മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരുടെ ലിസ്റ്റ് എടുത്താൽ അതിൽ ഇപ്പോഴത്തെ തലമുറക്ക് ചേർത്ത് നിർത്താനുള്ള പേരായിരിക്കും സാക്ഷാൽ മോഹൻലാൽ. പക്ഷേ മോഹൻലാലിനേക്കാളും മുന്നേ ജീവിച്ചിരുന്ന മഹാ പ്രതിഭകളുണ്ടായിരുന്നു. അവരൊടൊപ്പം അഭിനയിക്കാൻ സാധിച്ചത് തന്നെ ഭാഗ്യമാണെന്ന് ഒരിക്കൽ ലാൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
സഹതാരങ്ങൾക്ക് മാത്രമല്ല, അണിയറ പ്രവർത്തകരും മോഹൻലാലിന്റെ അഭിനയം കണ്ട് അത്ഭുതപ്പെടാറുണ്ട്. പല സംവിധായകരും മോഹൻലാലിന്റെ അഭിനയം കണ്ട് കട്ട് പറയാൻ പോലും മറന്നുപോയെന്ന് വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ അത്ഭുത പ്രകടനങ്ങൾക്ക് ലഭിച്ച പുരസ്‌കാരങ്ങളും നിരവധിയാണ്.
വർഷങ്ങൾക്കിടയിൽ അഞ്ച് ദേശീയ അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ മോഹൻലാൽ സ്വന്തമാക്കി. എന്നാൽ ഒരിക്കൽ 1992-ൽ പുറത്തിറങ്ങിയ സദയം എന്ന ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിനെ മികച്ച നടനായി തിരഞ്ഞെടുക്കാതെ ജൂറി അർഹിച്ച പുരസ്‌കാരത്തിൽ നിന്നും താരത്തെ മാറ്റി നിർത്തി. മോഹൻലാലിനെ എന്തുകൊണ്ട് തെരെഞ്ഞെടുത്തില്ല എന്ന ചോദ്യം ഇക്കാലത്തും ഒരുപാട് ചർച്ച ചെയ്യപ്പെട്ടിരുന്നു.
1991-ൽ ഭരതം എന്ന ചിത്രത്തിലൂടെ നടൻ ദേശീയ അവാർഡ് നേടിയിട്ടുണ്ടെന്നും തുടർച്ചയായി രണ്ട് വർഷം മികച്ച നടനായി ഒരു നടനെ തിരഞ്ഞെടുക്കാൻ കഴിയില്ലെന്നും വിശദീകരിച്ച് ദേശീയ അവാർഡ് ജൂറി തങ്ങളുടെ തീരുമാനത്തെ ന്യായീകരിക്കുകയാണ് അന്ന് ചെയ്തത്. എങ്കിലും ഈ സംഭവത്തിന് എതിരെ ശക്തമായി തന്നെ ഉലഗനായകൻ കമൽഹാസൻ പ്രതികരിച്ചു. ദേശീയ അവാർഡ് ജൂറിയുടെ തീരുമാനത്തിനെതിരെ സംസാരിക്കാൻ മടിക്കാതിരുന്ന കമൽ, മോഹൻലാലിന് അവാർഡ് കൊടുക്കാതിരിക്കാനുള്ള ബോർഡിന്റെ കാരണം വളരെ ദുർബലമാണെന്ന് തോന്നുന്നു എന്ന് വിമർശിച്ചു.
സദയത്തിലെ അഭിനയത്തിന് മോഹൻലാലിന് ലഭിക്കാത്തതിനാൽ തനിക്ക് ലഭിച്ച രണ്ട് ദേശീയ അവാർഡുകളും വിലയില്ലാത്തതായി പരിഗണിക്കുമെന്നും താരം പറഞ്ഞിരുന്നു. അന്ന് ഈ പ്രസ്താവന വളരെയധികം ശ്രദ്ധ നേടുകയും ചർച്ചാവിഷയമാവുകയും ചെയ്തു.
എം ടി വാസുദേവൻ നായർ രചിച്ച് സിബി മലയിൽ സംവിധാനം ചെയ്ത ഒരു സൈക്കോളജിക്കൽ ഡ്രാമ ചിത്രമാണ് സദയം. നാല് പേരെ കൊലപ്പെടുത്തിയതിന് വധശിക്ഷ കാത്ത് മോഹൻലാൽ അവതരിപ്പിക്കുന്ന ഒരു പ്രതിയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. തനതായ കഥപറച്ചിൽ ശൈലിയും ഈ സിനിമ പിന്തുടർന്നിരുന്നു. ഈ സിനിമയിലെ മോഹൻലാലിന്റെ അഭിനയം അദ്ദേഹത്തിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായി തന്നെയാണ് കണക്കാക്കപ്പെടുന്നത്.
ചിത്രത്തിൽ തിലകൻ, നെടുമുടി വേണു, കെപിഎസി ലളിത, ശ്രീനിവാസൻ, മുരളി, ജനാർദനൻ, മാതു തുടങ്ങി നിരവധി താരങ്ങൾ അണിനിരന്നു. ജോൺസൺ സംഗീതം നിർവ്വഹിച്ചു.
അതേസമയം, ഡിസംബർ 21ന് റിലീസിനെത്തുന്ന ജീത്തു ജോസഫ് ചിത്രം നേര് ആണി മോഹൻലാലിന്റെ പുതിയചിത്രം. ഒന്നിലധികം ഭാഗങ്ങളായി പുറത്തിറങ്ങുന്ന റാം എന്ന മറ്റൊരു ചിത്രവും ഇരുവരും ചേർന്ന് ഒരുക്കുന്നുണ്ട്.
കമൽഹാസൻ ആകട്ടെ, നാഗ് അശ്വിന്റെ സയൻസ് ഫിക്ഷൻ ചിത്രമായ കൽക്കി 2898 എഡിയിലാണ് അടുത്തതായി അഭിനയിക്കുന്നത്. പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ, ഇന്ത്യൻ സിനിമയുടെ രണ്ടാം ഭാഗവും എസ് ശങ്കർ സംവിധാനം ചെയ്ത് റിലീസിന് തയ്യാറെടുക്കുകയാണ്.