തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാള്‍ പ്രധാനവേഷത്തിലെത്തുന്ന പാരിസ് പാരിസ് എന്ന ചിത്രത്തിന്റെ വിവാദ ടീസറിന് വിശദീകരണവുമായി സംവിധായകന് രമേഷ് അരവിന്ദ്.
ചിത്രത്തില്‍ കാജലിന്റെ കഥാപാത്രത്തിന്റെ സ്തനത്തില്‍ സഹതാരമായ എല്ലി അവരാം തൊടുന്ന രംഗമാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.
എന്നാല്‍ റണാവത്ത് പ്രധാനവേഷത്തിലെത്തിയ ഹിന്ദി ചിത്രം ക്വീനിന്റെ റീമേക്കാണ് പാരിസ് പാരിസ്. കങ്കണയും ലിസ ഹെയ്ഡനും തമ്മിലുള്ള ഒരു തമാശ രംഗം അതേ പടി പകര്‍ത്തി വച്ചതാണെന്നും അതില്‍ മോശമായി ഒന്നുമില്ലെന്നും സംവിധായകന് പറഞ്ഞു.
അതേസമയം, സിനിമ വില്‍ക്കാനുള്ള സംവിധായകന്റെ തന്ത്രമാണിതെന്നും കാജലിനെപ്പോലുള്ള ഒരു താരത്തെ അതിന് ഉപയോഗിച്ചെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന സിനിമയുടെ ടീസറിന് താഴെയും വിമര്‍ശനമുണ്ട്. 2014 ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിന് കങ്കണയെ അര്‍ഹയാക്കിയ ചിത്രമാണ് ക്വീന്‍.
വികാസ് ബാലാണ് ചിത്രം ഒരുക്കിയത്. 12 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ബോക്സ് ഓഫീസില്‍ 100 കോടിയിലേറെ നേടി.
മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നിങ്ങനെ ഭാഷകളിലായാണ് ക്വീന്‍ റീമേക്കുകള്‍ ഒരുങ്ങുന്നത്. സംസം എന്ന പേരില്‍ മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായിക.
തെലുങ്കില്‍ തമന്നയും കന്നടയില്‍ പറുള്‍ യാദവുമാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്.