മലയാള സിനിമാപ്രേമികൾക്ക് ഏറെ സുപരിചിതനായ നടനാണ് കൊല്ലം തുളസി. സഹതാരമായും വില്ലനായും സിനിമയിൽ ഒരുകാലത്ത് തിളങ്ങിയ താരമാണ് കൊല്ലം തുളസി.
നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സിനിമയിലേക്കും സീരിയലിലേക്കും ചുവടുവെക്കുകയായിരുന്നു. നിരവധി സിനിമകളിൽ നിർണായകമായ വേഷത്തിലെത്തിയ താരം 90കളിൽ കത്തി നിൽക്കുകയായിരുന്നു.
എന്നാൽ പിന്നീട് പതിയെ സിനിമകളും അവസരങ്ങളും കുറഞ്ഞു. തുളസിയെ സിനിമയിൽ കാണാതെ വരെയായി. രാഷ്ട്രീയ പ്രവേശനത്തോടെ തനിക്ക് അവസരങ്ങളൊന്നും വരുന്നില്ലെന്ന് കൊല്ലം തുളസി തന്നെ തുറന്നുപറഞ്ഞിരുന്നു.രാഷ്ട്രീയത്തിൽ സജീവമായിരുന്ന സമയത്തും തുളസിയുടെ ചില പ്രസ്താവനകളൊക്കെ വിവാദമായി മാറിയിരുന്നു.
ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനേയും കുറിച്ച് കൊല്ലം തുളസി പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയമാകുന്നത്. മമ്മൂട്ടി പ്രതിഭാ സമ്പന്നനായ നടനാണ്. ഒരുപാട് നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്. ആലങ്കാരികമായി പറഞ്ഞാൽ അദ്ദേഹം വെയിറ്റ് കാണിക്കുന്ന നടനാണെന്നാണ് തുളസി പറയുന്നത്.
അദ്ദേഹം വെയിറ്റ് കാണിക്കുന്നതാണ്. പക്ഷെ അത്രയൊന്നുമില്ല സത്യത്തിൽ. അദ്ദേഹം ആള് വളരെ സിംപിളാണ്. പക്ഷെ അത്യാവശ്യം തലക്കനവും വെയിറ്റുമൊക്കെ കാണിക്കും. അത് അദ്ദേഹത്തിന്റെ രീതിയാണെന്നും കൊല്ലം തുളസി പറയുകയാണ്.
മമ്മൂട്ടിയോട് ഒരു ഗുഡ് മോണിംഗ് പറഞ്ഞാൽ തിരിച്ച് പറയാനൊക്കെ വലിയ പാടാണ്. എനിക്ക് അനുഭവമുണ്ടായിട്ടുണ്ട്, ഞാൻ തിരിച്ച് മറുപടി കൊടുത്തിട്ടുമുണ്ടെന്നും കൊല്ലം തുളസി പറയുന്നു. അത് അദ്ദേഹത്തിന്റെ രീതിയാണ്. മോഹൻലാൽ കുറേക്കൂടി ഫ്ളെക്സിബിളാണെന്നും കൊല്ലം തുളസി പ്രശംസിച്ചു.
അദ്ദേഹം ചിരിച്ചു കൊണ്ടാണ് സംസാരിക്കുക. നമ്മൾ കരുതുക നമ്മളെ സുഖിപ്പിക്കുകയാണ്. ആ തോന്നിപ്പിക്കലാണ് അദ്ദേഹത്തിന്റെ കഴിവ്, മമ്മൂട്ടിയ്ക്ക് ആ ഒരു കഴിവില്ലെന്നും കൊല്ലം തുളസി പറയുന്നു.