തീയ്യറ്ററുകളില്‍ റിലീസ് ചെയ്ത് വാരങ്ങള്‍ പിന്നിട്ടിട്ടും ലൂസിഫര്‍ സൃഷ്ടിച്ച തരംഗം ഇനിയും അവസാനിച്ചിട്ടില്ല. എട്ട് ദിവസത്തിനുള്ളില്‍ ചിത്രം കളക്ട് ചെയ്തത് 100 കോടിയായിരുന്നു.
ഇതോടെ മലയാള സിനിമയില്‍ പുതിയൊരു റെക്കോഡ് സൃഷ്ടിക്കുകയായിരുന്നു ഈ വിജയം. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവായി എത്തി തിയേറ്ററുകളില്‍ മാസിന്റെ മാസ്മരിക ലോകം തീര്‍ക്കുകയായിരുന്നു സൂപ്പര്‍താരം മോഹന്‍ലാല്‍.
ലാലേട്ടനെ താന്‍ എങ്ങനെയാണോ കാണാന്‍ ആഗ്രഹിക്കുന്നത് അതായിരിക്കും ലൂസിഫര്‍ എന്ന വാഗ്ദാനം പൃഥ്വിരാജ് അക്ഷരംപ്രതി തന്നെ നടപ്പാക്കി.
ഇപ്പോഴിതാ, ലൂസിഫറിന്റെ യഥാര്‍ത്ഥ മുഖം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടുകഴിഞ്ഞു. ഖുറേഷി അബ്റാം എന്ന അധോലോക രാജാവിന്റെ പോസ്റ്ററാണ് പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
അവസാനം ആരംഭത്തിന്റെ തുടക്കം എന്ന കുറിപ്പും സൂപ്പര്‍താര സംവിധായകന്‍ ഒപ്പം പങ്കുവച്ചിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ലൂസിഫര്‍ 2വിനായുള്ള മുറവിളി ആരാധകര്‍ തുടങ്ങി കഴിഞ്ഞു.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, വിവേക് ഒബ്റോയി, ഇന്ദ്രജിത്ത് സുകുമാരന്‍, സായി കുമാര്‍, കലാഭവന്‍ ഷാജോണ്‍, ബൈജു എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.
ഇതുവരെ 150 കോടി കടന്ന ലൂസിഫര്‍ അധികം താമസിയാതെ മലയാളത്തിലെ ആദ്യ 200 കോടി ചിത്രമാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായം