മലയാള സിനിമയിലെ താരരാജാവാണ് മമ്മൂട്ടി. ഇതിനോടകം നിരവധി ചിത്രങ്ങളില്‍ നായകവേഷങ്ങളിലെത്തിയ മമ്മൂട്ടി തന്റെ സിനിമകളുടെ തെരഞ്ഞെടുപ്പില്‍ മലയാളത്തില്‍ ഏറ്റവും വിസ്മിയിപ്പിച്ചിട്ടുള്ള നടന്‍ കൂടിയാണ്. അടുത്തിടെ തിയ്യേറ്ററിലെത്തിയ അദ്ദേഹത്തിന്റെ കണ്ണൂര്‍ സ്‌ക്വാഡിന് മികച്ച അഭിപ്രായമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.
നിറഞ്ഞ പ്രേക്ഷകരുമായി ചിത്രം തിയ്യേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണിപ്പോള്‍. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളും എത്രത്തോളം ഗംഭീരമാക്കാന്‍ പറ്റുമോ അത്രയും ഗംഭീരമാക്കാന്‍ മമ്മൂട്ടി ശ്രമിക്കാറുണ്ട്. പ്രായത്തെ വെല്ലുന്ന ലുക്കുകൊണ്ടും ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് താരം.
താരത്തിന്റെ പിആര്‍ഒ ആയ റോബര്‍ട്ട് കുര്യാക്കോസ് മമ്മൂട്ടിയുടെ അപൂര്‍വ്വ ചിത്രങ്ങളും പുതിയ സിനിമയുടെ വിശേഷങ്ങളുമെല്ലാം തന്റെ സോഷ്യല്‍മീഡിയ പേജുകളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ റോബര്‍ട്ടിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്.
ഫേസ്ബുക്കില്‍ സുനിത പങ്കുവെച്ച കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. മമ്മൂട്ടിയുടെ പേരില്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ സ്റ്റാമ്പ് പബ്ലിഷ് ചെയ്തുവെന്ന വാര്‍ത്ത ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു സുനിതയുടെ പോസ്റ്റ്. ഓസ്‌ട്രേലിയന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ അപേക്ഷിച്ചാല്‍ ഏതൊരു വ്യക്തിക്കും ഈ സൗകര്യം ലഭിക്കുമെന്ന് മമ്മൂക്കയെ എന്തിനാണ് ഇങ്ങനെ അപമാനിക്കുന്നതെന്നും സുനിത ചോദിക്കുന്നു.
കേരളത്തിലെ ഒരു വിലപിടിച്ച ബ്രാന്‍ഡായ മമ്മൂക്കയെ സ്വന്തം പിആറുകാരന്‍ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുകയാണ്. രാവിലെ മുതല്‍ ചാനലുകള്‍ കയറിയിറങ്ങി ഓരോരോ വാര്‍ത്തകള്‍ കെട്ടിപ്പടുക്കലാണ് റോബര്ട്ടിന്റെ ജോലിയെന്നും സുനിത പറയുന്നു.
സുനിതയുടെ കുറിപ്പ്
പിആര്‍ ആണല്ലോ എവിടെയും ചര്‍ച്ച. വ്യത്യസ്തമായ ഒരു കഥ പറയാം. ഇന്ത്യയിലെ, കേരളത്തിലെ ഏറ്റവും വിലപിടിച്ച ഒരു ബ്രാന്‍ഡിനെ സ്വന്തം പി ആറുകാരന്‍ നിരന്തരം അപമാനിക്കുന്ന ഒരു വിചിത്രമായ കഥ. നമ്മുടെ സ്വന്തം മമ്മൂക്കയുടെ പിആറുകാരനാണ് കഥാപാത്രം. കെയര്‍ ആന്‍ഡ് ഷെയര്‍ ഡയറക്ടര്‍ റോബര്‍ട്ട് കുര്യാക്കോസ്.
രാവിലെ ആയാല്‍ ചാനലുകള്‍ തോറും കയറിയിറങ്ങി ഓരോ വാര്‍ത്ത കൊടുപ്പിക്കലാണ് മൂപ്പരുടെ മെയിന്‍ ജോലി. മൂപ്പര്‍ കൊടുക്കുന്ന എല്ലാ വാര്‍ത്തയിലും മമ്മൂക്കയുടെ ഫോട്ടോ ഇല്ലെങ്കിലും മൂപ്പരുടെ ഫോട്ടോ ഉറപ്പായും ഉണ്ടായിരിക്കും. ഇന്നലെ മൂപ്പര്‍ മമ്മൂക്കയെ ലോകമലയാളികള്‍ക്ക് മുന്നില്‍ മുഴുവന്‍ അപമാനിക്കുന്ന ഒരു വാര്‍ത്ത ഇറക്കി.
ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നടന്‍ മമ്മൂട്ടിയുടെ പേരില്‍ സ്റ്റാമ്പ് പബ്ലിഷ് ചെയ്തുവെന്ന്… ആദരിച്ചുവെന്ന്… എന്നിട്ട് മൂപ്പര്‍ മൂപ്പരുടെ ഒരു ഫോട്ടോയും കൂട്ടി എല്ലാ മാധ്യമങ്ങളിലും വാര്‍ത്ത വരുത്തിച്ചു. സത്യത്തില്‍ എന്താ സംഭവം? ”ഏതൊരു വ്യക്തിക്കും ഓസ്‌ട്രേലിയന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ അപേക്ഷിച്ചാല്‍ ഈ സൗകര്യം ലഭിക്കും. അതിനുള്ള ഡോളര്‍ കൊടുക്കണം എന്ന് മാത്രം..
ഓസ്ട്രേലിയയിലെ മമ്മൂട്ടിയുടെ ആരാധകരുടെ ഒരു ഗിഫ്റ്റ് ആയി കണ്ടാല്‍ മതി. എന്ന് ഓസ്‌ട്രേലിയയില്‍ നിന്നും തിരുവല്ലം ഭാസി പറയുന്നു. ‘ അതെ അത്രേയുള്ളു സംഭവം. എന്തിനാ ചെങ്ങായി ഞങ്ങളുടെ മമ്മൂക്കയെ ഇങ്ങനെ അപമാനിക്കുന്നത്? ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.
റോബര്‍ട്ട് കുര്യാക്കോസിന്റെ മറ്റു ക്രൂരകൃത്യങ്ങള്‍ മമ്മൂക്കയോടുള്ള സ്നേഹവും ബഹുമാനവും കൊണ്ട് ഇവിടെ ലിസ്റ്റ് ചെയ്യുന്നില്ല… മമ്മൂക്കക്കക്കും മലയാളിക്കും ഭാരവും അപമാനവും ആയി മാറാതെ ഒന്ന് നന്നായിക്കൂടെ ചെങ്ങായി? (ഫോട്ടോയില്‍ വട്ടമിട്ടു കാണിച്ചിരിക്കുന്ന ആളാണ് ഈ കഥാപാത്രം )