മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായിരുന്നു നടി കല്‍പ്പന. മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു താരം. 2016 ജനുവരി 25നാണ് സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് നടി കല്‍പനയുടെ മരണവാര്‍ത്ത എത്തിയത്.
ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹൈദരബാദില്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. പൊടുന്നനെയുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമായത്. ഹാസ്യ കഥാപാത്രങ്ങളിലൂടെ സുപരിചിതയായ കല്‍പ്പന തനിക്ക് ആ വേഷങ്ങളേക്കാള്‍ താത്പര്യം സീരിയസ് വേഷങ്ങളോടാണെന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെയായിരുന്നു കല്‍പന മലയാള സിനിമ പ്രേമികളുടെ മനസ്സില്‍ ഒരു ഇടം കണ്ടെത്തിയത്. മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന വ്യത്യസ്ത തരത്തിലുള്ള ഒരുപാട് കഥാപാത്രങ്ങളെയും സിനിമകളെയും ആരാധകര്‍ക്ക് വേണ്ടി കല്‍പ്പന സമ്മാനിച്ചിട്ടുണ്ട്.
ഇപ്പോഴിതാ അമ്മയുടെ ഓര്‍മ്മകള്‍ വേദനയോടെ പങ്കുവെക്കുകയാണ് മകള്‍ ശ്രീമയി. അമ്മ ഞങ്ങളെ വിട്ട് പോയിട്ടില്ലെന്ന് തന്നെയാണ് കരുതുന്നതെന്നും വീട്ടില്‍ എവിടെയും അമ്മയുടെ ഒരു ഫോട്ടോ പോലും വെച്ചിട്ടില്ലെന്നും ശ്രീമയി പറയുന്നു.
എപ്പോള്‍ വേണമെങ്കിലും ചിരിച്ച മുഖത്തോടെ അമ്മ വീട്ടിലേക്ക് കയറിവരുമെന്ന വിശ്വാസത്തില്‍ തന്നെയാണ് തങ്ങളെന്നും തന്നെ അമ്മ ഒരുപാട് നല്ല കാര്യങ്ങള്‍ പറഞ്ഞ് പഠിപ്പിച്ചിട്ടുണ്ടെന്നും അതില്‍ ഏറ്റവും ആദ്യം ഗുരുത്വമാണെന്നും ശ്രീമയി പറയുന്നു.
അമ്മ തന്നെ എളിമ വിനയം, മുതിര്‍ന്നവരോടുള്ള ബഹുമാനം എന്നിവയെക്കെ വേണമെന്ന് പഠിപ്പിച്ചുണ്ട്. മുതിര്‍ന്നവരുടെ മുന്നില്‍ കാലില്‍ കാല് കയറ്റി വെച്ച് ഇരിക്കരുതെന്ന് പഠിപ്പിച്ചു. അഹങ്കാരിയെന്ന് ആരെക്കൊണ്ടും പറയിപ്പിക്കരുതെന്നും
ഗുരുസ്ഥാനത്തുള്ളവരുടെ ശാപം വാങ്ങരുതെന്നും പഠിപ്പിച്ചുവെന്നും ശ്രീമയി കൂട്ടിച്ചേര്‍ത്തു.
ഈശ്വര ഭക്തി എപ്പോഴും മനസ്സില്‍ വേണമെന്ന് അമ്മ പറയും. മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി താന്‍ ഒരു ഭക്തയാവരുതെന്നും മറ്റുള്ളവരോടുള്ള അലിവും, സ്‌നേഹവും ആര്‍ദ്രതയും ഒക്കെയാണ് ഭക്തി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അമ്മ പറഞ്ഞതായി ശ്രീമയി കൂട്ടിച്ചേര്‍ത്തു.