കൊച്ചി: ജൂനിയര്‍ ലാലും ശ്രീനാഥ് ഭാസിയും ഉള്‍പ്പെട്ട കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമത്തിന് എതിരെ പോലീസ്. നടനും അണിയപ്രവര്‍ത്തകരും ഉള്‍പ്പെട്ട കേസില്‍ പോലീസ് നിലപാട് കടുപ്പിക്കുന്നതായിട്ടാണ് അറിയുന്നത്. നടിയുമായി ഒത്തുതീര്‍പ്പിലെത്തിയാലും പ്രമുഖര്‍ക്ക് കേസില്‍ നിന്നു രക്ഷപ്പെടാന്‍ സാധിക്കില്ലെന്നാണ് അറിയുന്നത്.
ഹണീബി ടു സിനിമയില്‍ അനുവാദമില്ലാതെ ബോഡി ഡ്യൂപ്പ് ഉപയോഗിച്ചെന്ന പരാതിയിലാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്. സാമ്പത്തിക ആരോപണം മാത്രമേ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കൂ. അല്ലാതെ ക്രിമിനല്‍ കുറ്റങ്ങള്‍ ഒത്തുതീര്‍പ്പിലെത്താന്‍ സാധിക്കില്ലെന്നും അതിന്റെ നടപടിക്രമങ്ങള്‍ തുടരുമെന്നും പോലീസ് വ്യക്തമാക്കി.
പ്രതിഫലം നല്‍കിയില്ലെന്നും നടി പരാതിപ്പെട്ടിരുന്നു. ഇത് വേണമെങ്കില്‍ ഒത്തുതീര്‍പ്പിലൂടെ പിന്‍വലിക്കാം. പക്ഷേ ക്രിമിനല്‍ കുറ്റങ്ങള്‍ അത്തരത്തില്‍ പിന്‍വലിക്കാനാകില്ല. കേസില്‍ ആദ്യം പരാതിയുമായി രംഗത്തെത്തിയ നടി പിന്നീട് മലക്കം മറിയുകയായിരുന്നു. ജീന്‍പോള്‍ ലാലിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് സത്യവാങ്മൂലത്തില്‍ പരാതിക്കാരിയായ നടി നിലപാട് മാറ്റിയത്.
ജീന്‍ പോള്‍ ലാലടക്കം നാല് പ്രതികള്‍ക്കും ജാമ്യം നല്‍കരുതെന്ന് പോലീസ് നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ക്കെതിരേ പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്നും പോലീസ് വ്യക്തമാക്കി.