നടൻ ജയറാമുമായുള്ള സൗഹൃദം ഇല്ലാതാവാനുള്ള കാരണം എന്താണെന്ന് പറഞ്ഞ് സംവിധായകൻ രാജസേനൻ. 16 സിനിമകളിൽ ഒരുമിച്ച് വർക്ക് ചെയ്ത തങ്ങൾ ഇപ്പോൾ ഫോണിൽ പോലും സംസാരിക്കാറില്ലെന്നും എന്നാൽ അതിന്റെ കാരണം തനിക്കറിയില്ലെന്നുമാണ് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാജസേനൻ പറഞ്ഞു.
”എന്തുകൊണ്ടാണ് അകന്നതെന്ന് എനിക്കും പുള്ളിക്കും അറിയില്ല. വഴക്കില്ലാതെ തനിയെ അകന്ന് പോയതാണ്. എന്നിൽ നിന്നും നടന്ന് പോയ വ്യക്തിയാണ് ജയറാം.
നമ്മൾ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരെ വിളിക്കുന്നത് എന്തെങ്കിലും ആഗ്രഹിച്ച് കൊണ്ടല്ലല്ലോ. എന്നാൽ ഒരു കാലം കഴിഞ്ഞ് ഞാൻ ജയറാമിനെ വിളിക്കുമ്പോൾ, ഡേറ്റിന് വിളിക്കുന്നത് പോലെയാണ് പുള്ളി പ്രതികരിക്കുന്നത്.
സംസാരിച്ച് ഒരു മിനിട്ട് തികയുന്നതിന് മുമ്പെ, ഞാൻ ഷോട്ടിലാണ്, തിരക്കിലാണ് തിരിച്ചു വിളിക്കാം, എന്ന് പറഞ്ഞ് എന്റെ കോൾ കട്ട് ചെയ്യും. എന്റെ ഫോൺ കോൾ പുള്ളിക്ക് ബുദ്ധിമുട്ടാകുന്നതായും ഞാൻ ഡേറ്റ് ചോദിച്ച് വിളിക്കുന്നതായി പുള്ളി തെറ്റിദ്ധരിച്ചതാണോ എന്നും എനിക്ക് തോന്നി. പല പ്രാവശ്യമായപ്പോൾ ഇത് തോന്നലല്ല എന്ന് എനിക്ക് മനസിലായി.
വഴക്കോ, ആശയക്കുഴപ്പമോ, സാമ്പത്തിക ഇടപാടുകളോ രണ്ട് പേർക്കുമിടിയിൽ ഉണ്ടായിട്ടില്ല. 12 – 13 വർഷത്തോളം ഞങ്ങൾ തമ്മിൽ കാണാതിരുന്ന മാസങ്ങളോ ദിവസങ്ങളോ ഇല്ലായിരുന്നു. ഇനി കണ്ടില്ലെങ്കിൽ ഒന്നോ രണ്ടോ മണിക്കൂർ ഫോണിലെങ്കിലും ഒന്നോ രണ്ടോ മണിക്കൂർ സംസാരിക്കും. ആ ആള് പിന്നെ എവിടെ പോയെന്ന് എനിക്കറിയില്ല. എന്താണ് പ്രശ്നമെന്ന് നേരിട്ട് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ ചാനലിലൂടെ പറയാം. എന്നാൽ വളരെ ബോധപൂർവം ചർച്ചകളിൽ നിന്നും എന്റെ പേര് ഒഴിവാക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്.
പത്മരാജനിലൂടെയാണ് സിനിമയിൽ വന്നതെങ്കിലും രാജസേനന്റെ സിനിമകളാണല്ലോ ജയറാമിനെ ഇത്രയും ഉയരത്തിലെത്തിച്ചത്, എന്ന ചോദ്യം ഒരുവിധം എല്ലാ അഭിമുഖങ്ങളിലും ജയറാമിനോട് ചോദിക്കുന്നതാണ്. പക്ഷെ അവിടെ ബ്രില്യന്റായി ഊരി വരും.
ALSO READ
എന്നെക്കുറിച്ചുള്ള ചർച്ച അവിടെ അവസാനിപ്പിച്ച് എനിക്ക് പകരം മറ്റ് സംവിധായകരുടെ പേര് പ്രതിഷ്ഠിക്കും. ഇത് കാണുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്. ഇങ്ങനെ പറയുമ്പോൾ കിട്ടുന്ന സുഖമെന്താണ് എന്നാണ് എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത്,” രാജസേനൻ പറഞ്ഞു.
കടിഞ്ഞൂൽ കല്യാണം, അയലത്തെ അദ്ദേഹം, മേലേപറമ്പിൽ ആൺവീട്, സി.ഐ.ഡി ഉണ്ണികൃഷ്ണൻ, അനിയൻ ബാവ ചേട്ടൻ ബാവ, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, ആദ്യത്തെ കൺമണി, ഞങ്ങൾ സന്തുഷ്ടരാണ് എന്നീ ഹിറ്റുകളുൾപ്പെടെ 16 സിനിമകളാണ് രാജസേനൻ- ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിട്ടുള്ളത്.