അച്ഛനമ്മമാരുടെ വഴിയെ താരമക്കളും സിനിമയില്‍ ചുവടുറപ്പിക്കുന്നത് സിനിമാ ലോകത്ത് സാധാരണമാണ്. ധടക് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന താര പുത്രി ജാന്‍വി കപൂറിന് ആരാധകര്‍ ഏറെയാണ്.
അകാലത്തില്‍ അന്തരിച്ച നടി ശ്രീദേവിയുടെ മകളാണ് ജാന്‍വി. അമ്മയെപ്പോലെ മലയാളത്തില്‍ അഭിനയിക്കുമോ ജാന്‍വി എന്നറിയാന്‍ കാത്തിരിക്കുകയാണ് മലയാളി ആരാധകര്‍.
അച്ഛന്‍ ബോണി കപൂറിനൊപ്പം ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെത്തിയ ജാന്‍വി ഈ ചോദ്യത്തിന് മറുപടി നല്‍കി. അമ്മയെപ്പോലെ മലയാളത്തില്‍ ഒരു ചിത്രം ചെയ്യുന്നത് എന്നാണെന്ന് ചോദിച്ചപ്പോള്‍ ‘തന്നെ അമ്മയുമായി താരതമ്യം ചെയ്യരുതെന്നായിരുന്നു’ ജാന്‍വിയുടെ മറുപടി.
‘അമ്മയുടെ മലയാളം സിനിമകള്‍ കണ്ടിട്ടുണ്ടെന്നും വളരെ അനായാസമായാണ് അമ്മ അഭിനയിച്ചിരുന്നതെന്നും ജാന്‍വി പറഞ്ഞു. മിക്ക ഇന്ത്യന്‍ ഭാഷകളിലും അഭിനയിച്ചിട്ടുള്ളയാളാണ് അമ്മ. ഒരിക്കലും നിങ്ങള്‍ എന്നെ അമ്മയുമായി താരതമ്യം ചെയ്യരുതെന്നാണ് പറയാനുള്ളത്. സിനിമകള്‍ തിരഞ്ഞെടുക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നോ എന്നറിയില്ല’ ജാന്‍വി പറഞ്ഞു.