കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ ഹനീഫിന്റെ മരണവാര്‍ത്ത പുറത്തുവന്നത്. 58 വയസ്സായിരുന്നു അദ്ദേഹത്തിന്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അന്ത്യം.
കുറച്ചു ദിവസങ്ങളായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. നടന്റെ മരണവാര്‍ത്ത പുറത്തു വന്നതോടെ ഹനീഫ് ചെയ്ത കഥാപാത്രങ്ങളും പ്രേക്ഷക മനസ്സിലൂടെ കടന്നു പോവുകയാണ്.
ഹനീഫിന്റെ ഈ പറക്കും തളിക എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തില്‍ കുറച്ച് സമയമേ നടന്‍ പ്രത്യക്ഷപ്പെട്ടുള്ളു എങ്കിലും അത് പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നത് തന്നെയായിരുന്നു. ഇത്തരത്തില്‍ തനിക്ക് ലഭിച്ച ചെറിയ റോള്‍ എല്ലാം മനോഹരമായി തന്നെ ഹനീഫ് അവതരിപ്പിച്ചു.
ഹനീഫിന്റെ വിയോഗ വാര്‍ത്ത ഏറെ വേദനയോടെയാണ് സിനിമാലോകം കേട്ടത്. പലര്‍ക്കും അത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. മനോജ് കെ ജയന്‍, ദിലീപ്, ഷാജു ശ്രീധര്‍ തുടങ്ങി പ്രമുഖ താരങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ താരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നു.
ഒത്തിരി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചു, ഹനീഫിക്കയുമായി ഒരു സഹോദരനെ പോലെയുളള സ്‌നേഹബന്ധം ഉണ്ടായിരുന്നുവെന്നും ഈ വിയോഗം അപ്രതീക്ഷിതമാണെന്നും പ്രിയപ്പെട്ട ഹനീഫിക്കയ്ക്ക് വിട എന്നും ദിലീപ് കുറിച്ചു.
ഇക്കാ ഇങ്ങള് പോയല്ലോ എന്നായിരുന്നു തസ്‌നി ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒരുപാട് ഒരുപാട് നല്ല വാക്കുകള്‍ കൊണ്ട് തങ്ങളെ എല്ലാം എപ്പോഴും സംരക്ഷിച്ചിരുന്ന നല്ലൊരു സുഹൃത്ത് നല്ലൊരു സഹോദരന്‍, പടച്ചോനെ ഇക്കയുടെ ഖബറിടം വിശാലമാക്കി കൊടുക്കണേ ആമീന്‍ എന്നും തെസ്‌നി ഖാന്‍ കുറിച്ചു.