വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനും തിരക്കഥാകൃത്തും ഒക്കെയാണ് ജഗദീഷ്. നായകൻ, സഹനടൻ, കോമഡി, വില്ലൻ തുടങ്ങി എല്ലാ വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. മിനിസ്‌ക്രീൻ അവതാരകനായും റിയാലിറ്റി ഷോ ജഡ്ജായും എല്ലാം താരം സജീവമാണ്.
ഒരു കോളേജ് അധ്യാപകൻ ആയിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടർന്നാണ് സിനിമയിൽ എത്തുന്നത്. ഇപ്പോൾ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ് നടൻ. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ജഗദീഷ്. കഴിഞ്ഞ ദിവസം ഇറങ്ങിയ ഫാലിമി എന്ന ചിത്രമാണ് ജഗദീഷിന്റെ ലേറ്റസ്റ്റ് റിലീസ്.
ചിത്രം മികച്ച റിവ്യൂകൾ നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. നവാഗതനായ നിതീഷ് സഹദേവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബേസിൽ ജോസഫ് നായകനാകുന്ന ചിത്രത്തിൽ ജഗദീഷും മഞ്ജു പിള്ളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ അച്ഛന്റെ വേഷത്തിലാണ് താരം എത്തുന്നത്.
ഇതിനിടെ താരം നൽകിയ അഭിമുഖത്തിൽ തനിക്ക് പഴയ തരത്തിലുള്ള കോമഡി വേഷങ്ങൾ വീണ്ടും ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറയുകയാണ്. തനിക്ക് ഹ്യൂമർ ചെയ്യാൻ ഇപ്പോഴും ഒരുപാട് ആഗ്രഹമുണ്ടെന്നും എന്നാൽ പ്രായത്തിനനുസരിച്ചുള്ള കോമഡി വേഷങ്ങൾ മാത്രമേ ഇപ്പോൾ ചെയ്യാൻ കഴിയുകയുള്ളൂവെന്നുമാണ് താരം പറയുന്നത്.
ഹ്യൂമർ ചെയ്യാൻ ഇപ്പോഴും നല്ല ആഗ്രഹമുണ്ട്. ഇപ്പോൾ തമാശകളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. തന്റെ പ്രായത്തിലും ഒരുപാട് മാറ്റം വന്നിട്ടുണ്ടല്ലോ. ഗോഡ് ഫാദറിലെ മായിൻകുട്ടിയുടെ അതേ പ്രായത്തിലുള്ള കോമഡി ഇപ്പോൾ താൻ കാണിക്കുന്നത് ശരിയല്ല എന്നാണ് തന്റെ പക്ഷമെന്നും ജിഞ്ചർ മീഡിയയോട് ജഗദീഷ് പറഞ്ഞു.
അപ്പുക്കുട്ടൻ എന്ന കഥാപാത്രമാവുമ്പോൾ ഈ പ്രായത്തിലെ അപ്പുക്കുട്ടൻ എന്താണോ ചെയ്യുന്നത് അതേ ചെയ്യാൻ കഴിയുകയുള്ളു. അല്ലാതെ ഞാൻ വീണ്ടും ഒരു ചെറുപ്പക്കാരനായി മായയുടെ പിന്നാലെ നടക്കുകയാണെങ്കിൽ അതിന് ഇനി പ്രസക്തിയില്ലെന്നും ജഗദീഷ് പറയുന്നു.
വളരെ സീനിയർ ആയിട്ടുള്ള ഒരു മായയോ ആ മായേടെ ഒരു മൂത്ത ചേച്ചിയെങ്ങാനും വരികയാണെങ്കിൽ ഇന്ന് അല്പം താത്പര്യം ആവാം. ഇപ്പോഴും താൻ മായേടെ പിന്നാലെ നടക്കുകയാണെങ്കിൽ ആളുകൾ ചോദിക്കും, ഇവന്മാർക്ക് വേറേ പണിയൊന്നുമില്ലേയെന്ന്. അങ്ങനെ ആൾക്കാരെ കൊണ്ട് പറയിപ്പിക്കരുതെന്നും താരം തമാശയായി പറയുന്നു.