വർഷങ്ങളായി മലയാള സിനിമാ രംഗത്തും ടെലിവിഷൻ രംഗത്തും തിളങ്ങി നിൽക്കുന്ന താരമാണ് ജഗദീഷ്. നായകനായും കൊമേഡിയനായും സഹനടനായും വില്ലനായും എല്ലാം പകർന്നാടിയിട്ടുള്ള ജഗദീഷ് ഒരു മികച്ച തിരക്കഥാ കൃത്തും ഗായകനും കൂടിയാണ്.
അതേ സമയം അടുത്തിടെ ജഗദീഷിന്റെ ഭാര്യ ഡോ. പി രമയുടെ വിയോഗ വാർത്ത വലിയ ദുഃഖത്തോടെ ആണ് എല്ലാവരും കേട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗം മേധാവിയായിരുന്ന രമയ്ക്ക് 61 വയസ് ആയിരുന്നു. കേരളത്തെ പിടിച്ച് കുലുക്കിയ പല കേസുകളിലും ഫൊറൻസിക് രംഗത്ത് രമ നടത്തിയ കണ്ടെത്തലുകൾ ഏറെ വിലപ്പെട്ടവ ആയിരുന്നു.
ആറ് വർഷത്തെ പാർക്കിൻസൺസ് രോഗ കാലത്തോടാണ് ഡോ. രമ വിട പറഞ്ഞത്. വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും നിഴൽ പോലെ കൂടെ നിന്നിരുന്ന തന്റെ പ്രിയതമയുടെ വേർപാട് ജഗദീഷിനെ സംബന്ധിച്ചിടത്തോളം വലിയ വേദന ആയിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഏറ്റവും വലിയ നഷ്ടം എന്ന് പറയുന്നത് എന്റെ ഭാര്യയുടെ അഭാവം തന്നെയാണ്. ഒരു ഗൃഹനാഥന്റെ ഡ്യൂട്ടി കൂടി ഏറ്റെടുത്തു ചെയ്യേണ്ട സ്ഥലങ്ങൾ എല്ലാം ആ ഡ്യൂട്ടി എടുത്തിരുന്നതും എന്റെ ഭാര്യയാണ് എന്ന് ജഗദീഷ് പലപ്പോഴും പറഞ്ഞിരുന്നു.
എല്ലാ കാര്യങ്ങളും കൃത്യമായി നടപ്പാക്കുന്ന പെർഫെക്ഷനിസ്റ്റ് ആയിരുന്നു ഭാര്യ. ഒരായുസ്സിന്റെ മുഴുവൻ കാര്യങ്ങളും വളരെ നേരത്തെ തന്നെ ചെയ്തതുകൊണ്ടാകാം ദൈവം നേരത്തെ തന്നെ രമയെ വിളിച്ചതെന്ന് ജഗദീഷ് പറയുന്നു. റോഷാക്കിലെയും, കാപ്പയിലെയും ഒക്കെ എന്റെ അഭിനയം കണ്ടും സിനിമയുടെ വിജയം കണ്ടും ഏറ്റവും അധികം സന്തോഷിക്കുമായിരുന്നത് രമയാണ്. അതെനിക്ക് നൂറു ശതമാനം അറിയാമെന്നും ജഗദീഷ് വെളിപ്പെടുത്തുന്നു.
ഇപ്പോൾ താൻ ഒറ്റപ്പെട്ടുപോയേക്കാവുന്ന അവസ്ഥയിൽ രമയുടെ ആഗ്രഹമാകും നിറവേറ്റുന്നത്. ഒരുപാട് നല്ല വേഷങ്ങൾ തേടിയെത്തുന്നുണ്ട്. കൂടുതലും പുതു സംവിധായകരുടെതാണെന്നും ജഗദീഷ് പറയുന്നു.
ചിലത് നേടുമ്പോൾ ചിലത് നഷ്ടപ്പെടും എന്ന്. ചിലതു നഷ്ടം ആകുമ്പോൾ ചിലത് നമുക്ക് നേടാൻ കഴിയും എന്നൊരു ഹിന്ദി പാട്ടുണ്ട്. അതുപോലെ ഒറ്റയ്ക്കാകാതെ ഇരിക്കാൻ ചില കാര്യങ്ങൾ ചെയ്തുകൊടുത്തേക്കാം എന്ന് ദൈവം വിചാരിച്ചു കാണും. അതാകാം എനിക്ക് കിട്ടുന്ന അവസരങ്ങളെന്നും ജഗദീഷ് പറയുന്നു.
മക്കൾ രണ്ടുപേരും ഡോക്ടേഴ്സാണ്. അവർ ഡോക്ടർമാർ ആകാനുള്ള പ്രധാനകാരണം എന്റെ ഭാര്യ തന്നെയാണ്. അച്ഛൻ എന്ന നിലയിൽ എനിക്ക് പറയാനുള്ളത് എന്റെ വൈഫിന്റെ കമ്മിറ്റ്‌മെന്റാണ് അതെന്നും ജഗദീഷ് പറയുന്നു.