ട്വിസ്റ്റുകൾ നിറഞ്ഞ അടിപൊളി മാസ് പടമായാണ് സുരേഷ് ഗോപി- ജോഷി ടീമിന്റെ പാപ്പൻ തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. ഏഴ് വർഷങ്ങൾക്ക് ശേഷം സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചിരിക്കുന്ന ചിത്രമാണ് ‘ പാപ്പൻ ‘. ജോഷിയും സുരേഷ് ഗോപിയും മുൻപ് ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർക്ക് അഡ്രിനാലിൻ റഷ് നൽകിയവയാണ്. ഏറെ നാളുകൾക്ക് ശേഷം ഇരുവരും ഒന്നിക്കുമ്പോൾ തന്നെ വലിയൊരു ഹൈപ്പുണ്ടായിരുന്നു. ആ പ്രതീക്ഷകളെ തകർക്കാതെയാണ് പാപ്പൻ തിയേറ്ററിൽ നിറഞ്ഞോടുന്നത്. സിനിമയിൽ ആകമാനം നിറഞ്ഞാടുകയാണ് സുരേഷ് ഗോപി. ആശ ശരത്തും നീത പിള്ളയും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
പതിവ് അഭിനയ ശൈലിയിൽ നിന്നും ഏറെ വ്യത്യസ്തമായ പ്രകടനമാണ് സുരേഷ് ഗോപിയുടേത്. ട്വിസ്റ്റുകളോട് ട്വിസ്റ്റാണ് ചിത്രത്തിലുള്ളതെന്ന് പ്രേക്ഷകർ പറയുന്നു. ആദ്യ പകുതിയിൽ ഓരോ കഥാപാത്രങ്ങളുടേയും ഇൻട്രോകളാണ് ശ്രദ്ധേയം. ഷമ്മി തിലകന്റെ മാസ്സ് ഇൻട്രോ ആദ്യ പകുതിയിൽ എടുത്തുപറയേണ്ടതാണ്. തിരിച്ചുവരവ് ജോഷിയും സുരേഷ് ഗോപിയും ചേർന്ന് ഉഷാറാക്കിയെന്ന് തന്നെ പറയാം. സസ്‌പെൻസ് നിറച്ച ചോദ്യത്തോടെയാണ് ആദ്യ പകുതി തീരുന്നത്. പാപ്പൻ ശെരിക്കും ആരാണ്? ആദ്യപകുതിയിൽ വിട്ടു പോയ കണ്ണികൾ രണ്ടാം പകുതിയിൽ വിളക്കിചേർക്കലാണ് രണ്ടാം പകുതിയിൽ.
പ്രഡിക്ടബിൾ സീക്വൻസുകളും ചില ഇൻട്രസ്റ്റിങ് അല്ലാത്ത ഇൻവസ്റ്റിഗേറ്റീവ് നരേഷനുകളുംം മാറ്റി നിർത്തിയാൽ ഒരു തനി ജോഷി പടത്തിന്റെ എക്‌സ്പീരിയൻസ് പ്രേക്ഷകർക്ക് പാപ്പൻ സമ്മാനിക്കുന്നു. ആദ്യ പകുതിയിൽ ചെറിയ ലാഗ് ഫീൽ ചെയ്യുമെങ്കിലും സെക്കൻഡ് ഹാഫിൽ വേറൊരു മൂഡിലേക്ക് ചിത്രം മാറുന്നുണ്ട്. അത് പ്രേക്ഷകരെ പിടിച്ചിരുത്തുന്നതാണ്.
പ്രേക്ഷകർ ഇതുവരെ കണ്ടു ശീലിച്ചിട്ടുള്ള സുരേഷ് ഗോപിയുടെ സിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തവുമാണ് പാപ്പൻ. ഇരുത്തം വന്ന നടനായാണ് ചിത്രത്തിൽ താരം പ്രത്യക്ഷപ്പെടുന്നത്. ഒരു സൂപ്പർ കോപ്പിൽ നിന്ന് എക്‌സീപീരിയൻസ് കോപ്പിലേക്കുള്ള മാറ്റമാണത്. ചിത്രത്തിൽ ഏറെ സ്‌കോർ ചെയ്യുന്നത് ഷമ്മി തിലകനും നീത പിള്ളയും ആശ ശരത്തുമാണ്.
ജോഷി വ്യത്യസ്തമായൊരു പോലീസ് വേഷമാണ് സുരേഷ് ഗോപിക്ക് സമ്മാനിച്ചിരിക്കുന്നത്. ജോഷി കാലത്തിനനുസരിച്ചുള്ള മാറ്റം സ്വയം വരുത്തിയിട്ടുണ്ട്. അഭിനേതാക്കളെ തെരഞ്ഞെടുത്തിരിക്കുന്നത് കൃത്യമായിട്ടാണ്. ടെക്‌നിക്കൽ സൈഡിലെ ചില വിമർശനങ്ങളാണ് ചിലർക്ക് പറയാനുള്ളത്. വിഎഫ്എക്‌സ്, ക്യാമറ വർക്കുകൾ കുറച്ചുകൂടി നന്നാക്കിയിരുന്നെങ്കിൽ എന്നും പ്രേക്ഷകർ പറയുന്നു.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ നൈല ഉഷ, നിതാ പിള്ള, ആശാ ശരത്ത്, കനിഹ, ഗോകുൽ സുരേഷ്, സണ്ണി വെയിൻ, വിജയരാഘവൻ, ഷമ്മിതിലകൻ, ടിനി ടോം, ചന്തുനാഥ് തുടങ്ങി നിരവധി താരങ്ങളുണ്ട്. മികച്ച പ്രകടനമാണ് ഓരോ അഭിനേതാക്കളുടേയും എന്ന് എടുത്തുപറയേണ്ടതാണ്.
‘കെയർ ഓഫ് സൈറാബാനു’ എന്ന ചിത്രത്തിന് ശേഷം ആർജെ ഷാൻ തിരക്കഥയെഴുതിയിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ്.