എല്ലാ മലയാളികളും ഈ സിനിമ കാണണം, കായംകുളം കൊച്ചുണ്ണിക്ക് പ്രവാസി മാധ്യമ പ്രവര്‍ത്തകന്റെ കിടിലന്‍ റിവ്യു

41

എല്ലാത്തരം പ്രേക്ഷകരേയും ആകര്‍ഷിച്ച് തീയ്യറ്ററുകലില്‍ മികച്ച് കളക്ഷന്‍ നേടി മുന്നേറുന്ന കായംകുളം കൊച്ചുണ്ണിക്ക് പ്രവാസിയായ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റിന്റെ റിവ്യു. ദുബായിലെ സാമുഹിക പ്രവര്‍ത്തകനും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും കായംകുളം സ്വദേശിയുമായ ഈപ്പന്‍ തോമസാണ് കൊച്ചുണ്ണിയുടെ മികച്ച റിവ്യൂ തയ്യാറാക്കിയിരിക്കുന്നത്.

Advertisements

കായംകുളം കൊച്ചുണ്ണി: -ഈപ്പന്‍ തോമസ്, ദുബായ്‌

ആദ്യമായി ഗോകുലം ഗോപാലന് ഒരു പ്രത്യേക ഹായ്, കാരണം ചിത്രത്തിനാവശ്യമായ അതിഭീമമായ ചിലവ് വഹിച്ചതിന്, പ്രൊഡ്യൂസറില്ലെങ്കിൽ സിനിമയില്ലല്ലോ. ഇംഗ്ലീഷ് സിനിമകളോടൊക്കെയൊപ്പം വേണമെങ്കിൽ (!) ഇതും ചേർത്തുവയ്ക്കാം.

റോഷൻ ആൻഡ്രൂസ് വലിയ ക്യാൻവാസും ബഡ്ജറ്റും പഴമയും ചരിത്ര പശ്ചാത്തലവും താരനിരയുമൊക്കെ സൂക്ഷിച്ച് കൈകാര്യം ചെയ്തു എന്നു തന്നെ കരുതുന്നു.പിന്നെ ഐതിഹ്യമാലയിലും പറഞ്ഞു കേട്ട കഥകളിലുമൊക്കെയുള്ള കായംകുളം കൊച്ചുണ്ണിയിൽ നിന്നും കുറച്ചകലെ മാറി സിനിമാറ്റിക്കാക്കി എന്നത് ചിത്രത്തിന്റെ ചിലവുകാശ് തിരിച്ചുപിടിക്കാനാണെന്നതും നമ്മൾ കാണാതെ പോകരുത്.

ബാബു ആന്റണി,നിവിൻ പോളി, മോഹൻലാൽ, സണ്ണി വെയ്ൻ കൂടാതെ കൂടെ അഭിനയിച്ച എല്ലാവരും തന്നെ ഗംഭീരമായി.പരിചയമുള്ള പലരുടേയും പേരുകൾ സ്ക്രീനിൽ മിന്നി മറഞ്ഞത് സന്തോഷം തന്നു. ബിഷപ്പ് മൂറിലെ പൂർവ്വ വിദ്യാർത്ഥി പ്രൊഫ.അജുനാരായണന്നൊക്കെ ചിത്രത്തിന്റെ റിസർച്ചുകൾക്ക് ഏറെ ഉപകാരപ്പെട്ടു എന്നു കരുതുന്നു. അനീഷ് ജി മേനോൻ,മുകുന്ദൻ, സ്വാതി തിരുനാളായി അഭിനയിച്ചയാൾ, സുനിൽ സുഗത, കൊച്ചുണ്ണിയോടൊപ്പം ഭയന്നു വന്ന നമ്പൂതിരി വേഷം ചെയ്തയാൾ, പ്രിയാ ആനന്ദ്, ഷൈൻ ടോം,സിദ്ധാർത്ഥ് ശിവ സാദിക്ക് ,സായിപ്പന്മാർ എന്നിവരൊക്കെ വളരെ നന്നായി. റഫീക്ക് അഹമ്മദിനേയും ഗോപീ സുന്ദറിനേയുമൊക്കെ ശ്രദ്ധിച്ചു, ക്യാമറയും.

