സണ്ടക്കോഴി 2ല്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ താന്‍ ഏറ്റവും പേടിച്ചത് മീരാ ജാസ്മിനെയോര്‍ത്താണെന്ന് നടി കീര്‍ത്തി സുരേഷ്. ആദ്യ ഭാഗത്തില്‍ മീര അവതരിപ്പിച്ച ഹേമ എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്.
‘സണ്ടക്കോഴിയില്‍ മീരാ ജാസ്മിനെ എത്രമാത്രം ഇഷ്ടമാണെന്ന് നമ്മുക്ക് എല്ലാവര്‍ക്കും അറിയാം. എനിക്കും ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു. അതുകൊണ്ട് തന്നെ സണ്ടക്കോഴി 2ന്റെ കഥ വളരെ ആശങ്കയോടെയാണ് ഞാന്‍ കേട്ടത്. കാരണം ആ കഥാപാത്രത്തെ എങ്ങനെ നന്നാക്കാം എന്ന ചിന്തയാണ് എന്നെ അലട്ടിയത്’ കീര്‍ത്തി പറഞ്ഞു.
പക്ഷേ രണ്ടാം ഭാഗത്തിലെ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ മീര ജാസ്മിന്‍ ചെയ്ത വേഷത്തിന് തുല്യമാണെന്ന് എനിക്ക് തോന്നി. അത്ര മനോഹരമായാണ് ലിങ്കുസാമി സാര്‍ ആ കഥാപാത്രത്തെ ആവിഷ്‌കരിച്ചിരിക്കുന്നത്.’കീര്‍ത്തി പറഞ്ഞു.
‘മാത്രമല്ല മഹാനടി ഷൂട്ട് നടക്കുമ്പോള്‍ എനിക്കൊരു ആശ്വാസം ഈ ചിത്രമായിരുന്നു. മഹാനടിയില്‍ വളരെ ടെന്‍ഷനും സമ്മര്‍ദവും നിറഞ്ഞ അന്തരീക്ഷമായിരുന്നു. അവിടെ നിന്നും സണ്ടക്കോഴിയില്‍ വരുമ്പോഴാണ് ആശ്വാസം. വിശാലും ലിങ്കുസാമി സാറും ഒത്തിരി സഹായിച്ചു. സന്തോഷത്തോടെയാണ് ഇവര്‍ക്കൊപ്പം അഭിനയിച്ചത്. മഹാനടിക്ക് ശേഷം വളരെ ആത്മവിശ്വാസത്തോടെ ചെയ്ത സിനിമ കൂടിയാണ് സണ്ടക്കോഴി 2.’ കീര്‍ത്തി പറഞ്ഞു.
13 വര്‍ഷത്തിന് ശേഷം സണ്ടക്കോഴിക്ക് രണ്ടാം ഭാഗവുമായി വിശാലും ലിങ്കുസാമിയും എത്തുന്നത്. വിശാല്‍ തന്നെയാണ് നിര്‍മാണം. ശക്തമായ നെഗറ്റീവ് കഥാപാത്രമായി വരലക്ഷ്മി ശരത്കുമാറും ചിത്രത്തിലുണ്ട്.
സൂര്യയെ മനസ്സില്‍വെച്ചായിരുന്നു ലിങ്കുസാമി സണ്ടക്കോഴിയുടെ തിരക്കഥ എഴുതിയതെന്നും വിശാല്‍ ചടങ്ങില്‍ പറഞ്ഞു. ‘സണ്ടക്കോഴിയുടെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ ഈ കഥാപാത്രമായി തന്നെ അംഗീകരിക്കാന്‍ ലിങ്കുസാമിക്ക് സാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. കാരണം സൂര്യയെ മനസ്സില്‍ വിചാരിച്ചായിരുന്നു ലിങ്കുസാമി തിരക്കഥ ഒരുക്കിയത്’.
‘അന്ന് എന്റെ ആദ്യ ചിത്രമായ ചെല്ലമേ റിലീസ് ചെയ്തിരുന്നില്ല. എന്നാല്‍ എന്നില്‍ അദ്ദേഹം വിശ്വാസമര്‍പ്പിക്കുകയായിരുന്നു. പൂജാമുറിയിലുള്ള സ്വാമിയേക്കാള്‍ ഈ സ്വാമിയെ ഞാന്‍ വിശ്വസിക്കുന്നു’. വിശാല്‍ പറഞ്ഞു.