മലയാള സിനിമയിലെ മുതൽക്കൂട്ടാണ് സംവിധായകൻ ജീത്തു ജോസഫ്. ത്രില്ലർ സിനിമകൾ ഒരുക്കുന്നതിൽ അദ്ദേഹത്തിന്റെ കഴിവ് വേറെ തന്നെയാണ്. മാത്രമല്ല അദ്ദേഹം സംവിധാനം ചെയ്ത സിനിമ വിവിധ ഭാഷകളിലായി കോടിക്കണക്കിന് രൂപയാണ് വാരി കൂുട്ടിയത്. ത്രില്ലർ ചിത്രങ്ങൾ ഒരുക്കുന്നതിൽ കേമനായത് കൊണ്ട് തന്നെ ക്രിമിനൽ മൈൻഡ് ഉള്ള സംവിധായകൻ എന്നാണ് ജീത്തുവിനെ സഹപ്രവർത്തകർ വിളിക്കുന്നത്.
പുതുമുഖങ്ങളെ വെച്ച് താൻ അധികം സിനിമ എടുക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് മലയാളത്തിന്റെ ക്രിമിനൽ സംവിധായകൻ ജീത്തുജോസഫ്. മിർച്ചി മലയാളത്തിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. പുതുമുഖങ്ങളെ വെച്ച് ഞാൻ രണ്ട് സിനിമകളെ സംവിധാനം ചെയ്തിട്ടുള്ളു. പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ആദിയും മറ്റേത് കാളിദാസ് ജയറാം നായകനായ മിസ്റ്റർ ആൻഡ് മിസിസ് റൗഡിയും ആയിരുന്നു അത് എന്നാണ് താരം പറഞ്ഞത്. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ;
എനിക്ക് ക്ഷമക്കുറവുണ്ട്. അഭിനയിക്കുന്നവർ മോശമായാൽ ഞാൻ പെട്ടെന്ന് വിഷമിക്കും. അതിൽ എനിക്ക് ധൈര്യക്കുറവ് ഉണ്ട്. ക്ഷമ ഇല്ലാത്തതാണ് പ്രധാന കാരണം. അവർക്ക് കുറേ ചെയ്താൽ ചിലപ്പോൾ ശരിയാകുമായിരിക്കും പക്ഷേ എനിക്ക് അതിനുള്ള ക്ഷമയില്ല. കുറച്ചുകൂടെ അഭിനയിച്ച് പരിചയപ്പെട്ട ആളുകളാണെങ്കിൽ ചെയ്യാൻ എളുപ്പമായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഒരു താരത്തിനും എങ്ങനെ ചെയ്യണമെന്ന് അഭിനയിച്ച് ഞാൻ കാണിക്കാറില്ല.
ചിലപ്പോൾ ഞാൻ ചെയ്യുന്നത് എന്റെ മാത്രം ശൈലിയായിരിക്കും. ഞാൻ ഒരിക്കലും അഭിനയിച്ച് കാണിച്ച് കൊടുത്തിട്ടില്ല. സന്ദർഭവും രംഗമൊക്കെ പറഞ്ഞ് കൊടുക്കും അവർ അതനുസരിച്ച് അഭിനയിക്കും. കാരണം ചിലപ്പോൾ ഞാൻ കാണിക്കുന്നതിലും മുകളിൽ അവർക്ക് അഭിനയിക്കാൻ സാധിക്കും. അതിൽ നിന്നും താഴ്ന്ന പ്രകടനം ഉണ്ടാവുമ്പോൾ മാത്രമാണ് അവരോട് ഒന്നുകൂടെ മാറ്റി ചെയ്യാൻ പറയാറുള്ളു.ലണ്ടനിൽ വെച്ച് എനിക്കൊരു അനുഭവമുണ്ടായിട്ടുണ്ട്. ഞാൻ ഒരു കഥാപാത്രത്തിന് പ്രത്യേക റിയാക്ഷൻ ഇടാൻ പറഞ്ഞപ്പോൾ ഒരു നടൻ അതിന് ചെറിയ ചിരിയോട് കൂടെയുള്ള റിയാക്ഷനിട്ടു. അതിന് ഞാൻ ഓക്കെ പറഞ്ഞു. പിന്നെ നമുക്ക് വേറെ രീതിയിലും കൂടെ ചെയ്ത് നോക്കാമെന്ന് അയാളോട് പറഞ്ഞു.
ഒരുപാട് ടേക്ക് എടുത്തിട്ടും അത് ശരിയായില്ല. അവസാനം ഞാൻ ഒന്ന് കാണിച്ചുകൊടുത്തു. എന്നാൽ അദ്ദേഹത്തിന് അത് പറ്റുന്നില്ലായിരുന്നു. കാരണം അത് എന്റെ രീതിയാണ്. അവസാനം സാരമില്ല നമുക്ക് മുമ്പ് എടുത്തത് വെച്ച് ഡെലിവറി ചെയ്യാമെന്ന് ഞാൻ പറഞ്ഞു. അദ്ദേഹം ഭയങ്കരമായി അപ്സെറ്റായി. എനിക്ക് അത് ചെയ്യാനായില്ല എന്നൊക്കെ പറഞ്ഞപ്പോൾ അങ്ങനെ ചിന്തിക്കല്ലെയെന്ന് ഞാൻ പറഞ്ഞു. അതേസമയം ആസിഫ് അലി നായകനായ കൂമനാണ് ജീത്തുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.