മലയാള സിനിമ കണ്ട മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലൂടെ പിറന്ന ദൃശ്യം. ആ ഹിറ്റ് ജോഡികള്‍ വീണ്ടും ഒരുമിക്കുന്നു എന്ന വാര്‍ത്ത അടുത്തിടെ പുറത്തു വന്നിരുന്നു.
ഭരത് ചന്ദ്രനേയും ജോസഫ് അലക്സിനേയും പോലുള്ള ശക്തമായ കഥാപാത്രങ്ങളെയും കുറിക്കുകൊള്ളുന്ന ഡയലോഗുകളുടെയും സൃഷ്ടാവായ രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഒരു ഇമോഷണല്‍ ത്രില്ലര്‍ ഒരുങ്ങുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഈ റിപ്പോര്‍ട്ട് തെറ്റാണെന്ന് അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജീത്തു ജോസഫ്. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് ജീത്തു ഇക്കാര്യം പറഞ്ഞത്.
‘ഫെഫ്ക്കയ്ക്കുവേണ്ടി രണ്‍ജിപണിക്കരുടെ രചനയില്‍ ഒരു മോഹന്‍ലാല്‍ ചിത്രം ഞാന്‍ സംവിധാനംചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത തെറ്റാണ്. കാര്‍ത്തിയെ നായകനാക്കിയുള്ള ഒരു തമിഴ് സിനിമയാണ് അടുത്തതായി ചെയ്യുന്നത്.’ ജീത്തു ജോസഫ് പറഞ്ഞു.
മോഹന്‍ലാല്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും ഉടന്‍ തന്നെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയതിനു പിന്നാലെയാണ് വാര്‍ത്ത നിഷേധിച്ച് ജീത്തു രംഗത്ത് വന്നത്.
മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡിയാണ് ജീത്തു ജോസഫിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. കാളിദാസ് ജയറാം നായകനായെത്തുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക. ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന അഞ്ച് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.
ശ്രീഗോകുലം മൂവീസ് ഇന്‍ അസോസിയേഷന് വിത്ത് വിന്റേജ് ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം നാളെ തിയേറ്ററുകളിലെത്തും.