വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനും തിരക്കഥാകൃത്തും ഒക്കെയാണ് ജഗദീഷ്. നായകൻ, സഹനടൻ, കോമഡി, വില്ലൻ തുടങ്ങി എല്ലാ വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. മിനിസ്‌ക്രീൻ അവതാരകനായും റിയാലിറ്റി ഷോ ജഡ്ജായും എല്ലാം താരം സജീവമാണ്.
ഒരു കോളേജ് അധ്യാപകൻ ആയിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടർന്നാണ് സിനിമയിൽ എത്തുന്നത്. ഇപ്പോൾ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ് നടൻ. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ജഗദീഷ്.
ഫാലിമി എന്ന ചിത്രമാണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പറ്റി സംസാരിക്കുകയാണ് നടൻ ജഗദീഷ്. യഥാർത്ഥ ജീവിതത്തിൽ താൻ രണ്ട് പെൺകുട്ടികളുടെ അച്ഛനാണെന്നും സിനിമയിൽ രണ്ട് യുവാക്കളുടെ അച്ഛനായി അഭിനയിച്ചത് നല്ല എക്സ്പീരിയൻസായിരുന്നുവെന്നും ജഗദീഷ് പറയുന്നു.
ഒപ്പം, നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ കുറിച്ചും സംസാരിക്കുകയാണ് ജഗദീഷ്. പ്രേക്ഷകരുടെ വീട്ടിലുള്ള ആളുകളെ തന്നെ സിനിമയിൽ കാണാമെന്നും ജഗദീഷ് സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിനിടയിൽ പറഞ്ഞു. ഗോഡ്ഫാദറിലെ മായിൻകുട്ടിക്ക് ശേഷം ഷർട്ടില്ലാതെ വരുന്ന സിനിമയാണ് ഫാലിമി എന്നും ജദഗീഷ് പറയുന്നു.
ഷർട്ട് വേണ്ട എന്നാണ് വന്നയുടനെ സംവിധായകൻ നിതീഷ് പറഞ്ഞത്. ഷോട്ടിന് ചെല്ലുമ്പോൾ ഷർട്ടൂരട്ടെ നിതീഷേ എന്നാണ് ചോദിക്കുക. നിതീഷിന്റെ നിരീക്ഷണം വളരെ കറക്ടാണ്. ഇതേപോലെയുള്ള വീടുകളിൽ ചില അച്ഛന്മാർ ഷർട്ടൊന്നുമിടാതെയാണ് നടക്കുന്നതെന്ന് ജഗദീഷ് പറയുന്നു.
താനും വീട്ടിൽ ഷർട്ടോ ടീ ഷർട്ടോ ഇടാറില്ല. മുണ്ട് മാത്രമാണ്. ഉറങ്ങുമ്പോഴും ഇടാറില്ല. അത് വലിയ കംഫർട്ടബിളാണ്. അങ്ങനെ അഭിനയിച്ചപ്പോഴും സന്തോഷം തോന്നിയെന്നും ജഗദീഷ് പറയുന്നു.
കൂടാതെ, ഗോഡ്ഫാദറിലെ മായിൻകുട്ടിയുടെ റോളൊക്കെ ഇപ്പോൾ ബേസിൽ ജോസഫ് ചെയ്യേണ്ടതാണ്. അവിടെനിന്നും മായിൻകുട്ടിയെ പോലെയുള്ളവരുടെ അച്ഛനായി വരുമ്പോൾ എങ്ങനെയിരിക്കും എന്ന് അനുഭവിച്ച് അറിയാനും അഭിനയിക്കാനും ഒരു അവസരം കിട്ടിയെന്നും ജഗദീഷ് വെളിപ്പെടുത്തി.
കോൺഫ്ളിക്ടുകളുണ്ടെങ്കിലും ഫാലിമിയിലെ ഈ അച്ഛനേയും മക്കളേയും അമ്മയേയും അപ്പൂപ്പനേയും ഇഷ്ടപ്പെടും. ഇതിൽ വില്ലന്മാരൊന്നും ഇല്ല. നിങ്ങളുടെ വീട്ടിലുള്ള അച്ഛനും അമ്മയും മക്കളും അപ്പൂപ്പനുമൊക്കെ ഈ സിനിമയിലുണ്ട്. വേറെ അവകാശ വാദങ്ങളൊന്നും പറയുന്നില്ല. നിങ്ങൾ ഐഡന്റിഫൈ ചെയ്യുന്ന കുടുംബമാണ് ഫാലിമിയിലുള്ളതെന്നും ജഗദീഷ് പറയുന്നു.
നവംബർ 17നാണ് ഫാലിമി റിലീസ് ചെയ്യുന്നത്. ചിയേഴ്‌സ് എന്റർടൈൻമെന്റ്സും സൂപ്പർ ഡ്യൂപ്പർ സിനിമയും ചേർന്നു നിർമിച്ച ചിത്രം നവാഗതനായ നിതീഷ് സഹദേവാണ് സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ് നായകനാകുന്ന ചിത്രത്തിൽ ജഗദീഷും മഞ്ജു പിള്ളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു