ക്യാംപസ് പശ്ചാത്തലത്തില്‍ കമല്‍ സംവിധാനം ചെയ്ത് 2002ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ജിഷ്ണു രാഘവന്‍. പഴയകാല നടന്‍ രാഘവന്റെ മകനാണ് ജിഷ്ണു. മലയാളികള്‍ക്ക് ഇന്നും വേദനയാണ് ജിഷ്ണുവിന്റെ അപ്രതീക്ഷിത വിയോഗം.
സിനിമയില്‍ സജീവമായിരുന്ന കാലത്താണ് ജിഷ്ണുവിനെ അര്‍ബുദം കീഴടക്കുന്നത്. ആദ്യം തൊണ്ടയില്‍ ബാധിച്ച അര്‍ബുദം നീക്കം ചെയ്തു. പിന്നാലെ ശ്വാസകോശത്തിലേയ്ക്ക് കൂടി അത് വ്യാപിക്കുകയായിരുന്നു. ജിഷ്ണു അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കും, രോഗശയ്യയിലും നല്‍കിയ പോസിറ്റീവ് എനര്‍ജ്ജിയ്ക്കും എന്നും പ്രേക്ഷക മനസ്സില്‍ സ്ഥാനമുണ്ട്.
വര്‍ഷങ്ങള്‍ നീണ്ടു നിന്ന് പോരാട്ടത്തിന് ഒടുവിലാണ് നടന്‍ ജിഷ്ണു കാന്‍സറിന് കീഴടങ്ങി വിടവാങ്ങിയത്. മലയാള സിനിമാലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി താരം കടന്നുപോയിട്ട് ഏഴ് വര്‍ഷം പിന്നിടുകയാണ്.
ഇപ്പോഴിതാ ജിഷ്ണുവിന്റെ ഓര്‍മ്മകള്‍ പങ്കിടുകയാണ് നടി ജോമോള്‍. ജിഷ്ണുവുമായി തനിക്ക് നേരിട്ട് വലിയ അടുപ്പമില്ലെങ്കിലും ഫേസ്ബുക്കിലൂടെ സംസാരിക്കാറുണ്ടായിരുന്നുവെന്നും എപ്പോഴും ടെക്‌സ്റ്റ് ചെയ്യാറുണ്ടായിരുന്നുവെന്നും ജിഷ്ണുവിന്റെ പോസ്റ്റുകളെല്ലാം വായിച്ച് കമന്റ് ചെയ്യാറുണ്ടായിരുന്നുവെന്നും ജോമോള്‍ പറയുന്നു.
ജിഷ്ണുവിനെ ആദ്യമായി നേരിട്ട് കണ്ടത് മരിച്ച് കിടക്കുമ്പോഴായിരുന്നു.തനിക്ക് വല്ലാത്തൊരു ഷോക്കായിരുന്നുവെന്നും ജിഷ്ണുവിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ ഹോസ്പിറ്റലിലേക്ക് പോയിരുന്നുവെന്നും ജോമോള്‍ പറയുന്നു.