മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 4 അവസാന മണിക്കൂറുകലിലേക്ക് കടന്നിരിക്കുകയാണ്. പുറത്തായ മത്സരാർത്ഥികളെല്ലാം ഫൈനലിന് സാക്ഷ്യം വഹിക്കാനായി ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തിയിട്ടുമുണ്ട്. സൂരജ്, ലക്ഷ്മി പ്രിയ, ധന്യ, റിയാസ്, ബ്ലസ്ലി, ദിൽഷ എന്നിവരാണ് ഇനി ഷോയിൽ അവശേഷിക്കുന്നത്. ഈ സീസണിൽ ഇരുപത് പേരാണ് മത്സരിക്കാനെത്തിയത്. അവരിൽ നിന്നാണ് അംഗങ്ങളുടെ എണ്ണം 6 ആയി ചുരുങ്ങിയത്.അവശേഷിക്കുന്ന മത്സരാർഥികൾ എല്ലാം അവരുടെ ഉള്ളിലെ ഏറ്റവും ബെസ്റ്റ് പെർഫോമറെ പ്രേക്ഷകർക്ക് കാണിച്ച് കൊടുത്തു കൊണ്ടിരിക്കുകയാണ്. ഒരിക്കലും ഫൈനൽ സിക്സിൽ ഇടം നേടില്ലെന്ന് പ്രേക്ഷകർ കരുതിയിരുന്ന മത്സരാർഥിയായിരുന്നു ലക്ഷ്മിപ്രിയ.
പക്ഷെ മറ്റുള്ള എല്ലാ മത്സരാർഥികളേയും കടത്തി വെട്ടികൊണ്ടാണ് ലക്ഷ്മിപ്രിയ മുന്നോട്ട് കുതിക്കുന്നത്. വന്ന് അന്ന് മുതൽ പറയേണ്ടതെല്ലാം മുഖത്ത് നോക്കി പറയാനും ചോദിക്കാനും ലക്ഷ്മി പ്രിയയ്ക്ക് സാധിച്ചിരുന്നു. ആരുടേയും കൂട്ടുപിടിക്കാതെയാണ് ലക്ഷ്മിപ്രിയ ഫൈനൽ സിക്സ് വരെ എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ആരാധകരേയും ഹേറ്റേഴ്‌സിനേയും ഒരു പോലെ സൃഷ്ടിച്ചാണ് ലക്ഷ്മിയുടെ കുതിപ്പ്.
തളർന്ന് പോകാവുന്ന നിരവധി സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും ലക്ഷ്മി പ്രിയ പിടിച്ച് നിന്നു. തന്റെ സിനിമാ അനുഭവങ്ങളെ കുറിച്ചും നാടകത്തിൽ നിന്നും സിനിമയിൽ എത്തിയതിനെ കുറിച്ചുമെല്ലാം ഹൗസിലെ മറ്റ് അംഗങ്ങളോട് പലപ്പോഴായി ലക്ഷ്മിപ്രിയ പറഞ്ഞിട്ടുണ്ട്. ഭർത്താവ് ജയേഷ് തന്റെ ജീവിതത്തിൽ നിർണായക സ്ഥാനമാണുള്ളതെന്നും 18 വയസിൽ വിവാഹിതയായ കഥയുമെല്ലാം ലക്ഷ്മിപ്രിയ തുറന്നുപറഞ്ഞിരുന്നു.
ജീവിതത്തിൽ പണം സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റേയും ഇപ്പോഴിത പണത്തിന്റെ വിലയറിഞ്ഞ നിമിഷത്തെ കുറിച്ച പറയുകയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് നൽകിയ ടാസ്‌ക്കിലായിരുന്നു താരം തന്റെ ജീവിതകഥ തുറന്ന പറഞ്ഞത്. പണത്തിന്റെ അപര്യാപ്തത മൂലം തൃപ്തികരമായ ജീവിതം നയിക്കാതെ വരികയോ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരികയോ ഉണ്ടാകാം. അത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായ തിക്താനുഭവങ്ങൾ പങ്കുവയ്ക്കുക എന്നതായിരുന്നു ബിഗ് ബോസ് നൽകിയ ടാസ്‌ക്ക്.
