മലയാള സിനിമ കണ്ട മികച്ച നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിച്ച മിക്ക കഥാപാത്രങ്ങളിലും തന്റേതായ കൈയൊപ്പ് ചാർത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ, തമിഴിലും നടി തിളങ്ങി നിൽക്കുകയാണ്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം സിനിമാ ലോകത്തേയ്ക്ക് തിരിച്ചെത്തിയത്. തിരിച്ചെത്തിയപ്പോഴും മുൻനിര നായികമാരിൽ നിൽക്കാൻ നടി ഉർവശിക്ക് സാധിച്ചിട്ടുണ്ട്.
അഞ്ച് തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കിയ നടിയാണ് ഉർവശി. ഇതിൽ മൂന്ന് പ്രാവിശ്യം തുടർച്ചയായാണ് നടി പുരസ്‌കാരം കരസ്ഥമാക്കിയത്. മികച്ച നടിക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ പുരസ്‌കാരം രണ്ട് തവണയാണ് ഉർവശി സ്വന്തമാക്കിയത്. 80 കളിലും 90 കളിലും സൂപ്പർ ഹിറ്റ് നായികയായ ഉർവശി സൂപ്പർ സ്റ്റാറുകളുടെ നായിക കൂടിയായിരുന്നു.
അതേസമയം, സൂപ്പർ സ്റ്റാറുകളുടെ ഒപ്പം മാത്രമേ അഭിനയിക്കൂ എന്ന വാശി ഉർവശിക്ക് ഉണ്ടായിരുന്നില്ല. സിനിമയിൽ തിളങ്ങി നിൽക്കുന്ന വേളയിൽ, സൂപ്പർ സ്റ്റാറുകൾക്ക് പുറമെ, കോമഡി വേഷങ്ങൾ ചെയ്തിരുന്ന നടൻ ജഗദീഷ്, ശ്രീനിവാസൻ തുടങ്ങിയവരുടെ നായികയായി ഉർവശി എത്തിയത്. അന്ന് കരിയറിനെ ബാധിക്കുമെന്ന് പലരും പറഞ്ഞെങ്കിലും ഉർവശി ആ വാദങ്ങളെ തള്ളി കളഞ്ഞു. ഇപ്പോൾ ഉർവശിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ജഗദീഷ്.
ജീവിതത്തിൽ വലിയ കടപ്പാടുള്ള നടിയും സുഹൃത്തുമാണ് ഉർവശിയെന്നാണ് താരം പറഞ്ഞത്. ഇരുവരും ഒരുമിച്ച് ഭാര്യ, സ്ത്രീധനം തുടങ്ങി ആറോളം സിനിമകളിൽ നായികാ നായകൻമാരായി അഭിനയിച്ചിരുന്നു. ‘എനിക്കേറ്റവും അടുപ്പമുള്ള നടി ഉർവശി ആണ്. ഞാനൊരു കൊമേഡിയനാണെന്നുള്ള ധാരണ മാറ്റിയിട്ട് നിങ്ങൾക്കൊരു ഹീറോ ആവാനാവും നിങ്ങളൊരു ഹീറോ ആണ് എന്ന് പറഞ്ഞ് എനിക്ക് കോൺഫിഡൻസ് തന്നിട്ടുള്ളത് ഉർവശി ആണ്.
കാരണം ഉർവശി വളരെ സീനിയറായ ഒരു ഹീറോയിനാണ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കമൽ ഹാസന്റെയും ടോപ് ഹീറോയിൻ. ‘അവരോടാെപ്പമഭിനയിച്ച് ജഗദീഷിന്റെ ഹീറോയിനായിട്ട് വരുമ്പോൾ ഇൻഡസ്ട്രിയിൽ മുഴുവൻ സംസാരമായിരുന്നു.
ഉർവശി താഴോട്ട് പോയി, ജഗദീഷിന്റെ ഹീറോയിനായി എന്ന് പറഞ്ഞു’ ‘ആ സമയത്ത് അത് മൈൻഡ് ചെയ്യാതെ എന്റെ ഹീറോയിനായി ആറേഴ് സിനിമകളിൽ അഭിനയിച്ച ഉർവശിയോട് എനിക്ക് ജീവിതത്തിൽ വലിയ കടപ്പാടുണ്ട്. എന്റെയും ശ്രീനിവാസന്റെയും നായികയായി അഭിനയിച്ചതിന്റെ പേരിൽ ഉർവശിയെ ഒരുപാട് പേർ പരിഹസിച്ചു,’ ജഗദീഷ് വെളിപ്പെടുത്തി.