പിന്നത്തേക്ക് പറയാൻ മാറ്റി വച്ചത് കൊച്ചുണ്ണിയുടെ പിതാവിന്റെ വേഷം അതിഗംഭീരമാക്കിയ ആദിക്കാട്ടുകുളങ്ങര സ്വദേശിയായ പ്രിയ സുഹൃത്ത് നസീർഖാന്റെ പ്രകടനമാണ്, വളരെ ഇഷ്ടപ്പെട്ടു. 1830 കളിലെ കേരള പരിസരം അത് ഏതാണ്ട് നന്നായിത്തന്നെ വരച്ചുകാട്ടി തീണ്ടലും തൊടീലും അസമത്വവും ബ്രിട്ടീഷ് രാജും പട്ടിണിയും വിവേകാനന്ദൻ പറഞ്ഞ ശരിക്കുമുള്ള ഭ്രാന്താലയവുമൊക്കെ.

അസമത്ത,വിശ്വാസ വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ ശരിയായ സമയത്തു തന്നെയാണ് ഈ സിനിമ പുറത്തിറങ്ങിയത്.എല്ലാ മലയാളികളും ഈ സിനിമ സാധിക്കുമെങ്കിൽ കാണണം എന്നാണഭിപ്രായം. പഴയ കേരളത്തേയും, ഇന്നത്തെ കേരളത്തെയും നമ്മെയും ഒക്കെ ഒന്നു സ്വയം വിലയിരുത്താൻ ഒരു പക്ഷേ ഈ സിനിമ മൂലം സാധിച്ചേക്കും,ശരിയ്ക്കും പറഞ്ഞാൽ ഏകദേശം ഒന്നര നൂറ്റാണ്ടിനു ശേഷവും നമ്മൾ ആ ഭ്രാന്തനവസ്ഥയിൽ നിന്ന് മാനസീകമായി അധികമൊന്നും പുരോഗമിച്ചിട്ടില്ല എന്ന ഞെട്ടലുളവാക്കുന്ന സത്യം.

മോഹൻലാലിന്റെ എൻട്രിയൊക്കെ ഗംഭീരമാക്കിയെങ്കിലും ബാബു ആൻറണിയുടെ കഥാപാത്രവും ഇരുത്തംവന്ന അഭിനയവുമാണ് ഏറെ ഇഷ്ടപ്പെട്ടത്. ഉടുപ്പിയും, കാസർഗോഡും,ശ്രീലങ്കയൊക്കെ ലൊക്കേഷനായി തിരഞ്ഞെടുത്തത് വളരെ നന്നായി എങ്കിലും ഒരു കായംകുളം ഫീൽ അധികം വന്നോ എന്നു ചോദിച്ചാൽ ഉത്തരം മുട്ടും, നിവിനിലും കൊച്ചുണ്ണി അധികം കയറിയില്ല എന്നു പറഞ്ഞാൽ ഫാൻസുകാർ തല്ലാൻ വരരുത്. പിന്നെ ഒരു ഓണാട്ടുകരക്കാരനും പഴയ കായംകുളം രാജാവിന്റെ പ്രജയും എന്ന നിലയ്ക്ക് പറയുകയാണെങ്കിൽ – ബോബിയും സഞ്ജയും സംഭാഷണശൈലികളിലും രീതികളിലും കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നു.

[ഇതൊരു ചരിത്ര റഫറൻസ് ചിത്രമൊന്നുമല്ല നൂറു ശതമാനവും ചിത്രകഥയെ ചലിപ്പിച്ച ഒരു വിനോദചിത്രം മാത്രം അത് മനസ്സിൽ വച്ചു കൊണ്ടു മാത്രം കാണുക, കാണണം – നഷ്ടമാവില്ല].

Advertisement