മലയാളികൾക്ക് പ്രിയങ്കരിയായ ഗായികയും അഭിനേത്രിയുമായ അപർണ ബാലമുരളി തമിഴ് സിനിമയിലൂടെ ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയിരിക്കുകയാണ്. ‘സുരരൈ പോട്ര്’ എന്ന തമിഴ് സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം എങ്കിലും മലയാളത്തിനും അഭിമാനിക്കാം. താരത്തിന് അരങ്ങേറ്റത്തിന് അവസരം നൽകിയതിൽ.
ക്രീയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം കൊണ്ട് ആർക്കിടെക്ചർ പഠിച്ചശേഷം സിനിമയിലെത്തി നേട്ടങ്ങൾ കൊയ്ത അപർണ തന്റെ ദേശീയപുരസ്‌കാരം സുരരൈ പോട്ര് സംവിധായിക സുധ കൊങ്കരയ്ക്കാണ് സമർപ്പിക്കുന്നത്. ചിത്രത്തിന് ലഭിച്ച അംഗീകാരം മികച്ച ടീം വർക്കിന്റെ ഫലമെന്ന് അപർണ ബാലമുരളി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഒന്നുമറിയാതെയാണ് താൻ സിനിമയിലേക്ക് വന്നത് , ഇനിയും ഏറെ പഠിച്ച് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് നൽകണമെന്ന് ആഗ്രഹമുണ്ട്. സംവിധായിക സുധാ കൊങ്കരയുടെ നേതൃത്വ പാടവവും എടുത്തു പറയേണ്ടതാണ്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് തന്നെത്തേടി എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും അപർണ പറഞ്ഞു.
”ഞാൻ അത്യാഹ്ലാദത്തിലാണ്. ഉത്തരം എന്ന സിനിമയുടെ സെറ്റിലാണ്. ഈ ഒരു അനുഭവം തന്നെ ആദ്യമായിട്ടാണ്. നിങ്ങളെല്ലാം ഇവിടെയെത്തിയതിൽ അതിയായ സന്തോഷമുണ്ട്. രാവിലെ മുതലേ ടെൻഷൻ ഉണ്ടായിരുന്നു. അവാർഡ് കിട്ടണം എന്ന് സംവിധായിക സുധ മാമിനു വളരെയധികം ആഗ്രഹമുണ്ടായിരുന്നു. അത്രത്തോളം മാം ഇതിനു വേണ്ടി വർക്ക് ചെയ്തിട്ടുണ്ട്. സുധാ മാം എന്നിൽ അർപ്പിച്ച വിശ്വാസം കാരണമാണ് ഞാനിപ്പോ ഇവിടെ നിൽക്കുന്നത്. എന്റെ എല്ലാ നന്ദിയും സുധാ മാമിനാണ്. എനിക്ക് ഒരുപാട് സമയം തന്നിരുന്നു.’- അപർണ പുരസ്‌കാരം ലഭിച്ചതിന് തൊട്ടുപിന്നാലെ പ്രതികരിച്ചു.
ഇനിയും സിനിമ ഒരുപാട് പഠിക്കാനുണ്ട്. ഞാൻ വളരെ അപ്രതീക്ഷിതമായിട്ടാണ് ഈ ഒരു രംഗത്ത് വന്നത്. ‘ചേച്ചിക്ക് ഇതിനെപ്പറ്റി വലിയ ധാരണയില്ല’ എന്ന എന്റെ ഡയലോഗു പോലെ തന്നെയെന്ന് താരം സ്വയം ട്രോളുകയും ചെയ്യുന്നു. ഇനിയും ഒരുപാട് പഠിക്കണം നല്ല സിനിമകൾ ചെയ്യണം നല്ല കഥാപത്രങ്ങൾ ചെയ്യണം എന്നുണ്ട്. എല്ലാവർക്കും ഒരുപാട് നന്ദി- താരം പ്രതികരിച്ചു.
‘ഞാൻ സത്യം പറഞ്ഞാൽ വേറൊരു ലോകത്താണ്. ഈ സിനിമയ്ക്ക് വേണ്ടി നല്ല പരിശീലനം തന്നിരുന്നു. വിരുമാണ്ടി സാറാണ് എനിക്ക് മധുരൈ സ്ലാങ് പഠിപ്പിച്ചു തന്നത്. മധുരയിൽ നിന്നുള്ള ഒരു ചേച്ചി ഉണ്ടായിരുന്നു പിന്തുണയ്ക്ക്. വലിയൊരു ടീം വർക്കിന്റെ വിജയമാണ് സുരറൈ പോട്രെ. കപ്പലിന്റെ ക്യാപ്റ്റൻ സുധാ മാമിനാണ്. വളരെ പച്ചയായ ഒരു ദാമ്പത്യ ജീവിതമാണ് സുരറൈ പോട്രിൽ കാണിക്കുന്നത്. ഇങ്ങനെയൊരു ദമ്പതിമാരുടെ ജീവിതം പച്ചയായി ആവിഷ്‌കരിച്ചതിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്. മികച്ച ടീം വർക്കിന് കിട്ടിയ ഒരു സമ്മാനമായിട്ടാണ് ഞാൻ ഈ അവാർഡിനെ കാണുന്നത്.’- അപർണ പറയുന്നു.
ആർക്കിടെക്ചറായി കരിയർ ആരംഭിച്ച അപർണ ബാലമുരളി ചെറുപ്പം മുതലേ ക്രിയേറ്റിവ് ആയി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം കൊണ്ടാണ് ഈ ജോലി തിരഞ്ഞടെുത്തത്. കുട്ടിക്കാലം തൊട്ടെ അത്യാവശ്യം വരയ്ക്കുകയും ചെയ്യുമായിരുന്നെന്ന് താരം തന്നെ വെളിപ്പെടുത്തിയിരുന്നു. നല്ല വീടുകളോടും ഇഷ്ടമുണ്ട്. അങ്ങനെയാണ് ഉപരിപഠനത്തിനു ആർക്കിടെക്ച്ചർ തിരഞ്ഞെടുത്തത്.
വെബ്സൈറ്റിലും സോഷ്യല്‍ മീഡിയ പേജിലും വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേത് മാത്രമാണ്, അത് വേള്‍ഡ് മലയാളിയുടേത് അല്ല.