മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി 35 വർഷത്തിൽ അധികമായി നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനകലത. വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന കനകലതയേ പ്രേക്ഷകർക്ക് അറിയൂ. എന്നാൽ നടിയുടെ സ്വകാര്യ ജീവിതത്തിൽ ഏറെ കഷ്ടപ്പാടുകളും പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്.
ഇവയോടെല്ലാം പൊരുതി വിജയിച്ച കഥയാണ് കനകലതയ്ക്കുള്ളത്. ഇപ്പോൾ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ തന്റെ ദുരിത അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. കനകലതയുടെ വാക്കുകൾ ഇങ്ങനെ:
ഓച്ചിറയിലാണ് ഞാൻ ജനിച്ചത്, പഠിച്ചതും വളർന്നതുമെല്ലാം കൊല്ലത്താണ്. അച്ഛനവിടെ ചെറിയ ഹോട്ടൽ നടത്തുകയായിരുന്നു. ഞങ്ങൾ 5 മക്കൾ, എനിക്ക് നാലു വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. പറക്കമുറ്റാത്ത ഞങ്ങൾ മക്കളെ പിന്നീട് വളർത്തിയത് അമ്മയും അമ്മാവനും ചേർന്നാണ്. ദാരിദ്ര്യവും കഷ്ടപ്പാടുമായിരുന്നു ജീവിതം.
വാടകവീടുകളിൽ നിന്ന് വാടകവീടുകളിലേക്കുള്ള പലായനമായിരുന്നു. ചെറുപ്പത്തിൽ തന്നെ കലാരംഗത്ത് സജീവമായിരുന്നു. അമച്വർ നാടകങ്ങളിലൂടെയാണ് തുടക്കം. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ തന്നെ നാടകങ്ങളിൽ സജീവമായിരുന്നു കനകലത. പിന്നീട് പ്രൊഫഷണൽ നാടകങ്ങളുടെ ഭാഗമായതോടെ അഭിനയം തന്നെ ജീവിതമാർഗം എന്നുറപ്പിച്ചു. പിന്നീട് ദൂരദർശനിൽ ഒരു പൂ വിരിയുന്നു എന്ന സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചു.
കവിയൂർ പൊന്നമ്മയുടെ കുടുംബം വഴിയാണ് അഭിനയ ജീവിതത്തിന് കനകലത തുടക്കം കുറിച്ചത്. കൊല്ലം സ്വദേശിയായ കനകലതയുടെ അയൽക്കാരിയായിരുന്നു കവിയൂർ പൊന്നമ്മ. ഇവിടേക്ക് ഇവർ താമസത്തിനായി എത്തിയതോടെയാണ് കനകലതയുടെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവ് സൃഷ്ടിച്ചത്. നാടകത്തിൽ സജീവമായ കനകലത പിന്നീട് ചെറുതും വലുതുമായ മികച്ച ഒരുപാട് കഥാപാത്രങ്ങളെ അനശ്വരമാക്കി സിനിമയിൽ തിളങ്ങി.
50 രൂപയായിരുന്നു ആദ്യകാലങ്ങളിൽ ലഭിച്ചിരുന്ന പ്രതിഫലമെന്ന് പറയുകയാണ് കനകലത. 500ലേറെ സീരിയലുകളിലും സിനിമകളിലും ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ച താരം ഒരു കാലത്ത് ഷക്കീല ചിത്രങ്ങളുടെ പോലും ഭാഗമായിരുന്നു. തന്റെ പട്ടിണിയും ദാരിദ്രവും തന്നെ ആ നിലയിലേക്ക് എത്തിച്ചതെന്ന് പറയുകയാണ് കനകലത. പട്ടിണി എന്താണെന്നറിഞ്ഞ് ഭക്ഷണം കഴിക്കാതെ ദിവസങ്ങൾ തള്ളി നീക്കുകയും ചെയ്തിട്ടുണ്ടെന്ന് കനകലത പറയുന്നു.
സിനിമയിൽ വന്ന ശേഷവും പട്ടിണി കിടന്നിട്ടുണ്ട്. അന്ന് ഈ പറയുന്നവർ ഒന്നും തനിക്ക് പൈസ തന്നിട്ടില്ല. ഞാൻ പണി എടുത്താൽ മാത്രമേ എന്റെ വീട്ടിൽ അടുപ്പ് പുകയുകയുള്ളു. അത് കൊണ്ടാണ് ഷക്കീല സിനിമയിൽ അടക്കം അഭിനയിച്ചത് എന്ന് മറുപടി പറയുകയാണ് കനകലത.
ഇരുപത്തി രണ്ടാമത്തെ വയസ്സിലായിരുന്നു പ്രണയിച്ച പുരുഷനുമായി കനകലതയുടെ വിവാഹം. സർക്കാർ ജോലിക്കാരനായ ഭർത്താവ് വിവാഹശേഷം ജോലി ഉപേക്ഷിച്ച് സിനിമ നിർമ്മിക്കാൻ ഇറങ്ങി. കനകലതയുടെ സമ്പാദ്യം മുഴുവൻ ഭർത്താവ് ധൂർത്തടിച്ച് തീർത്തു. ഒടുവിൽ 16 വർഷത്തെ ദാമ്പത്യത്തിന് തിരശീലയിട്ട് കനകലത വിവാഹമോചനം നേടുകയായിരുന്നു. ഇനി ഒരു വിവാഹ ജീവിതമില്ലെന്നും ദാമ്പത്യ ജീവിതം മടുത്തുവെന്നുമാണ് കനകലത അഭിമുഖത്തിൽ പറയുന്നത്. ഭർത്താവ് തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും കനകലത തുറന്നടിക്കുന്നു.