മലയാള സിനിമയിലെ അഭിനയ കുലപതി ആയിരുന്നു അന്തരിച്ച നടൻ തിലകൻ. പെരുന്തച്ചനും, കൊച്ചുവാവയു മടക്കം മലയാളികൾ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളെയാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. അതേ സമയം മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി അദ്ദേഹത്തിന് അത്ര നല്ല ബന്ധം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്ന അദ്ദേഹം വിവാദങ്ങളിലും നിറഞ്ഞു നിന്നിരുന്നു.
നാടകരംഗത്ത് നിന്നുമാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചു. വർഷങ്ങൾ നീണ്ട കരിയറിൽ നടൻ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷക മനസുകളിൽ നിറഞ്ഞുനിൽക്കുന്നവയാണ്. സൂപ്പർതാര സിനിമകളിൽ ഉൾപ്പെടെ തിലകൻ ചെയ്ത റോളുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഒരുകാലത്ത് നടന്റെ ഡേറ്റിന് വേണ്ടി കാത്തിരുന്ന സംവിധായകരും നിർമ്മാതാക്കളും ഏറെയാണ്. ചില പ്രധാനപ്പെട്ട റോളുകളിൽ തിലകനെ അല്ലാതെ മറ്റാരെയും സങ്കൽപ്പിക്കാൻ പോലും അണിയറക്കാർക്ക് ആയില്ല. എല്ലാതരം വേഷങ്ങളും മലയാളത്തിൽ ചെയ്തിട്ടുണ്ട് തിലകൻ. ഒന്നിനൊന്ന് മകിച്ച വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്ത് മിക്ക സിനിമകളിലും നടൻ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഇപ്പോഴിതാ തിലകനൊപ്പമുളള ഒരു രസകരമായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ തുളസീദാസ്.
Also Read
ദുബായിയിൽ ഒന്നിച്ച് അടിച്ച് പൊളിച്ച് ലാലേട്ടനും മമ്മൂക്കയും, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ, വൈറൽ
മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തുളസീദാസ് തിലകനെ കുറിച്ച് പറഞ്ഞെത്തിയത്. തുളസീദാസ് സംവിധാനം ചെയ്ത സിനിമകളിൽ പ്രധാന വേഷങ്ങളിൽ തിലകൻ അഭിനയിച്ചിട്ടുണ്ട്. 1995ലാണ് ഈ കൂട്ടുകെട്ടിൽ മിന്നാമിനുങ്ങിനും മിന്നുകെട്ട് എന്ന ചിത്രം പുറത്തിറങ്ങുന്നത്. ജയറാം നായകനായ സിനിമയിൽ തിലകൻ, ശോഭന, ജഗദീഷ്, കവിയൂർ പൊന്നമ്മ ഉൾപ്പെടെയുളള താരങ്ങളാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.
കുടുംബ പശ്ചാത്തലത്തിലുളള കഥ പറഞ്ഞ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ എംകെ മേനോൻ എന്ന കഥാപാത്രത്തെയാണ് തിലകൻ അവതരിപ്പിച്ചത്. ജയൻ മേനോൻ എന്ന കഥാപാത്രമായി ജയറാമും എത്തി. ജയറാമും തിലകനും ഒരുമിച്ചുളള ഒരു സീനിനിടെ നടന്ന സംഭവമാണ് തുളസീദാസ് അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
തുളസീദാസിന്റെ വാക്കുകൾ ഇങ്ങനെ:
എന്റെ ആദ്യ സിനിമയിൽ തന്നെ തിലകൻ ചേട്ടൻ അഭിനയിച്ചിട്ടുണ്ട് അതിന് മുൻപ് തന്നെ അദ്ദേഹത്തെ പരിചയ പെട്ടിട്ടുണ്ട്. അങ്ങനെ നല്ല അടുപ്പം തിലകൻ ചേട്ടനുമായി ഉണ്ട്. മിന്നാമിനുങ്ങിനും മിന്നുകെട്ട് സിനിമയുടെ ഒരു പ്രധാനപ്പെട്ട സീൻ എടുക്കുകയാണ്. ആ സീനിൽ എല്ലാവരുമുണ്ട്.
അതിൽ തിലകൻ ചേട്ടൻ ജയറാമിനെ നോക്കി പറയുന്ന ഒരു ഡയലോഗുണ്ട് നീ എന്നോട് ഇത് ചെയ്യുമെന്ന് കരുതിയില്ല എന്ന്. അന്ന് തിലകൻ ചേട്ടൻ ആ നീ അങ്ങ് കട്ട് ചെയ്യാൻ അസോസിയേറ്റിനോട് പറഞ്ഞു. എന്നോട് ഇത് ചെയ്യുമെന്ന് കരുതിയില്ല എന്ന് പോരെ എന്ന് പറഞ്ഞു. എന്നാൽ റിഹേഴ്സൽ സമയത്തൊക്കെ ഈ നീ വെച്ചാണ് ഡയലോഗ് പറഞ്ഞത്.
എന്നാൽ ടേക്ക് എടുത്തപ്പോ കണ്ടില്ല. ഞാൻ തിലകൻ ചേട്ടനോട് ആ നീ എന്തായാലും വേണമെന്ന് പറഞ്ഞു. എന്നാൽ അത് ആവശ്യമില്ല, ഞാൻ വിരല് ചൂണ്ടുന്നണ്ടല്ലോ എന്നായിരുന്നു തിലകൻ ചേട്ടന്റെ മറുപടി. എന്നാൽ ഞാൻ അത് സമ്മതിച്ചില്ല. നീ വേണമെന്ന് തന്നെ പറഞ്ഞു. അങ്ങനെ തിലകൻ ചേട്ടനും ഞാനും തർക്കമായി ഒരു മണിക്കൂറോളം തർക്കം തുടർന്നു.
ജയറാമൊക്കെ ഇത് കണ്ട് ചിരിക്കുകയാണ്. ചിത്രീകരണത്തിനിടെ ബ്രേക്ക് വന്നു.പിന്നെ തിലകൻ ചേട്ടൻ ജയറാമിന്റെ അടുത്ത് വന്ന് പറഞ്ഞു ജയറാമേ ഞാൻ ആ നീ പറയാം, പക്ഷേ നീ എന്റെയടുത്ത് വന്ന് സൂക്ഷിച്ചുനോക്കണം എന്ന്. ജയറാം പൊട്ടിച്ചിരിച്ചുപോയി. കാരണം തിലകൻ ചേട്ടന് ഒരു ചമ്മലുണ്ടായിരുന്നു. അനാവശ്യമായി വാശിപിടിച്ചത് കൊണ്ട്.
അത് ആവശ്യമാണെന്ന് പുളളിക്ക് മനസിലായി. എന്നാൽ അതൊരു സഹോദര സ്നേഹത്തിലുളള വാശി ആയിരുന്നു എന്ന്. ഞാനും തിലകൻ ചേട്ടനും അന്ന് കുറെ പിണങ്ങിയിട്ടുണ്ട്. എന്നാൽ അപ്പോഴൊക്കെ പിണക്കം മാറിയിട്ടുമുണ്ട് എന്നും അഭിമുഖത്തിൽ സംവിധായകൻ വ്യക്തമാക്കുന്നു.