അമ്മയുടെ അധ്യക്ഷ പദവിയില്‍ ഇനി ഉണ്ടാവില്ലെന്ന് ഇന്നസെന്റ് എംപി

9

ചാലക്കുടി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ അധ്യക്ഷ പദവിയില്‍ ഇനിയില്ലെന്ന് നടനും എംപിയുമായ ഇന്നസെന്റ്. തനിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്. സ്ഥാനമൊഴിയുമെന്ന് നേരത്തെ പറഞ്ഞതാണ്. ഈ പദവി കഷ്ടപ്പെട്ട് നേടിയതല്ല. എല്ലാവരും ചേര്‍ന്ന് ഏല്‍പ്പിച്ചതാണെന്നും ഇന്നസെന്റ് പറഞ്ഞു.

ജൂലൈയില്‍ ചേരാനിരിക്കുന്ന ജനറല്‍ ബോഡിയില്‍ തന്റെ നിലപാട് വ്യക്തമാക്കും. സ്ഥാന മോഹമില്ല, അമ്മയുടെ അധ്യക്ഷ സ്ഥാനം കഷ്ടപ്പെട്ടു നേടിയതുമല്ല. മറ്റുള്ളവരുടെ സ്‌നേഹത്തോടെയുള്ള നിര്‍ബന്ധത്തിനു വഴങ്ങിയാണ് തുടരുന്നത്. താന്‍ രാജി വയ്ക്കുന്നതല്ല. എല്ലാത്തവണയും ജനറല്‍ ബോഡിയില്‍ ചോദിക്കുന്ന കാര്യം ഇത്തവണയും ആവര്‍ത്തിക്കും. തനിക്കു രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി.

Advertisements

എംപിയായതോടെ സിനിമാ സംഘടനയായ അമ്മ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഇന്നസെന്റ് ഒഴിഞ്ഞേക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അടുത്ത ജൂണില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു. തന്നേക്കാള്‍ യോഗ്യതയുള്ളവര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദിലീപിനുള്ള പങ്കുമായി ബന്ധപ്പെട്ട് ഇന്നസെന്റ് മൗനം പാലിച്ചത് ഏറെ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. നീണ്ട 17 വര്‍ഷം പ്രസിഡന്റായ ശേഷമാണ് ഇന്നസെന്റ് സ്ഥാനമൊഴിയുന്നത്. തുടര്‍ച്ചയായി നാല് തവണയാണ് ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്. 2015 മുതല്‍ 2018 വരെയാണ് നിലവിലുളള കമ്മിറ്റിയുടെ കാലാവധി.

അതേസമയം, അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തിന് ഇന്നസെന്റിന് പകരം വരാനുള്ള ആളെ കണ്ടെത്തുകയാകും അമ്മ ഭാരവാഹികളുടെ ഇനിയുള്ള വലിയ വെല്ലുവിളി. ഇന്നസെന്റിന്റെ അഭാവത്തില്‍ ഇടവേള ബാബുവാണ് സംഘടനയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് ഇടവേള ബാബുവിനെ പ്രസിഡന്റ് ആക്കാന്‍ തീരുമാനമുണ്ട്. എന്നാല്‍ പ്രായക്കുറവ് ഇടവേള ബാബുവിന് തിരിച്ചടിയാകുമെന്ന സൂചനയുമുണ്ട്. ഇന്നസെന്റിനെ പോലെ പ്രായമുള്ളൊരാള്‍ പദവിയില്‍ വരണമെന്നാണ് ചിലര്‍ പറയുന്നത്.

Advertisement