തെന്നിന്ത്യൻ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് നടി കനക. മലയാളത്തിൽ എണ്ണമറ്റ ചിത്രങ്ങളിൽ അഭിനയിച്ച താരം തമിഴിലും, തെലുങ്കിലും തന്റെ കഴിവ് തെളിയിച്ചു. മുകേഷിന്റെ നായികയായാണ് താരം മലയാള സിനിമയിലേക്ക് എത്തിയത്. തുടർന്ന് മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരം 2000 ത്തോടെ സിനിമയിൽ നിന്ന് അപ്രത്യക്ഷമായി. പിന്നീട് താരത്തെ കാണുന്നത് സില്ലുനു ഒരു കാതൽ എന്ന സിനിമയിലൂടെ അതിഥി വേഷത്തിലാണ്.
സിനിമയിൽ സജീവമല്ലെങ്കിലും താരം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. അമ്മയുടെ മരണവും. അച്ഛനുമായുളള സ്വത്ത് തർക്കവും താരത്തെ വീണ്ടും വാർത്തകളിൽ നിറച്ചു. അടുത്തിടെയാണ് താരത്തിന്റെ വീടിന് തീപിടിച്ചെന്നും വിലപ്പിടിപ്പുള്ള വസ്തുക്കൾ കത്തിനശിച്ചെന്നും പറഞ്ഞ് റിപ്പോർട്ട് പുറത്ത് വന്നത്. ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള മറ്റൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചെന്നൈയിലെ ആർ കെ പുരത്തുള്ള താരത്തിന്റെ വീട് ഏത് സമയവും നിലംപൊത്താറായ നിലയിലാണെന്നാണ് ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നത്. വർഷങ്ങളായി പെയിന്റ് പോലും അടിക്കാത്ത നിലയിലാണ് താരത്തിന്റെ വീട്. വീട്ടിലേക്ക് കയറി ചെന്നാൽ കോളിങ്ങ് ബെൽ പോലും പ്രവർത്തിക്കുന്നില്ലെന്ന് മനസ്സിലാക്കാൻ സാധിക്കും. വളരെക്കാലമായി ആരും താമസിക്കുന്നില്ല എന്ന തോന്നൽ ഉണ്ടാക്കുന്ന രീതിയിലാണ് വീടിന്റെ ഇപ്പോഴത്തെ അവസ്ഥ
കനകയുടെ വീടിന് സമീപത്ത് പൊടി പിടിച്ച് കിടക്കുന്ന ചില കാറുകളുണ്ട്. വീടിന്റെ വാതിൽ അടച്ചിട്ട നിലയിലാണ്. വീടിന് കാവലിനായി ആരെയും ഏർപ്പെടുത്തിയിട്ടില്ല. പണ്ടൊക്കെ വീടിന് പുറത്ത് ഇറങ്ങി കാറെടുത്തു കനക പോകുന്നത് പലരും കാണാറുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ആരെയും കാണുന്നില്ല. ഓൺലൈനിൽ ഓർഡർ ചെയ്ത ചില സാധനങ്ങൾ വരുമ്പോഴാണ് ആ വീടിന്റെ വാതിൽ ഇടക്കെങ്കിലും തുറക്കുന്നത് കണ്ടിട്ടുള്ളതെന്നാണ് അയൽ വാസികൾ പറയുന്നത്.
എന്നാൽ കനകയ്ക്ക് എന്ത് സംഭവിച്ചു, താരം ആ വീട്ടിൽ തന്നെയാണോ എന്നതിനെ കുറിച്ചൊന്നും കൃത്യമായ വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല. നേരത്തെ 2013 ൽ കനക മരണപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. അന്ന് ആ അഭ്യൂഹങ്ങൾ അവസാനിപ്പിക്കുന്നതിനായി കനക മാധ്യമങ്ങൾക്ക് മുന്നിൽ എത്തുകയുണ്ടായി. നടി ആലപ്പുഴയിലെ പാലിയേറ്റീവ് കെയർ ആശുപത്രിയിൽ ചികിത്സയിലാണെന്നും. അർബുദ രോഗിയായ കനക കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരിച്ചെന്നുമായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ.