ബാഹുബലിയുടെ റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞു, കേരളക്കരയിലെങ്ങും കൊച്ചുണ്ണിയും പക്കിയാശാനും തരംഗം തീര്‍ക്കുന്നു

20

മലയാള സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരുന്നൊരു ചിത്രമായിരുന്നു കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്കെത്തിയത്. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയ കായംകുളം കൊച്ചുണ്ണി ഇപ്പോള്‍ പ്രേക്ഷകരുടേതായി മാറിയിരിക്കുകയാണ്.

Advertisements

റോഷന്‍ ആന്‍ഡ്രൂസിനൊപ്പം നിവിന്‍ പോളിയും മോഹന്‍ലാലും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ തുടങ്ങിയ ആവേശമായിരുന്നു റിലീസ് ദിനത്തില്‍ തിയേറ്ററുകളില്‍ മുഴങ്ങിയത്. അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്ന് റിലീസുകള്‍ മാറ്റിയപ്പോള്‍ കൊച്ചുണ്ണിയുടെ ഡേറ്റും നീളുകയായിരുന്നു.

കാത്തിരിപ്പ് അവസാനിപ്പിച്ച് സിനിമയെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന ചിത്രമാണിതെന്ന് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

125 ഷോ അടക്കം വമ്പന്‍ റിലീസ് ആയി എത്തിയ ചിത്രം മുന്നൂറോളം തീയറ്ററുകളില്‍ ആണ് റിലീസ് ചെയ്തത്. മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആയി എത്തിയ കായംകുളം കൊച്ചുണ്ണി തകര്‍ത്തെറിഞ്ഞച്ചത് ബാഹുബലിയുടെ റെക്കോര്‍ഡ് ആണ്.

ആദ്യ ദിനത്തില്‍ 1370 ഷോ കളിച്ച മലയാളം ബാഹുബലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് കായംകുളം കൊച്ചുണ്ണി കളിച്ചത് 1601 ഷോ ആണ്. 125 ഫാന്‍സ് ഷോകളും 94 എക്‌സ്ട്രാ രാത്രി ഷോകളും ഉള്‍പ്പെടുന്നത് ആണിത്. മോഹന്‍ലാല്‍ ഇത്തിക്കര പക്കിയായി എത്തിയപ്പോള്‍ ആണ് ചിത്രത്തിന് കൂടുതല്‍ ആവേശം ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കാന്‍ കഴിയുന്ന മോഹന്‍ലാലിന്റെ വരവും ചിത്രത്തിന് മാറ്റുകൂട്ടുന്നുണ്ടെന്നതില്‍ സംശയമില്ല.

ഇത്തിക്കര പക്കിയെന്ന കഥാപാത്രമായാണ് ഇത്തവണ താരമെത്തിയത്.അതിഥി താരമായി ആ സിനിമ തന്നെ കവര്‍ന്നെടുക്കുന്ന തരത്തിലുള്ള പ്രകടനവുമായി താരമെത്തിയപ്പോഴൊക്കെ ബോക്സോഫീസും അദ്ദേഹത്തിനൊപ്പമായിരുന്നു. റിലീസിങ് സെന്‍രറുകളുടെ കാര്യത്തില്‍ നേരത്തെ തന്നെ റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട് കായംകുളം കൊച്ചുണ്ണി.

കൊച്ചി മള്‍ട്ടിപ്ലക്സിലെ ഓപ്പണിങ് ദിന കലക്ഷനില്‍ രണ്ടാം സ്ഥാനമെന്ന റെക്കോര്‍ഡാണ് കൊച്ചുണ്ണി സ്വന്തമാക്കിയത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ജോമോന്റെ സുവിശേഷങ്ങളുടെ റെക്കോര്‍ഡാണ് ചിത്രം തകര്‍ത്തത്. പാ രഞ്ജിത്ത് രജനീകാന്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കബാലിയാണ് കൊച്ചുണ്ണിക്ക് മുന്നിലുള്ളത്. 30.21 ലക്ഷമായിരുന്നു ചിത്രം സ്വന്തമാക്കിയത്. 17.63 ലക്ഷമായിരുന്നു ദുല്‍ഖര്‍ ചിത്രമായ ജോമോന്റെ സുവിശേഷങ്ങള്‍ നേടിയത്.

കേരളക്കരയിലെങ്ങും കൊച്ചുണ്ണി തരംഗമാണ്. കൊച്ചി മള്‍ട്ടിപ്ലക്സിന് പുറമെ മറ്റ് റിലീസിങ്ങ് സെന്ററുകളില്‍ നിന്നും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. തിരുവനന്തപുരത്തെ ഏരീസ്പ്ലക്സില്‍ നിന്നും 18.28 ലക്ഷമാണ് ചിത്രം നേടിയത്. 79.22 ആയിരുന്നു ഇവിടത്തെ ഒക്യൂപെന്‍സി റേറ്റ്. യുവ സൂപ്പര്‍ സ്റ്റാറും കംപ്ലീറ്റ് ആക്ടറും കൂടി ബോക്സോഫീസ് കവര്‍ന്നെടുക്കുകയായിരുന്നു.

റിലീസിന് മുന്‍പ് തന്നെ കായംകുളം കൊച്ചുണ്ണി പ്രധാനപ്പെട്ടൊരു റെക്കോര്‍ഡ് നേടിയിരുന്നുവെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. 358 സ്‌ക്രീനുകളാണ് ചിത്രത്തെ വരവേല്‍ക്കാനായി ഒരുക്കിയത്.

ഇതോടെയാണ് റെക്കോര്‍ഡ് റിലീസ് എന്ന അണിയറപ്രവര്‍ത്തകരുടെ സ്വപ്നം പൂവണിഞ്ഞതും. ബാഹുബലി 320, വിവേഗം 309, കബാലി 306, മെര്‍സല്‍ 295 എന്നിങ്ങനെയായിരുന്നു നിലവിലെ സ്ഥാനം. ഇതിനിടയിലാണ് ഒന്നാം സ്ഥാനക്കാരനായി കൊച്ചുണ്ണി നിലയുറപ്പിച്ചത്.

Advertisement