തിയറ്ററുകളെ പിടിച്ചുകുലുക്കുന്ന ബ്രഹ്‌മാണ്ഡ വിജയമായി പ്രദർശനം തുടരുകയാണ് തമിഴ് ചിത്രം ജയിലർ. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ രമ്ടു വർഷത്തിന് ശേഷം തിയറ്ററിലെത്തിയ ചിത്രം പ്രേക്ഷകരെ ത്രസിപ്പിച്ചാണ് മുന്നേറുന്നത്. ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രത്തിന് തിയറ്ററിൽ ഓരോ ദിവസവും തിരക്ക് വർധിക്കുകയാണ്.
നെൽസൺ ദിലീപ് കുമാർ സംവിധാനത്തിൽ എത്തിയ ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലും കന്നഡ സൂപ്പർ ഹീറോ ശിവരാജ് കുമാറും കാമിയോ റോളിൽ തിളങ്ങിയിരുന്നു. ചിത്രത്തിന് റിലീസ് ദിനം തൊട്ട് മികച്ച കളക്ഷനാണ് നേടാനായത്.
സിനിമയ്ക്ക് ലഭിച്ച ഗംഭീര വരവേൽപ്പ് തെന്നിന്ത്യൻ സിനിമാ ലോകത്തിന് തന്നെ പുത്തൻ ഉണർവ്വാണ് നൽകുന്നത്. തിയേറ്ററുകൾ മികച്ച കളക്ഷൻ നൽകിയതോടെ 500 കോടി ക്ലബിലേക്ക് കടക്കുകയാണ് ചിത്രം. റിലീസായി അഞ്ച് ദിവസത്തിൽ 351.92കോടിയാണ് ലോകമെമ്പാടുമായി ചിത്രം കളക്ട് ചെയ്തത്.
അതേസമയം, തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ ഒന്നിച്ച ഈ ചിത്രത്തിനായി മുടക്കിയ തുക ഇതിനോടകം തന്നെ തിരിച്ചുപിടിച്ചുകഴിഞ്ഞു. ചിത്രത്തിൽ വേഷമിട്ട രജനികാന്ത്, മോഹൻലാൽ, ശിവരാജ് കുമാർ, രമ്യ കൃഷ്ണൻ, വിനായകൻ എന്നിവർ ഉൾപ്പടെയുള്ളവരുടെ പ്രതിഫലം സംബന്ധിച്ച റിപ്പോർട്ടുകലാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
ചിത്രത്തിലെ നായകനായ ടൈഗർ മുത്തുവേൽ പാണ്ഡ്യനെന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ സൂപ്പർ സ്റ്റാർ രജനീകാന്തിന് തന്നെയാണ് പ്രതിഫലം കൂടുതൽ. ഈ ചിത്രത്തിൽ അഭിനയിച്ചതിന് രജനികാന്തിന് ലഭിച്ചത് 110 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിൽ സുപ്രധാനമായ അതിഥി വേഷത്തിലാണ് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ എത്തിയത്. മാത്യൂസ് എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയ മോഹൻലാലിന് ലഭിച്ച പ്രതിഫലം 8 കോടി രൂപയാണ്. ചിത്രത്തിൽ അതിഥിവേഷത്തിലെത്തിയ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറിനും എട്ട് കോടി രൂപ പ്രതിഫലം ലഭിച്ചുവെന്നാ
ണ് കണക്കുകൾ പറയുന്നത്.
ചിത്രത്തിലെ വില്ലൻ വേഷത്തിൽ എത്തി കൈയ്യടി നേടിയനടൻ വിനായകന് 35 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിച്ചത്. അതുപോലെ ബോളിവുഡ് താരം ജാക്കി ഷറോഫിന് നാലു കോടി രൂപയും രമ്യ കൃഷ്ണന് 80 ലക്ഷവുമാണ് പ്രതിഫലം ലഭിച്ചത്.
തെലുങ്ക് താരം സുനിൽ 60 ലക്ഷം, വസന്ത് രവി 60 ലക്ഷം, റെഡിൻ കിംഗ്സ്ലേ 25 ലക്ഷം എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രതിഫലം. ചിത്രത്തിലെ കൂടാതെ കാവാല എന്ന സൂപ്പർ ഹിറ്റ് ഗാന രംഗത്തിൽ ഉൾപ്പടെ എത്തിയ തമന്നയ്ക്ക് മൂന്ന് കോടി രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്ന് കണക്കുകൾ പറയുന്നു.
ചിത്രത്തിന്റെ സംവിധായകൻ നെൽസണ് പ്രതിഫലമായി ലഭിച്ചത് പത്ത് കോടി രൂപയാണെന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോർട്ട്. സൺ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.