ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തി നായകനായി പിന്നീട് മലയാളത്തിന്റെ പ്രിയതാരമായി മാറിയ നടന്‍ ആണ് ജോജു ജോര്‍ജ്ജ്. വില്ലനായും മറ്റും അഭിനയിച്ചിരുന്നു ജോജു ഇപ്പോള്‍ നായകനായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധകരെ വിസ്മയിപ്പിക്കുകയാണ്.
ജോജു ഇന്നത്തെ നിലയിലേക്ക് വളര്‍ന്നത് വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയാണ്. നിലവില്‍ അന്യഭാഷ ചിത്രങ്ങളിലടക്കം നായകനായി ജോജു എത്തുന്നുണ്ട്. മധുരം എന്ന അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ജോജുവിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അന്നുവരെ കണ്ട ജോജുകഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഒരു പ്രണയ നായകനായിട്ടായിരുന്നു ജോജു എത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ജോജു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മധുരത്തില്‍ റൊമാന്‍സ് ചെയ്യാന്‍ തനിക്ക് പേടി തോന്നിയിരുന്നുവെന്ന് ജോജു പറയുന്നു.
താന്‍ തടിച്ചിട്ടായതിനാല്‍ ആ വേഷം ചെയ്യുന്നത് സുഹൃത്തുക്കളെയും ആശങ്കയിലാക്കിയിരുന്നു. ബോഡി ഫിറ്റാക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നിരുന്നില്ലെന്നും ഒരു നടനെ സംബന്ധിച്ചിടത്തോളം ഫിറ്റ്‌നസ് വളരെ പ്രധാനപ്പെട്ടതാണെന്നും തനിക്ക് ഭക്ഷണം വളരെ പ്രിയപ്പെട്ട ഒന്നായതുകൊണ്ട് അതിന് കഴിഞ്ഞില്ലെന്നും ജോജു പറയുന്നു.
പിന്നെ ഓരോ സിനിമ കഴിയുമ്പോഴും അടുത്ത സിനിമകളില്‍ അവസരങ്ങള്‍ ലഭിച്ചുകൊണ്ടേയിരുന്നു. ചാന്‍സ് കിട്ടാന്‍ താന്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും അതുകൊണ്ടുതന്നെ ശരീരം ശ്രദ്ധിക്കാനൊന്നും സമയം കിട്ടിയിരുന്നില്ലെന്നും ജോജു പറയുന്നു.