മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് കൊല്ലം തുളസി. കിടിലന്‍ വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങിയ നടനാണ് അദ്ദേഹം. നാടകത്തിലൂടെ തുടങ്ങി പിന്നീട് സിനിമയിലും സീരിയലുകളിലുമൊക്കെ തിളങ്ങി നിന്ന നടന്‍ . അഭിനയത്തിനു പുറമേ കവിതയെഴുത്തിലും തത്പരനായ ഇദ്ദേഹത്തിന്റെ ഏതാനും കവിതകളുടെ സംഗീതാവിഷ്‌കാരം ഒരു പരാജിതന്റെ മോഹങ്ങള്‍ എന്ന പേരില്‍ പുറത്തിറക്കിയിട്ടുണ്ട്.
ഇദ്ദേഹം, 200ലധികം സിനിമകള്‍, 300ല്‍ കൂടുതല്‍ റേഡിയോ നാടകങ്ങള്‍, 200ലധികം ടെലി-സീരിയലുകള്‍ എന്നിവയില്‍ പങ്കാളിയായി. 2006ല്‍ ജോഷിയുടെ ലേലം എന്ന ചിത്രത്തില്‍ മികച്ച രണ്ടാമത്തെ നടനുള്ള കേരള ക്രിട്ടിക്‌സ് അവാര്‍ഡ് സ്വന്തമാക്കിയിരുന്നു.
ഇതിനിടെ, തന്റെ വിവാഹ ജീവിതത്തെ കുറിച്ച് സംസാരിച്ച് എത്തിയിരിക്കുകയാണ്. തനിയ്ക്ക് അര്‍ബുദ രോഗം ബാധിച്ചതിനെ കുറിച്ചും അതിജീവിച്ചതിനെക്കുറിച്ച് കൊല്ലം തുളസി തുറന്നുപറഞ്ഞിരുന്നു. ചാനല്‍ പരിപാടിക്കിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്. ബന്ധുക്കളോ സുഹൃത്തുക്കളോ ഒന്നും കൂടെയില്ലാതെ മാനസികമായി ബുദ്ധിമുട്ടിയിരുന്ന സമയമായിരുന്നു അതെന്നും താരം പറഞ്ഞിരുന്നു.
അസുഖമാണെന്നറിഞ്ഞ സമയത്തായിരുന്നു ഭാര്യ ഇറങ്ങിപ്പോയത്. ദാമ്പത്യജീവിതത്തില്‍ തുടക്കം മുതലേ പ്രശ്‌നങ്ങളുണ്ടായിരുന്നു. താന്‍ അഭിനയിക്കുന്നതിനോടൊന്നും ഭാര്യയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്നും കൊല്ലം തുളസി തുറന്നുപറഞ്ഞിരുന്നു. അതേസമയം, ഇപ്പോഴിതാ താരം മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ സഹായമനസ്‌കതയെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കൊല്ലം തുളസി.
മലയാള സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഏറ്റവും വലിയ താരങ്ങളാണ്. ഏറ്റവും കൂടുതല്‍ തുക പ്രതിഫലം വാങ്ങുന്നവരാണ്. അവരൊക്കെ ഒരുപാട് ചാരിറ്റി ചെയ്യുന്നുണ്ടെന്നും, ഒരുപാട് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്നത് തനിക്ക് നേരിട്ടറിയാമെന്നും അദ്ദേഹം പറയുകയാണ്.
ചാരിറ്റിക്കായി മമ്മൂട്ടിയൊക്കെ ലക്ഷങ്ങള്‍ വാരി എറിയുന്ന ആളാണ്. അങ്ങനെയാണ് അദ്ദേഹം കൊറോണ സമയത്ത് ഒക്കെ ആവശ്യക്കാരെ എല്ലാം സഹായിച്ചിട്ടുണ്ട്. എന്നാല്‍ താരം സുരേഷ് ഗോപി ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണെന്നും തുറന്നടിക്കുകയാണ്.
തന്റെ വരുമാനത്തിന്റെ പകുതിയും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവാക്കുന്ന ആളാണ് സുരേഷ് ഗോപിയെന്നും ആവശ്യം അറിഞ്ഞ് അവിടെ ചെന്ന് സഹായിക്കാന്‍ മനസുള്ള ആളാണെന്നും കൊല്ലം തുളസി പറയുന്നു.
പക്ഷെ സുരേഷ് ഗോപിയുടെ കുഴപ്പം, അദ്ദേഹം ചെയ്യുന്നത് പത്ത് പേര്‍ അറിയണം എന്ന് അദ്ദേഹത്തിനുണ്ട് എന്നതാണ്. അത് നല്ലതാണെന്നും ഞാന്‍ കരുതുന്നു. അങ്ങനെയുള്ള സിനിമാക്കാര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവാന്‍ അത് പറയുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ലെന്നാണ് കൊല്ലം തുളസിയുടെ വാക്കുകള്‍.
ഇതൊക്കെ പബ്ലിസിറ്റിക്ക് ആണെന്ന് ചില കുബുദ്ധികള്‍ പറയുമെങ്കിലും മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ അത് വേണം. അത് നല്ലതാണ്. ദിലീപ് പലതും ചെയ്യാറുണ്ട്. ഒന്നും പറയില്ല. ജയറാമും ഉണ്ടെന്നാണ് അറിവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
നടന്‍ സുരേഷ് ഗോപി ചെയ്യുന്നത് അറിയിച്ചു കൊണ്ടാകുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് പ്രേരണയാണ്. അറിയിച്ചു ചെയ്യുന്നത് തെറ്റാണെന്ന് പറയുന്നതിനോട് യോജിപ്പില്ല. വെള്ളപ്പൊക്ക സമയത്ത് ടോവിനോയോക്കെ ഇറങ്ങി സഹായിച്ചത് ഒക്കെ വലിയ കാര്യമാണെന്നാണ് കൊല്ലം തുളസി പറയുന്നത്.