ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയ്യേറ്ററുകളിലെത്തിയത്. നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്.
ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡിനെ ഏറ്റെടുത്ത മുഴുവന്‍ പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു.
പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള നല്ല അഭിപ്രായങ്ങള്‍ കണ്ട് മനസ്സു നിറഞ്ഞ് നടന്‍ റോണി ഡേവിഡും പ്രേക്ഷകരോട് നന്ദി പറഞ്ഞിരുന്നു. കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥ ഒരുക്കിയതും റോണിയായിരുന്നു. റോണിയുടെ സഹോദരന്‍ റോബി രാജാണ് ചിത്രം സംവിധാനം ചെയ്തത്.
ചിത്രം പുറത്തിറങ്ങി വെറും ഒമ്പതുദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രം രണ്ടാം വാരം പൂര്‍ത്തിയാക്കുമ്പോഴും തിയറ്ററുകള്‍ നിറഞ്ഞുകവിയുകയാണ്. ടിക്കറ്റ് വില്‍പ്പനയിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. ഇതുവരെ ഒരു മില്യണ്‍ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ വിറ്റഴിഞ്ഞതെന്നാണ് കണക്കുകള്‍.
ഇപ്പോഴിതാ റിലീസ് ചെയ്ത് 12 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ പത്ത് ചിത്രങ്ങളുടെ പട്ടികയിലേക്ക് കണ്ണൂര്‍ സ്‌ക്വാഡ് എത്തിയിരിക്കുകയാണ്.ചിത്രം 70 കോടിക്ക് അടുത്ത് ലോകമെമ്പാടുനിന്നും കളക്ഷനായി സ്വന്തമാക്കി കഴിഞ്ഞു.
ALSO READ- ഒരിക്കലും പരാജയപ്പെട്ടിട്ടില്ല , പഴയതിലും അധികം എന്നെ പ്രൊട്ടക്ട് ചെയ്യൂ; മഹാലക്ഷ്മി
63.8 കോടി ആയിരുന്നു ദൃശ്യത്തിന്റെ ലൈഫ് ടൈം കളക്ഷന്‍. ഈ റെക്കോര്‍ഡിനേയാണ് ദിവസങ്ങള്‍ കൊണ്ട് തന്നെ കണ്ണൂര്‍ സ്‌ക്വാഡ് മറികടന്നത്. ഇപ്പോഴും ചിത്രം ഹൗസ് ഫുള്‍ ആയി പല തിയറ്ററിലും പ്രദര്‍ശനം തുടരുകയാണ്. ആദ്യ പത്തില്‍ തന്നെ മുന്‍ സ്ഥാനത്തേക്കാണ് കണ്ണൂര്‍ സ്‌ക്വാഡ് ഇപ്പോള്‍ മത്സരിക്കുന്നത്. മൂന്നാം വാരത്തിലേക്ക് കടന്ന ചിത്രത്തിന് മത്സരത്തില്‍ മുന്നിലെത്താന്‍ കഴിയുമെന്ന് തന്നെയാണ് ട്രേഡ് അനലിസ്റ്റുകളുടെ നിരീക്ഷണം.
കണ്ണൂര്‍ സ്‌ക്വാഡിന്റെ കുതിപ്പോടെ മലയാളത്തിലെ ടോപ്പ് 10 ഗ്രോസിങ് ചിത്രങ്ങളുടെ പട്ടികയില്‍ നിന്ന് ദൃശ്യം പടിയിറങ്ങി. പുതുമുഖ സംവിധായകന്‍ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് സിനിമ തിയേറ്ററില്‍ എത്തിയത്.