കന്യകാത്വമൊന്നും നിധി പോലെ കാക്കേണ്ടതല്ലെന്ന് ബോളിവുഡ് യുവ നടി

73

നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും നടത്താത്ത താരമാണ് കല്‍ക്കി കൊയ്ച്ചിലിന്‍. മീ ടൂ മൂവ്‌മെന്റിനെക്കുറിച്ചും സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കല്‍ക്കിക്ക് കുറച്ചേറെ പറയാനുണ്ട്.

സ്ത്രീകള്‍ക്കെതിരെയുള്ള കൈയേറ്റങ്ങളും അതിക്രമങ്ങളും അവസാനിക്കണമെങ്കില്‍ സമൂഹം ലൈംഗികതയെക്കുറിച്ച്‌ തുറന്നു സംസാരിക്കാന്‍ തയാറാകണമെന്നാണ് താരം പറയുന്നത്.

Advertisements

ലൈംഗികതയെ വിശുദ്ധിയുള്ളതോ, അശുദ്ധിയുള്ളതോ ആയി കാണുന്നത് ആദ്യം നിറുത്തണം. കന്യകാത്വമെന്നത് പെണ്‍കുട്ടികള്‍ ഒരു നിധി പോലെ സംരക്ഷിക്കേണ്ടതോ പിന്നീട് ഭര്‍ത്താവിന് സമ്മാനമായി നല്‍കേണ്ടതോ അല്ല. ഒരു സ്ത്രീ നോ എന്ന് പറഞ്ഞാല്‍ അത് പ്രസ്താവനയുടെ അവസാനമാണെന്ന് ആണ്‍കുട്ടികള്‍ മനസിലാക്കണം.

ഇവിടെ സ്ത്രീകള്‍ നോ പറഞ്ഞാലും ചില പുരുഷന്മാര്‍ പിന്മാറില്ല. അവരുടെ പിന്നാലെ നടന്ന് നിര്‍ബന്ധിച്ച്‌ എതിര്‍ക്കാനുള്ള അവരുടെ ശേഷിയെ ദുര്‍ബലപ്പെടുത്തിയ ശേഷം അവര്‍ പറഞ്ഞ നോ എന്ന ഉത്തരത്തെ യെസ് ആക്കി മാറ്റാന്‍ ശ്രമിക്കും.

നോ എന്നാണ് മനസ്സു പറയുന്നതെങ്കില്‍ അങ്ങനെ തന്നെ ഉറപ്പിച്ചു പറയണമെന്ന് നമ്മുടെ പെണ്‍കുട്ടികളെ പഠിപ്പിക്കണം. അതുപോലെ തന്നെ പ്രധാനമാണ് വേണം എന്നു തോന്നുകയാണെങ്കില്‍ യെസ് എന്ന് മറുപടി പറയുന്നതെന്നും പെണ്‍കുട്ടികളെ പഠിപ്പിക്കണം.

ലൈംഗികതയെക്കുറിച്ചും ലൈംഗികാതിക്രമങ്ങളെക്കുറിച്ചും മക്കളോട് സംസാരിക്കാന്‍ ഇന്ത്യയിലെ മാതാപിതാക്കള്‍ തയാറല്ല. കഴിഞ്ഞ 20 വര്‍ഷമായി പെണ്‍കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കുന്നുണ്ട്. പക്ഷേ ആണ്‍കുട്ടികള്‍ക്ക് ഇതു സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ നമ്മള്‍ മറന്നുപോയി.

ഇപ്പോള്‍ പെണ്‍കുട്ടികളും സ്ത്രീകളും വിദ്യാഭ്യാസമുള്ളവരും സ്വയം പര്യാപ്തരുമാണ്. പക്ഷേ, പുരുഷന്മാരില്‍ പലര്‍ക്കും മോഡേണായ, ഫോര്‍വേഡായി ചിന്തിക്കുന്ന സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച്‌ നല്ല ധാരണയില്ലെന്നും താരം തുറന്നു പറയുന്നു.

Advertisement