ലക്ഷമിയുടെ വാക്കുകൾ ഇങ്ങനെ…’ പത്താം ക്ലാസിലെ അവധി സമയത്താണ് ഞാൻ നാടകത്തിൽ ആദ്യമായി അഭിനയിച്ച് തുടങ്ങിയത്. 230 രൂപയായിരുന്നു എന്റെ പ്രതിഫലം. മിക്ക ദിവസങ്ങളിലും രണ്ട് നാടകങ്ങൾ വീതം കാണും. അങ്ങനെ ഒരു ദിവസം 460 രൂപ കിട്ടുമായിരുന്നു. ഇതിൽ 60 രൂപ ഞാൻ എടുത്തിട്ട് 400 രൂപ വീട്ടിലെ കടം തീർക്കാൻ വേണ്ടി ചിട്ടിയ്ക്കുംമറ്റും കൊടുക്കും. അങ്ങനെ ഏകദേശം 16 വയസൊക്കെയായപ്പോൾ വീട്ടിലെ കടമൊക്കെ എനിക്ക് തീർക്കാൻ പറ്റി. അതിന് ശേഷമായിരുന്നു സിനിമയിലേയ്ക്ക് വന്നതും കല്യാണം കഴിയുന്നതുമൊക്കെ’, ലക്ഷ്മിപ്രിയ തുടർന്നു.
താനും ഭർത്താവും കുഞ്ഞിന് വേണ്ടി കുറച്ച് രൂപയൊക്കെ നേരത്തെ കരുതി വെച്ചിരുന്നെന്നും എന്നാൽ 50 ദിവസത്തോളം അവൾക്ക് ഐസിയുവിൽ കഴിയേണ്ടി വന്നു. അതുപോലെ തന്റെ ചികിത്സയ്ക്കും കുറെ പണം ചെലവായിരുന്നു. അന്ന് അതിനൊക്കെയുളള പൈസ ഞങ്ങളുടെ കയ്യലുണ്ടായിരുന്നുവെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.
പിന്നീട് അപ്രതീക്ഷിതമായി വന്ന സാഹചര്യം പണത്തിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. ആശുപത്രിയിലെത്തി രണ്ടാഴ്ച കഴഞ്ഞപ്പോൾ ജയേഷേട്ടന് ഒരു അപകടം ഉണ്ടായി. ആ സമയത്ത് തന്റെ കയ്യിൽ ആകെയുണ്ടായിരുന്നത് 60,000 രൂപ മാത്രമാണ്. വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തെ അദ്ദേഹത്തെ രക്ഷപ്പെടുത്താൻ ഈ 60,000 രൂപ കൊണ്ട് കഴിയുമോ എന്ന് പോലും അറിയില്ലായിരുന്നുവെന്നും ലക്ഷ്മി നിറ കണ്ണുകളോടെ പറഞ്ഞു.
കഷ്ടതയിലായതോടെ പരിചയമുള്ളവർക്കെല്ലാം അക്കൗണ്ട് നമ്പറും വിവരങ്ങളും അയച്ചു കൊടുത്തു. പലരും ഞാൻ പറഞ്ഞത് വിശ്വസിച്ചില്ല. നമ്മുക്കൊരു സെലിബ്രിറ്റി ഇമേജ് ഉള്ളതുകൊണ്ടാണത്. അതുകൊണ്ട് അത്യാവശ്യത്തിന് മാത്രം പണം ചെലവഴിക്കുക. നമ്മുടെ കാര്യം നമ്മുക്കേ അറിയാവൂ. കരുതലുള്ളവരായി ജീവിക്കുകയെന്നും ലക്ഷ്മി പ്രിയ ഉപദേശിക്കുന്നു.