ഇന്ത്യയില്‍ കെജിഎഫ് എന്ന ഒറ്റ സിനിമയിലൂടെ തരംഗമായി മാറിയ നടനാണ് മെല്‍വിന്‍ യാഷ്. നടന്റെ ജീവിതവും സിനിമയിലേക്കുള്ള യാത്രയും ഏതാണ്ട് സമാനമാണ്.
നടനാവണമെന്ന് ആഗ്രഹിച്ച് വീട്ടില്‍ നിന്ന് ഒളിച്ചോടി ഇപ്പോള്‍ സൂപ്പര്‍താരമായ യാഷിനും ഒറ്റ ആഗ്രമേ ഉണ്ടായിരുന്നുള്ളൂ. ‘എങ്ങനെയും നടനാവുക’.
ഇന്ത്യയില്‍ തന്നെ ദയനീയം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഇന്‍ഡസ്ട്രിയായിരുന്നു സാന്‍ഡല്‍വുഡ്. നിലവാരമില്ലാത്ത സിനിമകള്‍ എന്ന് പറഞ്ഞ് പരിഹസിച്ച് തളളുകയായിരുന്നു നാം ഇതുവരെ.
ഹിന്ദിയിലും തെലുങ്കിലും തമിഴിലും മലയാളത്തിലും വിസ്മയങ്ങള്‍ വിരിയുമ്പോള്‍ എന്നും തട്ടുപൊളിപ്പന്‍ സൃഷ്ടികള്‍ മാത്രമേ കന്നട സിനിമയില്‍ നിന്ന് ഉണ്ടാകൂയെന്ന മുന്‍വിധികള്‍ മാറ്റിയെഴുതുകയാണ് കെജിഎഫ് എന്ന ചിത്രം.
കോലാറിന്റെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ ബാഹുബലിയെ വെല്ലുന്ന ചിത്രം പണിപ്പുരയിലെന്ന് സംവിധായകന്‍ പ്രശാന്ത് നീലും റോക്കിംഗ് സ്റ്റാര്‍ എന്ന വിളിപ്പേരുളള മെല്‍വിന്‍ യാഷും അവകാശവാദം ഉന്നയിച്ചപ്പോള്‍ ഇന്ത്യന്‍ സിനിമാലോകം ഗൗനിച്ചതു പോലുമില്ല.
ഡിസംബര്‍ 23-ന് ശേഷം എല്ലാം മാറി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു കന്നഡസിനിമ അഞ്ചു ഭാഷകളില്‍ ഇന്ത്യയിലുടനീളം പ്രദര്‍ശനത്തിനെത്തിയത്.
കേരളത്തിലെ തീയറ്ററുകള്‍ ഒരു കന്നട സിനിമയക്കു വേണ്ടി ആര്‍പ്പുവിളികള്‍ ഉയരുന്നതു തന്നെ ചരിത്രത്തില്‍ ആദ്യമായാണ്. ആ ആര്‍പ്പുവിളിയുടെ കയ്യടിയും റോക്കിംഗ് സ്റ്റാര്‍ യാഷിന് അവകാശപ്പെട്ടതാണ്.
പതിറ്റാണ്ടുകളുടെ കഠിനയാതനകള്‍ക്കും സമര്‍പ്പണത്തിനുമുളള അംഗീകാരം. കന്നഡ സിനിമയെന്ന പേര് ഉച്ചരിക്കുന്നതു പോലും അയിത്തമായി കരുതിയിരുന്ന സിനിമാപ്രവര്‍ത്തകര്‍ക്കിടിയില്‍ സാന്‍ഡല്‍വുഡിന് തലയുയര്‍ത്തിപ്പിടിക്കാന്‍ അവസരമൊരുക്കി കെജിഎഫ്.
ബസ് ഡ്രൈവറായിരുന്നു യാഷിന്റെ പിതാവ്. മകനെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. നവീന്‍ കുമാര്‍ എന്നായിരുന്നു യാഷിന്റെ യഥാര്‍ത്ഥ പേര്.
വീട്ടമ്മയായിരുന്നു അമ്മ. അവര്‍ക്ക് ചെറിയ ഒരു കടയുണ്ടായിരുന്നു. അവിടെ പച്ചക്കറിയും വിറ്റിരുന്നു. കട നോക്കി നടത്തിയിരുന്നത് യാഷ് ആയിരുന്നു. നടനാകണമെന്ന ആഗ്രഹം വീട്ടില്‍ വിലപ്പോയില്ല.
ചെറുതായിരുന്നപ്പോള്‍ മുതല്‍ ഒരു ഹീറോയാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
‘എന്റെ അധ്യാപകര്‍ വരെ എന്നെ ഹീറോയെന്ന് വിളിച്ചു. എന്റെ സ്വപ്നങ്ങളാണ് എന്നെ ഇതുവരെ നടത്തിയത്. എന്റെ സ്വപ്നങ്ങളിലാണ് ഞാന്‍ ഇതുവരെ നടന്നതും.
എന്റെ മോഹം നടക്കില്ലെന്ന് ഉറപ്പായപ്പോള്‍ നടനാകാന്‍ വേണ്ടി വീട്ടില്‍ നിന്ന് ഒളിച്ചോടി. 300 രൂപ മാത്രമാണ് എന്റെ കയ്യില്‍ അന്ന് ഉണ്ടായിരുന്നത്. ബെഗംളുരുവില്‍ എത്തിയ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി.
ഇത്രയും വലിയ ഒരു നഗരം ഞാന്‍ ആദ്യമായി കാണുകയായിരുന്നു. പക്ഷേ തോല്‍ക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. ഞാന്‍ ആത്മവിശ്വാസം ഉളള ആളാണ് അന്നും ഇന്നും.
ലോകം ഒരിക്കല്‍ എന്നെ ശ്രദ്ധിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. വീട്ടിലേയ്ക്ക് എന്തു വന്നാലും മടങ്ങില്ല എന്നു തന്നെയായിരുന്നു തീരുമാനം. വീട്ടിലെത്തിയാല്‍ പിന്നെ ഒരു തിരിച്ചു പോക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ചു.’ യാഷ് പറഞ്ഞു.