മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ജോണി ആന്റണി. ട്രെൻസ് സെറ്ററായി മാറിയ സിഐഡി മൂസയിലൂടെ സിനിമയിൽ തുടക്കം കുറിക്കുകയും പിന്നീട് പല ജോണറിൽ ഉള്ള സിനിമകളിലൂടെ ശ്രദ്ധ നേടുകയും ചെയ്തു ജോണി ആന്റണി. സംവിധായകൻ മാത്രമല്ല മികച്ച ഒരു നടൻ കൂടിയാണ് ഇന്ന് ജോണി ആന്റണി.
1991ൽ ചാഞ്ചാട്ടം എന്ന സിനിമയിൽ സംവിധായകൻ തുളസിദാസിന്റെ അസിസ്റ്റന്റ് സംവിധായകനായിട്ടാണ് ജോണി ആന്റണിയുടെ തുടക്കം. വളരെയധികം സിനിമകളിൽ തുളസിദാസിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു. ദിലീപ് നായകനായ സിഐഡി മൂസയിലൂടെ 2003ലാണ് ജോണി ആന്റണി സ്വതന്ത്ര സംവിധായകനാകുന്നത്. സിഐഡി മൂസ വൻ സാമ്പത്തികവിജയം നേടി.
തുടർന്ന് ദിലീപ് കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകളായ കൊച്ചി രാജാവ്, ഇൻസ്‌പെക്ടർ ഗരുഡ്, മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത തുറുപ്പുഗുലാൻ, താപ്പാന, തോപ്പിൽ ജോപ്പൻ തുടങ്ങി നിരവധി സിനിമകൾ ജോണി ആന്റണി സംവിധാനം ചെയ്തു. പിന്നീട് അഭിനയ രംഗത്തേക്ക് ഇറങ്ങിയ ജോണി ആന്റണി വരനെ ആവശ്യമുണ്ട് സിനിമയിലെ ഡോക്ടറുടെ വേഷത്തിലൂടെ അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. പിന്നീട് അഭിനയലോകത്ത് അമ്പരപ്പിക്കുന്ന നേട്ടങ്ങളാണ് താരം കൈമുതലാക്കിയത്.
ഈ വർഷം മാത്രം എട്ടോളം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. അതിൽ തന്നെ പ്രണവ് മോഹൻലാൽ നായകനായ ഹൃദയം, ജോ ആൻഡ് ജോ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. അനായാസമായി ഹാസ്യം കൈകാര്യം ചെയ്യാനുള്ള കഴിവും സ്വാഭാവികത നിറഞ്ഞ അഭിനയ ശൈലിയുമാണ് ജോണി ആന്റണിയെ പ്രേക്ഷകർക്ക് പ്രിയങ്കരനാകുന്നത്.
ഇപ്പോൾ് ജോണി ആന്റണിയിലെ സംവിധായകനെക്കാൾ പ്രേക്ഷകർ സ്‌നേഹിക്കുന്നത് അദ്ദേഹത്തിലെ നടനെയാണ്. താൻ സംവിധായകനായിരുന്ന കാലത്തുണ്ടായ നഷ്ടങ്ങൾ നടനായിട്ടാണ് വീട്ടിയതെന്ന് തുറന്നുപറയുകയും ചെയ്തിരിക്കുകയാണ് ജോണി ആന്റണി. സംവിധാനകാലം തന്നെ കടക്കാരൻ ആക്കിയെന്നും ഇപ്പോൾ അഭിനയത്തിലൂടെ ആ കടങ്ങൾ വീട്ടുകയാണ് എന്നാണ് അദ്ദേഹം മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിൽ തുറന്നുപറഞ്ഞത്.
ആദ്യ ചിത്രമായ സി ഐ ഡി മൂസയ്ക്ക് തനിക്ക് 2 ലക്ഷം രൂപ പ്രതിഫലം ലഭിച്ചെന്നും അത് വലിയ കാര്യമാണെന്നും ജോണി പറയുന്നു. ‘സിഐഡി മൂസയ്ക്ക് 2 ലക്ഷം ശമ്പളം കിട്ടിയെന്നത് അന്നൊരു പുതുമുഖ സംവിധായകനെ സംബന്ധിച്ച് വലിയ കാര്യമാണ്. ഇന്നത്തെ 30 ലക്ഷം രൂപയെങ്കിലും വരും അത്. സിനിമയ്ക്ക് വേണ്ടി നിലകൊണ്ടാൽ, പരിശ്രമിച്ചാൽ അതിന് ഫലം ലഭിക്കും. അതിന് പ്രാപ്തമാണ് നമ്മുടെ സിനിമാമേഖല,’ അദ്ദേഹം പറഞ്ഞു.
പിന്നീട് അങ്ങോട്ട് താൻ ഒരു കടക്കാരനായി മാറുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ‘ഇപ്പോൾ സമാധാനമുണ്ട്. സംവിധാനകാലം എന്നെ കടക്കാരനാക്കി. ആ കടങ്ങളിൽ 80 ശതമാനം ഇപ്പോൾ സിനിമയിൽ അഭിനയിച്ച് വീട്ടി. 2003 ൽ ആദ്യ സിനിമ സി ഐ ഡി മൂസ ചെയ്യുമ്പോൾ 2 ലക്ഷം രൂപയാണ് എനിക്ക് ലഭിച്ച ശമ്പളം. രണ്ടാം സിനിമ ചെയതത് 7 ലക്ഷം രൂപയ്ക്കാണ്. ആകെ 19 സിനിമ സംവിധാനം ചെയ്തിട്ട് എല്ലാംകൂടി ഒരു കോടി രൂപ ഉണ്ടാക്കിയിട്ടുണ്ടാകും എന്നും ജോണി ആന്റണി പറഞ്ഞു.