വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനും തിരക്കഥാകൃത്തും ഒക്കെയാണ് ജഗദീഷ്. നായകൻ, സഹനടൻ, കോമഡി, വില്ലൻ തുടങ്ങി എല്ലാ വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. മിനിസ്‌ക്രീൻ അവതാരകനായും റിയാലിറ്റി ഷോ ജഡ്ജായും എല്ലാം താരം സജീവമാണ്.
ഒരു കോളേജ് അധ്യാപകൻ ആയിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടർന്നാണ് സിനിമയിൽ എത്തുന്നത്. ഇപ്പോൾ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ് നടൻ. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ജഗദീഷ്.
നിതീഷ് സഹദേവിന്റെ സംവിധാനത്തിൽ ബേസിൽ ജോസഫിനെ നായകനാക്കി ഒരുക്കിയ ഫാമിലി എന്ന ചിത്രത്തിലാണ് ജഗദീഷ് അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ സിനിമ വിജയിക്കാനും അവാർഡുകൾ ലഭിക്കാനും അഭിനയത്തേക്കാൾ കൂടുതലായി വേണ്ടത് നല്ല എഴുത്തുകാരെയും സംവിധായകരെയുമാണെന്ന് പറയുകയാണ് ജഗദീഷ്. ഏത് സിനിമയിലേതാണെങ്കിലും താൻ അഭിനയിച്ച കഥാപാത്രങ്ങൾ വിജയിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് സിനിമയുടെ സംവിധായകന് നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ഫിൽമിബീറ്റ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് താരം സംസാരിച്ചത്. ഒരു സിനിമയിൽ സംവിധായകനും തിരക്കഥാകൃത്തിനുമുള്ള പങ്ക് വലുതാണെന്ന് പറയുകയാണ് താരം. സിനിമയിലെ അഭിനയത്തിന് അവാർഡുകൾ കിട്ടാൻ തനിക്കും നല്ല ആഗ്രഹമുണ്ട്. എന്നാൽ അവാർഡുകൾ കിട്ടണമെങ്കിൽ നമുക്ക് നല്ല സംവിധായകരെയും എഴുത്തുകാരെയും ആവശ്യമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
തന്റെ പുതിയ ചിത്രമായ ഫാലിമിയെ കുറിച്ച് സംസാരിക്കവെയാണ് ജഗദീഷ് ഇക്കാര്യം പറഞ്ഞത്. ഇപ്പോൾ ഫാലിമിയിലെ തന്റെ കഥാപാത്രം വിജയിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് തിരക്കഥാകൃത്തിന് കൊടുക്കുന്നു. ഒരു കഥാപാത്രം എങ്ങനെയാവണമെന്നും ആ കഥാപത്രം എങ്ങനെ പെർഫോം ചെയ്യണമെന്നും ആഗ്രഹിക്കുന്നത് സംവിധായകനാണെന്നും അദ്ദേഹം വിശീദകരിച്ചു.
സംവിധായകൻ തന്റെ കണ്ണിൽ കണ്ടതുപോലെ തന്നെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ആ സിനിമ വിജയിച്ചു. ഒപ്പം ആ സിനിമയെ പ്രേക്ഷകർ ഏറ്റെടുക്കുകയാണെങ്കിൽ സിനിമക്ക് ലഭിക്കുന്നത് സമ്പൂർണമായ വിജയമാണ്. തന്റെ വിജയിച്ച കഥാപാത്രങ്ങളുടെ എല്ലാ ക്രെഡിറ്റും താൻ സിനിമയുടെ മാതാപിതാക്കളായ എഴുത്തുകാരനും സംവിധായകനുമായ ആളുകൾക്ക് കൊടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും ജഗദാഷ് വ്യക്തമാക്കി.
തിരക്കഥ എന്നത് ഒരു കുഞ്ഞാണ്, അതിന് ജീവൻ നൽകുന്നത് ഒരു സംവിധായകനും. അങ്ങനെ നോക്കുമ്പോൾ സിനിമയുടെ മാതാപിതാക്കളായ അവർക്ക് ക്രെഡിറ്റ് കൊടുത്തിക്കണമെന്നാണ് എന്റെ പക്ഷമെന്നും ജഗദീഷ് പറയുന്നു.
കൂടാതെ നല്ല തിരക്കഥ എഴുതാൻ ജീവിതാനുഭവങ്ങൾ ഉള്ളവർക്ക് സാധിക്കുമെന്നും പ്രേക്ഷകർക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കാനും അവർക്കാണ് സാധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സിനിമയെ കുറിച്ച് ഒരുപാട് സംവാദങ്ങൾ നടത്തുന്ന സുഹൃദ്‌സംഘങ്ങളുണ്ട്. പുതിയ തലമുറയുടെ ഈ ഒരു സംസ്‌കാരം നല്ല സിനിമകൾ ഉണ്ടാവാൻ കാരണമാവുന്നു. സിനിമ സ്വപ്നം കണ്ട് നടക്കുന്ന യുവാക്കൾ മലയാളത്തിൽ എന്നുമുണ്ടെന്നും അവസരം ഒത്തുവരുമ്പോൾ നല്ല ഒരു പ്രൊജക്റ്റ് അവരിൽ നിന്ന് ഉണ്ടാവുന്നുണ്ട്. എന്നും അദ്ദേഹം പ്രശംസിച്ചു.