മലയാളികളെ ഒന്നടങ്കം തീരാ ദുഃഖത്തിൽ ആക്കിയ ഒന്നായിരുന്നു പ്രിയ നടൻ കലാഭവൻ മണിയുടെ അകാലത്തിൽ ഉള്ള വേർപാട്. ദാരിദ്ര്യത്തിൽ നിന്നും മിമിക്രിയിലേക്കും അവിടെ നിന്നും സിനിമയിലേക്കും എത്തി തെന്നിന്ത്യൻ സിനിമയിലെ മികച്ച നടൻമാരിൽ ഒരാളായി കലാഭവൻ മണി മാറിയിരുന്നു.
മിമിക്രി വേദികളിലൂടെയാണ് കലാഭവൻ മണി സിനിമയിലെത്തുന്നത്. കോമഡിയായിരുന്നു കലാഭവൻ മണിയെ ജനപ്രിയൻ ആക്കി മാറ്റുന്നത്. പിന്നീട് നായകനായും സഹനടനായും വില്ലനായുമെല്ലാം കൈയ്യടി നേടിയ മണി മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു.
ലോകത്തിന്റെ ഏത് കോണിലാണെങ്കിലും കലാഭവൻ മണിയുടെ നാടൻ പാട്ട് കേട്ടാൽ മലയാളിയുടെ മനസ് നിറയുമായിരുന്നു.താരം സഹായം നൽകിയത് നിരവധി പേർക്കാണ്. ഇത്തരത്തിൽ സഹായം സ്വീകരിച്ചവർക്ക് ഇന്നും താരത്തിന്റെ വിയോഗം വിശ്വസിക്കാനാകുന്നില്ല. ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുകയാണ് മണി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏകമകൾ ശ്രീലക്ഷ്മി അച്ഛന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ്.
മിടുക്കിയായി പഠിച്ച് ഡോക്ടറായിരിക്കുകയാണ് താരപുത്രി. അമ്മയും കൊച്ചച്ചനും ബന്ധുക്കളുമെല്ലാം ശ്രീലക്ഷ്മിക്ക് എല്ലാ പിന്തുണയുമായി കൂടെ തന്നെയുണ്ട്. ദിലീപിന്റെ മകൾ മീനാക്ഷിയുടെ അതേപ്രായമാണ് ശ്രീലക്ഷ്മിയ്ക്കും. മീനൂട്ടിയും എംബിബിഎസ് പഠനം പൂർത്തിയാക്കിയിരിക്കുകയാണ്.
പത്താക്ലാസിൽ ശ്രീലക്ഷ്മി പഠിക്കുമ്പോഴായിരുന്നു കലാഭവൻ മണിയുടെ അപ്രതീക്ഷിത വിടവാങ്ങൽ. പരീക്ഷയ്ക്കിടയിൽ വെച്ചായിരുന്നു മരണം. എങ്കിലും തന്റെ അച്ഛന്റെ ആഗ്രഹം പൂർത്തിയാക്കാൻ, വേദനകൾ ഉള്ളിലൊതുക്കി ശ്രീലക്ഷ്മി പഠിച്ചു പരീക്ഷയെഴുതുകയായിരുന്നു.
തുടർന്ന് മികച്ച മാർക്കോടു കൂടിയാണ് ശ്രീലക്ഷ്മി എസ്എസ്എൽസി പാസായത്. പ്ലസ് ടുവിനും ഉന്നതവിജയം നേടാൻ ശ്രീലക്ഷ്മിയ്ക്ക് സാധിച്ചിരുന്നു. പിന്നാലെ അച്ഛന്റെ ആഗ്രഹം പൂർത്തിയാക്കാൻ എംബിബിഎസ് എന്ന സ്വപ്നത്തിനായുള്ള പാതയിലായിരുന്നു ശ്രീലക്ഷ്മി.
തന്റെ മകൾ പാവങ്ങൾക്ക് താങ്ങാവുന്ന ഒരു ഡോക്ടർ ആവണമെന്നായിരുന്നു കലാഭവൻ മണിയുടെ ആഗ്രഹം. പാവപ്പെട്ടവർക്ക് എപ്പോഴും സഹായം ചോദിച്ച് വരാൻ കഴിയുന്ന, അവരുടെ കയ്യിൽ നിന്ന് പൈസയൊന്നും വാങ്ങാതെ അവരെ മനസറിഞ്ഞ് ചികിത്സിക്കുന്ന ഡോക്ടറാകണമെന്നാണ് മണി പറയാറുണ്ടായിരുന്നു.
ഇതിനിടെ മുൻപൊരു അഭിമുഖത്തിൽ അച്ഛനെ മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് അച്ഛൻ ഷൂട്ടിംഗിന് പോയതുപോലെയാണ് തോന്നുന്നതെന്നാണ് മകൾ ശ്രീലക്ഷ്മി പറഞ്ഞിരുന്നു.
‘അച്ഛൻ എന്നെ ഒരിക്കലും മോളേ എന്ന് വിളിച്ചിട്ടില്ല. മോനേ എന്നേ വിളിക്കാറുണ്ടായിരുന്നുള്ളൂ. ആൺകുട്ടികളെപ്പോലെ നിനക്ക് നല്ല ധൈര്യം വേണം, കാര്യപ്രാപ്തി വേണം, കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്ക് നോക്കി നടത്താൻ കഴിയണം എന്നൊക്കെ പറയുമായിരുന്നു.’- എന്നും ശ്രീലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.