മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായിരുന്നു നടി കൽപ്പന. മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു താരം. 2016 ജനുവരി 25നാണ് സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് നടി കൽപനയുടെ മരണവാർത്ത എത്തിയത്. ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹൈദരബാദിൽ അവർ താമസിച്ചിരുന്ന ഹോട്ടലിൽ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു.
പൊടുന്നനെയുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമായത്. ഹാസ്യ കഥാപാത്രങ്ങളിലൂടെ സുപരിചിതയായ കൽപ്പന തനിക്ക് ആ വേഷങ്ങളേക്കാൾ താത്പര്യം സീരിയസ് വേഷങ്ങളോടാണെന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
ALSO READ
കൽപ്പനയുടെ വേർപാടിന് ആറ് വർഷം തികയുകയാണ്. സിനിമാ മേഖലയിലുള്ളവരും ആരാധകരുമെല്ലാം കൽപ്പനയുടെ ഓർമകൾ പങ്കുവെച്ച് എത്തി. അതിൽ കൽപ്പനയുടെ ബന്ധുവും നടനുമായ മനോജ്.കെ.ജയൻ കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ‘ഓർമ്മപ്പൂക്കൾ.. കൽപ്പനയ്ക്ക് തുല്യം കൽപ്പന മാത്രം. മലയാള സിനിമയിൽ കൽപ്പനയുടെ കസേര ഇന്നും ഒഴിഞ്ഞ് കിടക്കുന്നു. എന്നും സത്യസന്ധമായ…വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്പനയുടേത്. മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു. ഒരുപാട് സ്നേഹത്തോടെ… നിറഞ്ഞ സ്മരണയോടെ പ്രണാമം’ എന്നാണ് മനോജ്.കെ.ജയൻ കുറിച്ചു.
ഹാസ്യസാമ്രാട്ട് ജഗതിക്കൊപ്പമുള്ള കൽപ്പനയുടെ പല വേഷങ്ങളും പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ച് പറ്റിയവയായിരുന്നു. ഹാസ്യ കഥാപാത്രങ്ങൾ കൽപ്പനയോളം തൻമയത്വത്തോടെ അവതരിപ്പിക്കുന്ന ഒരു മലയാള നടി ഇപ്പോഴും സിനിമയിൽ ഇല്ല. മറ്റാർക്കും ഒരിക്കലും ഒരു യുഡിസി ആയി നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടാൻ കഴിയുമെന്ന് തോന്നുന്നില്ല. ‘പാവത്തുങ്ങൾക്ക് ഇത്രേം സൗന്ദര്യം കൊടുക്കല്ലേ’ എന്ന് കൽപ്പന പറയുമ്പോൾ പൊട്ടിച്ചിരിക്കാത്ത മലയാളികൾ ഉണ്ടാവില്ല. കൗതുക വാർത്തകളിലെ കമലു ബാല സുബ്രഹ്മണ്യം അടക്കം നിരവധി കഥാപാത്രങ്ങളുണ്ട്.
ജഗതി ശ്രീകുമാർ എന്ന നടന്റെ ഒപ്പത്തിനൊപ്പം കൽപ്പനയോളം ഹാസ്യം ചെയ്യാൻ പറ്റുന്ന നടിമാർ ഈ ഭൂമി മലയാളത്തിൽ ഉണ്ടോ എന്ന് തന്നെ സംശയമാണ്. നന്നായി അഭിനയിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാൽ മോശമായി അഭിനയിക്കുന്ന ഒരു നടിയായി അഭിനയിച്ച് തകർക്കുക എന്നത് കൽപ്പനയോളം ചെയ്ത വേറൊരു വ്യക്തി ഉണ്ടാവില്ല. ‘താത കണ്വൻ തപോഭൂവിൽ നിന്നും മടങ്ങിയെത്തിയില്ലെ ശകുന്തളേ’ എന്ന് ദുഷ്യന്തൻ ആയ മോഹൻലാലിന്റെ ചോദ്യത്തിന് കണ്ണുകൾ ചിമ്മി ‘എന്റെ നാഥാ’ എന്ന് പറഞ്ഞ് നമ്മളെ ചിരിപ്പിക്കാൻ മറ്റാർക്കാണ് കഴിയുക. അതിലും മികച്ച ഒരു ദുഷ്യന്തനും ശകുന്തളയും മലയാളികൾ വേറെ കണ്ടിട്ടുണ്ടാവില്ല. തന്റെ ജീവിതത്തിലേയും കരിയറിലേയും അവസാനഘട്ടത്തിലാണ് കൽപ്പന ഏറ്റവും മികച്ച കഥാപാത്രങ്ങളിലേക്ക് കടന്നത്.
ചാർലിയിലെ മേരിയും, ഡോൾഫിൻസിലെ കൊച്ചുവാവയും, സ്പിരിറ്റിലെ പങ്കജവുമെല്ലാം തമ്മിൽ തമ്മിൽ മത്സരിക്കുന്നവയായിരുന്നു. സ്ക്രീനിന് അകത്തും പുറത്തും തനിക്ക് പറയാനുള്ളത് ആരുടേയും മുഖത്ത് നോക്കി വിളിച്ച് പറയുന്ന തന്റേടിയായ നടി കൂടിയായിരുന്നു കൽപ്പന.
ALSO READ
മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ളയാളാണ് കൽപ്പന. നാടകപ്രവർത്തകരായ വി.പി നായരുടേയും വിജയലക്ഷ്മിയുടേയും മകളായി ജനിച്ചു. കൽപ്പന പ്രിയദർശിനിയെന്നാണ് മുഴുവൻ പേര്. നടിമാരായ കലാരഞ്ജിനിയും ഉർവശിയുമാണ് സഹോദരിമാർ. കമൽ റോയ്, നന്ദു എന്നിവർ സഹോദരന്മാരുമാണ്. സംവിധായകൻ അനിൽ കുമാറായിരുന്നു ഭർത്താവ്.
2012ൽ വിവാഹമോചനം നേടി. ശ്രീമയിയാണ് മകൾ. ചാർളിയാണ് ഏറ്റവും അവസാനം കൽപ്പനയുടേതായി റിലീസിനെത്തിയ സിനിമ. മേരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കൽപ്പന അവതരിപ്പിച്ചത്. ദുൽഖറായിരുന്നു ചിത്രത്തിൽ നായകനായത്. അന്ന് ചാർളി റിലീസായ സമയത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കഥാപാത്രവും കൽപ്പനയുടേത് തന്നെയായിരുന്നു. കൽപ്പനയുടെ ആഗ്രഹം പോലെ തന്നെ ഹാസ്യത്തിൽ നിന്ന് മാറി ക്യാരക്ടർ റോളായിരുന്നു ചാർളിയിൽ കാരം അവതരിപ്പിച്ചത്.