മലയാള സിനിമയില്‍ ഉണ്ണീ.. എന്ന് നീട്ടി വിളിച്ച് വാത്സല്യം അറിയിക്കുന്ന സ്‌നേഹനിധിയായ അമ്മയാണ് കവിയൂര്‍ പൊന്നമ്മ. മിക്ക മുന്‍നിര താരങ്ങളിടേയും അമ്മയായി തിളങ്ങിയ കവിയൂര്‍ പൊന്നമ്മ ഏറ്റവും കൂടുതല്‍ സിനിമകളില്‍ മോഹന്‍ലാലിന്റെ അമ്മയായിട്ടാണ് തിളങ്ങിയത്.
സിനിമയിലേക്ക് ചെറുപ്പകാലത്ത് എത്തിയെങ്കിലും നായികയായോ മറ്റോ തിളങ്ങാനാകാതെ അമ്മ വേഷങ്ങളിലേക്ക് കവിയൂര്‍ പൊന്നമ്മ മാറ്റപ്പെടുകയായിരുന്നു. അടുത്തകാലത്ത് വരെ അമ്മ വേഷങ്ങളില്‍ തിളങ്ങിയ താരം ഇപ്പോള്‍ ശാരീരിക അവശതകളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.
മോഹന്‍ലാലിന്റെ യഥാര്‍ത്ഥ അമ്മയാണ് കവിയൂര്‍ പൊന്നമ്മ എന്നാണ് പലരും ധരിച്ചിരിക്കുന്നത് പോലും. ഇവരുടെ അമ്മ-മകന്‍ കോംബോ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ.് ഇപ്പോഴിതാ താരരാജാക്കന്മാരായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് തുറന്ന് സംസാരിക്കുകയാണ് കവിയൂര്‍ പൊന്നമ്മ.
താന്‍ മമ്മൂട്ടിയെ മമ്മൂസ് എന്നാണ് വിളിക്കുന്നതെന്നും തന്റെ മകനായി ആദ്യം അഭിനയിച്ചത് മമ്മൂസ് ആണെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു. മമ്മൂട്ടിയുടേത് ഒരു പ്രത്യേക സ്വഭാവമാണെന്നും അദ്ദേഹത്തിന് സ്‌നേഹം പുറമെ പ്രകടിപ്പിക്കാന്‍ അറിയില്ലെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു.
മമ്മൂട്ടി ഒരിക്കല്‍ ഷൂട്ടിങ് സെറ്റിലേക്ക് വണ്ടിയില്‍ വന്നിട്ട് കേറിക്കേ എന്ന് പറഞ്ഞു. ഞാന്‍ കാറില്‍ കയറി ഇരുന്നു. ഒറ്റപ്പാലത്ത് മുഴുവന്‍ ഒന്ന് കറങ്ങി തിരിച്ചു കൊണ്ടാക്കിയെന്നും അത്ര ലളിതമാണ് മമ്മൂട്ടിയെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു. എന്നാല്‍ എല്ലാവരോടും ഉള്ളില്‍ വലിയ സ്‌നേഹമാണെങ്കിലും താരത്തിന് പക്ഷെ ആ സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയില്ല.
ഇത്തിരിയൊക്കെ സ്‌നേഹം പ്രകടിപ്പിക്കണം. മനസ് നിറയെ സ്‌നേഹമാണെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ, പാവത്തിന് അതറിഞ്ഞ് കൂട. എങ്ങനെയാണ് സ്‌നേഹം കാണിക്കേണ്ടതെന്നൊന്നും അറിയില്ല. ശുദ്ധനാണ്. അത് പറഞ്ഞാല്‍ നിങ്ങള്‍ ചുമ്മാതിരിക്ക് എന്നാണ് പറയുകയെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു
നോഹന്‍ലാലിന്റെ കുടുംബവുമായുള്ള ബന്ധവും കവിയൂര്‍ പൊന്നമ്മ വിശദീകരിക്കുന്നു. ലാലിന്റെ അമ്മയുമായി അത്രയും അടുപ്പമുണ്ടെന്നും ഇടയ്ക്കിടെ കാണാന്‍ പോവാറുണ്ടെന്നുമാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്. എപ്പോള്‍ എന്നെ കണ്ടാല്‍ ഓടിവന്ന് കെട്ടിപ്പിടിക്കും.
മോഹന്‍ലാലിന്റെ അമ്മയെ പോലെ തന്നെ അദ്ദേഹത്തിന്റെ അച്ഛനും എന്നോട് വലിയ സ്‌നേഹം ആയിരുന്നു. ലാലിന്റെ അച്ഛന്‍ വീണ് തലയ്ക്ക് പരിക്ക് പറ്റിയിരുന്ന ഒരു സമയം ഉണ്ടായിരുന്നു. അതിനു ശേഷം ഒരു കൊച്ചു കുട്ടിയുടെ സ്വഭാവമായിരുന്നു കാണിച്ചിരുന്നത്. അതുകൊണ്ടുതന്നെ ലാലിനേക്കാളും എനിക്കിഷ്ടം അവരോട് രണ്ട് പേരോടും ആയിരുന്നോ എന്നാണ് സംശയമെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നുണ്ട്.