മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ് കാഴ്ചയുടെ വിസ്മയ ലോകവുമായി എത്തിയ ഹോളിവുഡ് ചിത്രം ‘അക്വാമാന്‍’. ജെയ്‌സണ്‍ മൊമോവയാണ് കോമിക് സൂപ്പര്‍ ഹീറോയായ അക്വാമാനായി വേഷമിടുന്നത്.
അഭിനയത്തില്‍ മാത്രമല്ല ജീവിതത്തിലും ജെയ്‌സണ്‍ മരണമാസാണ്. അഭിനയ രംഗത്ത് ഏറെ വെല്ലുവിളികളിലൂടെ കടന്നു പോയ ജെയ്‌സണിന് ജീവിതത്തിലും പൊരുതി ജയിച്ചവന്റെ കഥയാണ് പറയാനുള്ളത്.
പ്രണയം എന്നു പറഞ്ഞ് വെറുതെ പുച്ഛിക്കേണ്ട. തന്റെ ഭാര്യയായ ലിസ ബോണറ്റിനെ ജെയ്‌സണ്‍ മൊമോവ പ്രണയിച്ച് തുടങ്ങിയത് തന്റെ എട്ടാം വയസ്സിലാണ്. അന്ന് ലിസയ്ക്ക് 21 വയസ്സായിരുന്നു പ്രായം.
ടെലിവിഷനിലൂടെ കണ്ടാണ് ജെയ്‌സണിന് ലിസയോട് പ്രണയം തോന്നുന്നത്. ഇരുവരും ആദ്യം നേരിട്ട് കണ്ടു മുട്ടുന്നത് 2005 ലാണ്. അപ്പോള്‍ ജെയിസണിന് 26 വയസ്സായിരുന്നു പ്രായം.
ലിസയ്ക്ക് അപ്പോള്‍ പ്രായം 39. പാര്‍ട്ടിക്കിടെ ഒരു സുഹൃത്താണ് ലിസയെ ജെയ്‌സണിന് പരിചയപ്പെടുത്തി കൊടുത്തത്.
ലിസയെ കണ്ട നിമിഷം അവളെ ഇനി പിരിയരുതെന്ന് തീരുമാനിച്ചെന്ന് ജെയ്‌സണ്‍ പറയുന്നു. പിന്നീട് സുഹൃത്തുക്കളായ ഇരുവരും വൈകാതെ ഒരുമിച്ച ജീവിക്കാന്‍ തുടങ്ങി.
എന്നാല്‍ അപ്പോഴും എട്ടാം വയസില്‍ തന്റെ മനസില്‍ മൊട്ടിട്ട പ്രണയത്തെ പറ്റി ജെയ്‌സണ്‍ ലിസയോട് പറഞ്ഞിരുന്നില്ല. ഇരുവര്‍ക്കും 2007 ല്‍ പെണ്‍കുഞ്ഞ് ജനിച്ചു, തൊട്ടടുത്ത വര്‍ഷം ഒരാണ്‍കുട്ടിയും.
അപ്പോളാണ് ജെയ്‌സണ്‍ എട്ടാം വയസിലെ തന്റെ പ്രണയത്തെ കുറിച്ച് ലിസയോട് പറഞ്ഞത്. അവിശ്വസനീയതയോടെയാണ് ലിസ അക്കാര്യം കേട്ടിരുന്നതെന്ന് ജെയ്‌സണ്‍ പറയുന്നു. 2017 ലാണ് ഇരുവരും തമ്മില്‍ ഔദ്യോഗികമായി വിവാഹിതരായത്.
അക്വാമാന്‍ എന്ന കോമിക് സൂപ്പര്‍ ഹീറോയുടെ കഥയാണ് ചിത്രം പറയുന്നത്. കോണ്‍ജൂറിംഗ് സീരീസുകളിലൂടെ പ്രശസ്തനായ ജയിംസ് വാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സ്‌പെഷ്യല്‍ ഇഫക്ടുകളുടെ അതിപ്രസരം കൊണ്ട് വിസ്മയം ജനിപ്പിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആംബെര്‍ ഹിയര്‍ഡ്, നിക്കോള്‍ കിഡ്മാന്‍, പാട്രിക് വില്‍സണ്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
1116 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡിസി എന്റര്‍ടെയിന്‍മെന്റും വാര്‍ണര്‍ ബ്രദേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
റിലീസ് ചെയ്‌തെടുത്തെല്ലാം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചൈനയില്‍ റിലീസ് ചെയ്ത് ആദ്യ ആഴ്ച മാത്രം ചിത്രം 100 മില്യന്‍ ഡോളറിനുമേല്‍ കളക്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.