സഹതാരമായും വില്ലനായും സിനിമയിൽ ഒരുകാലത്ത് തിളങ്ങിയ താരമാണ് കൊല്ലം തുളസി. നിരവധി സിനിമകളിൽ നിർണായകമായ വേഷത്തിലെത്തിയ താരം 90കളിൽ കത്തി നിൽക്കുകയായിരുന്നു. എന്നാൽ പിന്നീട് പതിയെ സിനിമകളും അവസരങ്ങളും കുറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തോടെ തനിക്ക് അവസരങ്ങളൊന്നും വരുന്നില്ലെന്ന് കൊല്ലം തുളസി തന്നെ തുറന്നുപറഞ്ഞിരുന്നു.
അതേസമയം, ഇപ്പോഴിതാ തന്റെ രാഷ്ട്രീയ പാർട്ടിക്ക് എതിരെ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. കേരളത്തിൽ ബിജെപി ക്ലച്ച് പിടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ക്ലച്ച് പിടിക്കണമെങ്കിൽ സ്വന്തം കീശവീർപ്പിക്കൽ മാത്രം ലക്ഷ്യമായിക്കാണുന്ന നേതാക്കളെ തുടച്ചുനീക്കണമെന്നും കൊല്ലം തുളസി പ്രതികരിച്ചു.
കേരളത്തിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമെന്നും അതിന് ബിജെപി പിന്തുണയുണ്ടാകുമെന്നും ദി പ്രൈം വിറ്റ്നസ് എന്ന യുട്യൂബ് ചാനലിനോട് കൊല്ലം തുളസി പ്രതികരിച്ചു. പക്ഷെ ആ അഞ്ച് വർഷംകൊണ്ട് ഇടതുപക്ഷം തമ്മിലടിച്ച് നശിക്കും. കോൺഗ്രസും നശിക്കും. ഇതിന്റെ രണ്ടിനും ഇടയിലൂടെ ബിജെപി ഇവിടെ അധികാരത്തിൽ വരും. അതാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് ബിജെപി വിശ്വാസമുള്ളൊരു പാർട്ടിയായിരുന്നു. നരേന്ദ്ര മോഡിയുടെ കൈകളിൽ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. അദ്ദേഹം മാത്രമേ ഇപ്പോൾ നാഥനായിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
”ഇനി ഇവിടെ ബിജെപി ക്ലച്ച് പിടിക്കണമെങ്കിൽ സ്വന്തം പോക്കറ്റ് വർധിപ്പിക്കണമെന്ന ആഗ്രഹം മാത്രമുള്ള കുറേ നേതാക്കളെ പാടെ തുടച്ചുമാറ്റണം. എന്നിട്ട് എന്നെ പോലുള്ളവരെ പ്രായം കണക്കിലെടുക്കാതെ നേതൃനിരയിലേക്ക് തിരിച്ച് കൊണ്ടുവരണം. അങ്ങനെയങ്കിൽ അടുത്ത തവണയെങ്കിലും ഇവിടെ ക്ലച്ച് പിടിക്കും”- കൊല്ലം തുളസി പറഞ്ഞു.
വളരെ ചെറിയ കാലം മാത്രമേ ബിജെപിക്കൊപ്പം ഉണ്ടായിരുന്നുള്ളൂ. 14 നിയമസഭാ മണ്ഡലങ്ങളിലും നാല് പാർലമെന്റ് മണ്ഡലങ്ങളിലും ഓടിനടന്ന് പ്രചാരണം നടത്തിയിട്ടുണ്ട്. ബിജെപിക്ക് വേണ്ടി കവലകൾ തോറും പ്രസംഗിച്ച് ക്ഷീണിച്ച് അവശനായി ആശുപത്രിയിൽ അഡ്മിറ്റായ ആളാണ് ഞാൻ. ആ തന്നോട് ചുരുക്കം ചില ആളുകളല്ലാതെ ആരും ഒരു നന്ദിവാക്ക് പോലും പറഞ്ഞിട്ടില്ലെന്നും കൊല്ലം തുളസി പറഞ്ഞു.
ചെറിയൊരു നാക്കുപിഴവിന്റെ പേരിൽ എന്നെ നിഷ്‌കരുണം ഒറ്റപ്പെടുത്തി. അതുതന്നെ ദുഃഖിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തു. ഇത് കേരളത്തിലെ നേതാക്കളുടെ പൊതുവിലുള്ളൊരു സ്വഭാവമാണെന്നുംആരെങ്കിലും വളർന്നുവരികയാണെങ്കിൽ അവരെ തളർത്തുന്ന സമീപനമാണ് കേരളത്തിലെ നേതാക്കൾക്കുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.