റെക്കോഡ് കൂടി ഇനി ഒടിയന്റെ പേരിലേക്ക്. ഏറ്റവും കൂടുതല്‍ ഫാന്‍സ് ഷോസ് എന്ന റെക്കോഡിലേക്കാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് കുറിക്കപ്പെടാന്‍ പോകുന്നത്. ഒടിയന്‍ 320 ഫാന്‍സ് ഷോകളാണ് ഇതിനോടകം ഉറപ്പിച്ചിരിക്കുന്നത്. 278 ഫാന്‍സ് ഷോകള്‍ കേരളത്തില്‍ കളിച്ച ദളപതി വിജയ്യുടെ സര്‍ക്കാര്‍ എന്ന ചിത്രത്തിന്റെ റെക്കോഡ് ആണ് ഇതോടെ പഴങ്കഥയാകാന്‍ പോകുന്നത്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്‌നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ചിത്രം ഡിസംബര്‍ 14 ന് തിയേറ്ററുകളിലെത്തും.

Advertisement