മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിച്ചതിന്റെ അനുഭവം തുറന്നുപറഞ്ഞ് നടൻ ജോജു ജോർജ്ജ്. മമ്മൂട്ടി നായകനായി 2000 ൽ റിലീസ് ചെയ്ത ദാദാസാഹിബിലാണ് ആദ്യമായി ഡയലോഗ് പറയാനുള്ള വേഷം ലഭിച്ചത്.
ആ സിനിമയുടെ ഷൂട്ടിംഗിനിടെ നടന്ന രസകരമായ സംഭവവും മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ ജോജു വെളിപ്പെടുത്തി. ജോസഫ് സിനിമയുടെ 125-ാം വിജയാഘോഷ ചടങ്ങിലായിരുന്നു ജോജുവിന്റെ മനസ്സുതുറക്കൽ.
1999 ൽ ദാദാസാഹിബ് സിനിമയിലാണ് ആദ്യമായി ഡയലോഗ് പറയുന്നത്. അത് തന്നെ വലിയൊരു സന്തോഷമായിരുന്നു. ഇതിന്റെ കൂടെ ഞാൻ അഭിനയിക്കേണ്ടത് മമ്മൂട്ടിയെ വയറ്റിൽ പിടിച്ചുതള്ളി മാറ്റുന്ന രംഗവും. ഞാൻ ആത്മാർത്ഥമായി പിടിച്ചുമാറ്റി.
സീൻ കഴിഞ്ഞ് മമ്മൂക്ക ചെന്നപ്പോൾ വിനയൻ സാർ ചോദിച്ചു ‘എന്തെങ്കിലും പറ്റിയോന്ന്?’. മമ്മൂക്ക ഷർട്ട് പൊക്കി നോക്കിയപ്പോൾ, വയറ്റിൽ ഞാൻ പിടിച്ച രണ്ട് ഭാഗത്തും ചോര തടിച്ച് കിടക്കുന്നതാണ് കണ്ടത്.
എന്റെ ആത്മാർത്ഥ മുഴുവൻ ഞാൻ മമ്മൂക്കയുടെ വയറ്റിലാണ് കൊടുത്തത്. ആ പാട് കണ്ടപ്പോൾ എന്റെ കാര്യം ഇതോടെ തീർന്നു എന്നാണ് വിചാരിച്ചത്. എന്നാൽ എന്റെ മുഖത്ത് നോക്കി ചിരിക്കുകയാണ് അദ്ദേഹം ചെയ്തത്. ജോജു പറഞ്ഞു.
നല്ല സിനിമയുടെ വിജയമാണ് ജോസഫിന്റെ വിജയമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ മമ്മൂട്ടി പറഞ്ഞു. വിജയങ്ങൾ വളരെ ചെറുതാവുന്ന കാലത്താണ് ഇതുപോലൊരു വലിയ വിജയമുണ്ടാകുന്നത്.
സിനിമ വലതും ചെറുതെന്നുമില്ല, നല്ലതും ചീത്തയെന്നുമേ ഒള്ളൂ. മേന്മ കൊണ്ടാണ് ഓരോ സിനിമയും വലുതാകുന്നത്. ഇതിൽ അഭിനയിച്ച ആളുകളെല്ലാം വളരെ നന്നായി. തിരക്കഥയിലും പുതിയൊരു സമീപനമുണ്ടായിരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു.