സമയം കിട്ടുമ്പോഴെല്ലാം കാളിദാസ് കാണുന്നത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പഴയ സിനിമകള്‍: ജയറാം

58

ജയറാം എന്ന നടന്‍ മലയാള സിനിമയുടെ ഭാഗമായിട്ട് മുപ്പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം തന്റെ സ്വതസിദ്ധമായ അഭിനയത്തിലൂടെ ജയറാമും പ്രേക്ഷകരുടെ ഇഷ്ടതാരമായി.

ഇപ്പോഴിതാ അച്ഛനു പിന്നാലെ മകന്‍ കാളിദാസും നായക നിരയിലെത്തിക്കഴിഞ്ഞു. എന്നാല്‍ തന്റെയല്ല സമയം കിട്ടുമ്പോഴെല്ലാം മകന്‍ കാണുന്നത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പഴയ സിനിമകളാണെന്ന് ജയറാം പറയുന്നു.

Advertisements

അത് കണ്ട് പഠിച്ചാല്‍ തന്നെ വലിയ നേട്ടമാണെന്നാണ് കാളിദാസ് പറയുന്നതെന്ന് താരം വ്യക്തമാക്കി. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയറാം മനസു തുറന്നത്.

ജയറാമിന്റെ വാക്കുകള്‍:

ഞാന്‍ അഭിനയിച്ച 90 ശതമാനത്തോളം സിനിമകളും എന്റെ മക്കള്‍ കണ്ടിട്ടുണ്ട്. അത്തരം സിനിമകളെ ഇഷ്ടപ്പെടുന്നവരാണ് കണ്ണനൊക്കെ. കാലഘട്ടം മാറി ന്യൂജെന്‍ സിനിമകളൊക്കെ വന്നെങ്കില്‍പ്പോലും ഇപ്പോഴും പഴയ സിനിമകള്‍, മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പഴയ സിനിമകള്‍ വരുമ്പോള്‍ അതാണ് അവന്‍ ഇപ്പോഴും ഇരുന്ന് കാണുന്നത്. അപ്പാ മോഹന്‍ലാല്‍, മമ്മൂട്ടി അവരുടെയൊക്കെ പഴയ കുറെ സിനിമകള്‍ എടുത്തു വച്ചാല്‍ അത് കണ്ട് പഠിച്ചാല്‍ തന്നെ വലിയ നേട്ടമാണെന്ന് അവന്‍ പറയാറുണ്ട്.

കഴിഞ്ഞ 30 വര്‍ഷക്കാലം ഏറ്റവും കൂടുതല്‍ കുടുംബ സിനിമകള്‍ ചെയ്തിട്ടുള്ളത് ഞാനായിരിക്കും എന്നാണ് തോന്നുന്നത്. ഞാനേറ്റവും വലിയ ഭാഗ്യമായി കരുതുന്നതും അതാണ്. അതെന്തു കൊണ്ടാണെന്നു ചോദിച്ചാല്‍ മന:പൂര്‍വമല്ല എന്നു മാത്രമെ പറയാന്‍ കഴിയൂ.

എന്നെ തേടി അത്തരം സിനിമകള്‍ അധികം വന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇത്തരം സിനിമകള്‍ ചെയ്യുമ്പോള്‍ ഞാന്‍ വളരെ കംഫര്‍ട്ടബിളാണ്. നമുക്ക് പറ്റുന്ന കഥാപാത്രം ഇഷ്ടപ്പെട്ട് ചെയ്യുമ്പോഴാണ് സിനിമ നന്നാവുന്നത്.

പില്‍ക്കാലത്ത് ചില പാളിച്ചകളുണ്ടായി. സിനിമകള്‍ മാറിപ്പോയതു കൊണ്ടല്ല, മറിച്ച് ഞാന്‍ തെരഞ്ഞെടുത്തതില്‍ തെറ്റൊക്കെ വന്നിട്ടുണ്ട്. എനിക്കു തന്നെ ആവശ്യമില്ലായിരുന്നുവെന്ന് തോന്നിയിട്ടുള്ള കുറേ സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ പിന്നെയും എന്നെ തേടി നല്ല സിനിമകള്‍ വന്നു കൊണ്ടേയിരുന്നു. അതിനുദാഹരണമാണ് പഞ്ചവര്‍ണത്തത്തയും ലോനപ്പന്റെ മാമോദീസയും ഒക്കെ.

ലിയോ തദേവൂസ് സംവിധാനം ചെയ്ത ലോനപ്പന്റെ മാമോദീസയാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ജയറാം ചിത്രം. അന്ന രാജന്‍ നായികയായ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.

Advertisement