ബ്ലസ്സിയുടെ ആദ്യ സിനിമയും മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റുമായ കാഴ്ച’യിലെ കൊച്ചുണ്ടാപ്രിയെ ഓര്‍ക്കാത്ത സിനിമാപ്രേമികള്‍ ഉണ്ടാവില്ല. എങ്ങു നിന്നോ വന്ന്, മാധവന്റെയും കുടുംബത്തിന്റെയും സ്‌നേഹം ഏറ്റുവാങ്ങി, എങ്ങോ കൈവിട്ടു പോയവന്‍.
മകനെപ്പോലെ അവനെ സ്‌നേഹിച്ച്, മകനായിത്തന്നെ വളര്‍ത്താന്‍ മാധവന്‍ ആഗ്രഹിച്ചിരുന്നു എങ്കിലും നിയമതടസ്സങ്ങള്‍ കാരണം അവനെ വന്നയിടത്തേക്ക് തന്നെ തിരിച്ചയയ്‌ക്കേണ്ടി വരുന്നു. ആ വേര്‍പിരിയലിന്റെ വേദനയിലാണ് ‘കാഴ്ച’ അവസാനിക്കുന്നത്.
ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രം പറഞ്ഞത് ഗുജറാത്ത് ഭൂകമ്പത്തില്‍ ഒറ്റപെട്ടു പോയ ഒരാണ്‍കുട്ടിയുടെയും, അവനെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന മാധവന്‍ എന്ന സിനിമാ പ്രോജക്ഷനിസ്റ്റിന്റെയും കഥയാണ്. മാധവനായി മമ്മൂട്ടി എത്തിയപ്പോള്‍ പവന്‍ എന്ന കൊച്ചുണ്ടാപ്രിയായി എത്തിയത് മാസ്റ്റര്‍ യഷ് ആണ്.
2004ല്‍ റിലീസ് ചെയ്ത ഈ സൂപ്പര്‍ഹിറ്റ് ചിത്രം കഴിഞ്ഞു പതിനഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ ‘കാഴ്ച’യിലെ മാധവനും കൊച്ചുണ്ടാപ്രിയും വീണ്ടും കണ്ടുമുട്ടി. ശനിയാഴ്ച മട്ടാഞ്ചേരി ഗുജറാത്തി വിദ്യാലയത്തിന്റെ നൂറാം വര്‍ഷാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഇരുവരും കണ്ടത്.
വേദിയില്‍ മമ്മൂട്ടി സംസാരിച്ചതിന് ശേഷമാണ് സംഘാടകര്‍ യഷ് അവിടെ എത്തിയിട്ടുണ്ട് എന്ന വിവരം അറിയിച്ചതും യഷിനെ വേദിയിലേക്ക് ക്ഷണിച്ചതും. മട്ടാഞ്ചേരി സ്വദേശിയായ യഷ് ഇപ്പോള്‍ ജൈപൂരില്‍ ബിസിനസ് മാനേജ്മന്റ് വിദ്യാര്‍ഥിയാണ്. വേദിയില്‍ എത്തിയ യഷിനെ മമ്മൂട്ടി സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്ത് കുശലാന്വേഷണം നടത്തി.
ബ്ലെസ്സിയുടെ ആദ്യ ചിത്രമാണ് ‘കാഴ്ച’. നടി പദ്മപ്രിയ മലയാളത്തില്‍ ആദ്യമായി അഭിനയിച്ച ചിത്രവും കൂടിയാണ്. മമ്മൂട്ടിയുടെ ഭാര്യയായിട്ടാണ് പദ്മപ്രിയ ഈ ചിത്രത്തില്‍ എത്തിയത്. മമ്മൂട്ടിയുടെ കഥാപാത്രവും ഏറെ ശ്രദ്ധേയമായിരുന്നു. അക്കൊല്ലത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഉള്‍പ്പടെ നാല് അവാര്‍ഡുകള്‍ നേടിയിരുന്നു കാഴ്ച. മമ്മൂട്ടി (മികച്ച നടന്‍), ബ്ലെസ്സി (നവാഗത സംവിധായകന്‍), ബാലതാരങ്ങള്‍ (ബേബി സനുഷ്, മാസ്റ്റര്‍ യഷ്) എന്നിവര്‍ക്കായിരുന്നു പുരസ്‌കാരങ്ങള്‍. ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു.