സൂപ്പര്‍താരങ്ങളേയും യുവനിരയേയും പുതുമുഖങ്ങളേയും ഒക്കെ വെച്ച് നരവധി സൂപ്പര്‍ഹിറ്റ് മലയാള സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് കമല്‍. താരരാജാക്കന്‍മാരയ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും സൂപ്പര്‍താരങ്ങളായ ജയറാമിന്റെയും ദിലീപിന്റെയും ഒക്കെ കരിയര്‍ ബെസ്റ്റ് സിനിമകള്‍ എടുത്താല്‍ അതില്‍ കമല്‍ ഒരുക്കിയ സിനിമകള്‍ മുന്‍പന്തിയിലായിരുക്കും.
മോഹന്‍ലാലിനെ നായകനാക്കി 1986 ല്‍ മിഴിനീര്‍പൂവുകള്‍ എന്ന സിനിമ ഒരുക്കിയാണ് കമല്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഉണ്ണികളേ ഒരു കഥ പറയാം, കാക്കോത്തികവിലെ അപ്പുപ്പന്‍ താടികള്‍, ഓര്‍ക്കാപ്പുറത്ത്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, വിഷ്ണു ലോകം, പാവം പാവം രാജകുമാരന്‍, മേഘ മല്‍ഹാര്‍, മഴയെത്തു മുമ്പേ, അഴകിയ രാവണന്‍, ഗസല്‍, നിറം, അയാള്‍ കഥയെഴുതുകയാണ് തുടങ്ങി ഒട്ടേറെ മികച്ച സിനിമകള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു.
ഇപ്പോഴിതാ തന്റെ ആദ്യ ചിത്രം തിയ്യേറ്ററിലെത്തിയപ്പോഴുള്ള തന്റെ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍. ചിത്രം റിലീസ് ചെയ്ത ദിവസം തന്നെ ഒത്തിരി പേര്‍ തിയ്യേറ്ററില്‍ സിനിമകാണാനായി എത്തിയിരുന്നുവെന്നും എന്നാല്‍ തങ്ങള്‍ വിചാരിച്ചപോലെ സിനിമ വിജയിച്ചില്ലെന്നും കമല്‍ പറയുന്നു.
ചിത്രത്തില്‍ നെഗറ്റീവ് റോളിലായിരുന്നു മോഹന്‍ലാല്‍ എത്തിയത്. അതുകൊണ്ടായിരിക്കാം ചിത്രം വിജയിക്കാതെ പോയതെന്നും എന്നാല്‍ ആദ്യ ദിവസങ്ങളില്‍ മികച്ച കളക്ഷന്‍ നേടാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നുവെന്നും താന്‍ സിനിമകാണാന്‍ കയറിയപ്പോള്‍ ടൈറ്റില്‍സ് തുടങ്ങിക്കഴിഞ്ഞിരുന്നുവെന്നും ഡോര്‍ തുറന്ന് അകത്ത് കയറിയപ്പോള്‍ തന്റെ പേരാണ് സ്‌ക്രീനില്‍ കണ്ടതെന്നും കമല്‍ പറയുന്നു.
അത് ജീവിതത്തിലെ വലിയൊരു സന്തോഷം തന്നെയായിരുന്നു. തിയ്യേറ്ററില്‍ ആളുകളുടെ വലിയ ബഹളം ഒക്കെയായിരുന്നുവെന്നും അങ്ങനെ താനും അവര്‍ക്കൊപ്പമിരുന്നു സിനിമ കണ്ടുവെന്നും രണ്ട് മൂന്ന് ദിവസം ചിത്രം മികച്ച രീതിയില്‍ ഓടിയിരുന്നുവെന്നും കമല്‍ പറയുന്നു.